'നവീന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചത് ഞാനല്ല'; പിപി ദിവ്യയുടെ വാദം തള്ളി കണ്ണൂര്‍ കലക്ടര്‍

എഡിഎമ്മിൻ്റെ യാത്രയയപ്പ് സമയം മാറ്റിയിട്ടില്ലെന്നും കലക്ടർ പറഞ്ഞു.

adm naveen babu death, updation
എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിൽ പിപി ദിവ്യ സംസാരിക്കുമ്പോൾസ്ക്രീൻഷോട്ട്
Last Updated :20 October 2024, 7:50 am IST
Edited by :Anju

കണ്ണൂർ: പിപി ദിവ്യയുടെ വാദം തള്ളി കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന്‍. എഡിഎം നവീൻ ബാബുവിന്‍റെ യാത്രയയപ്പ് യോ​ഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടർ പറഞ്ഞു. വകുപ്പ് തലത്തിൽ വിശദമായ അന്വേഷണം നടത്തുന്ന ലാൻഡ് റവന്യു വിഭാഗം ജോയിൻ്റ് കമ്മീഷണർക്ക് നൽകിയ മൊഴിയിൽ കലക്ടർ ഇക്കാര്യം വ്യക്തമാക്കി. എഡിഎമ്മിൻ്റെ യാത്രയയപ്പ് സമയം മാറ്റിയിട്ടില്ലെന്നും കലക്ടർ പറഞ്ഞു. ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് സ്റ്റാഫ് കൗൺസിലും കമ്മീഷണർക്ക് മൊഴി നൽകി.

നവീൻ ബാബുവിന്‍റെ ആത്മഹത്യയിൽ വകുപ്പ് തല അന്വേഷണ റിപ്പോർട്ട്‌ രണ്ട് ദിവസത്തിനകം സ‍ർക്കാരിന് സമ‍ർപ്പിക്കുമെന്നാണ് വിവരം. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീത ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. യാത്രയയപ്പ് യോഗത്തിലും അതിന് ശേഷവും നടന്ന കാര്യങ്ങൾ, പെട്രോൾ പമ്പിന് അനുമതി നൽകിയതിൽ ഫയൽ നീക്കം വൈകിയോ, കൈക്കൂലി ആരോപണത്തിന്റെ നിജസ്ഥിതി എന്നിവയാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്.

പെട്രോൾ പമ്പിന് അനുമതി നൽകിയതിൽ പ്രശാന്തിന്‍റെ മൊഴിയുമെടുത്തു. എന്നാൽ കേസിൽ പ്രതിയായ പിപി ദിവ്യയെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. ദിവ്യയുടെ മുൻ‌കൂർ ജാമ്യഹർജി കോടതി നാളെ പരിഗണിക്കും. വിവാദങ്ങൾക്കിടെ ഇന്നലെ രാത്രി കണ്ണൂർ കലക്ടർ മുഖ്യമന്ത്രിയെ പിണറായിയിലെ വീട്ടിലെത്തി നേരിട്ട് കണ്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now