കയ്യിൽ കടിച്ചു, പട്ടികയ്ക്ക് അടിച്ചു; പിടികൂടാനെത്തിയ പൊലീസിനെ പ്രതിയും ഭാര്യയും ചേർന്ന് മർദിച്ചു; അറസ്റ്റിൽ

ഓട്ടോഡ്രൈവറെ തടഞ്ഞു നിർത്തി ആക്രമിച്ച ശേഷം പണമടങ്ങിയ പഴ്സ് തട്ടിയെടുത്തെന്ന പരാതി അന്വേഷിക്കാനാണ് പൊലീസ് എത്തിയത്

അറസ്റ്റിലായ ബിജുവും ഭാര്യ മഞ്ജുവും
Last Updated :20 January 2024, 8:57 am IST

കോട്ടയം; മോഷണക്കേസിൽ അറസ്റ്റു ചെയ്യാൻ എത്തിയ പൊലീസുകാരെ പ്രതിയും ഭാര്യയും ചേർന്നു മർദിച്ചു. സംഭവത്തിൽ താഴത്തുവടകര വെള്ളറക്കുന്ന് ചാരുപറമ്പിൽ ബിജുവും (50), ഭാര്യ മഞ്ജുവും (46) അറസ്റ്റിലായി. ഓട്ടോറിക്ഷാ ഡ്രൈവറെ ആക്രമിച്ച് പണം തട്ടിയെടുത്ത കേസിൽ ബിജുവിനെ പിടികൂടാൻ എത്തിയ പൊലീസ് സംഘമാണ് ആക്രമണത്തിന് ഇരയായത്. മർദനത്തിൽ പരുക്കേറ്റ കറുകച്ചാൽ സ്റ്റേഷനിലെ 3 പൊലീസുകാർ ചികിത്സയിലാണ്.

ഓട്ടോഡ്രൈവറെ തടഞ്ഞ് നിർത്തി ആക്രമിച്ച് മോഷണം

കങ്ങഴ മുണ്ടത്താനത്ത് ഓട്ടോഡ്രൈവറെ തടഞ്ഞു നിർത്തി ആക്രമിച്ച ശേഷം പണമടങ്ങിയ പഴ്സ് തട്ടിയെടുത്തെന്ന പരാതി അന്വേഷിക്കാനാണ് പൊലീസ് എത്തിയത്. മുണ്ടത്താനം പൂതുക്കുഴിയിൽ പ്രസാദാണ് ആക്രമണത്തിന് ഇരയായത്. ചൊവ്വാഴ്ച രാത്രി 8.30ന് മുണ്ടത്താനത്തിനു സമീപമായിരുന്നു സംഭവം. മുണ്ടത്താനത്തു നിന്ന് ഓട്ടം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന പ്രസാദിനെ മറ്റൊരു ഓട്ടോറിക്ഷയിലെത്തിയ ബിജു തടഞ്ഞുനിർത്തിയ ശേഷം ആക്രമിക്കുകയും പോക്കറ്റിൽ നിന്ന് 5,000 രൂപയടങ്ങിയ പഴ്സ് തട്ടിയെടുക്കുകയുമായിരുന്നു. കാലിനു പരുക്കേറ്റ പ്രസാദ് വിവരം കറുകച്ചാൽ പൊലീസ് സ്‌റ്റേഷനിൽ അറിയിച്ച ശേഷം പാമ്പാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

പട്ടികക്കഷ്ണവുമായെത്തി ആക്രമിച്ചത് മഞ്ജു

രാത്രി 9.30ന് കറുകച്ചാൽ പൊലീസ് ബിജുവിന്റെ വീട്ടിലെത്തി. പൊലീസിനെ കണ്ട് കടന്നുകളയാൻ ശ്രമിച്ച ബിജുവിനെ തടയുന്നതിനിടയിൽ സിപിഒ വിനീത്.ആർ.നായരുടെ കയ്യിൽ ബിജു കടിച്ചു. മറ്റുള്ള പൊലീസുകാർ ചേർന്ന് ബിജുവിനെ കീഴടക്കിയെങ്കിലും പട്ടികക്കഷ്ണവുമായെത്തിയ മഞ്ജു, സിപിഒമാരായ പി.ടി.ബിജുലാൽ, ബിബിൻ ബാലചന്ദ്രൻ എന്നിവരെ ആക്രമിച്ചു. വീണ്ടും കടന്നുകളയാൻ ശ്രമിച്ച ബിജുവിനെ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. പൊലീസിനെ ആക്രമിച്ചതിനു മഞ്ജുവിനെതിരെ മണിമല പൊലീസും പ്രസാദിനെ ആക്രമിച്ചു പണം തട്ടിയതിനു ബിജുവിനെതിരെ കറുകച്ചാൽ പൊലീസും കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now