മഞ്ചേശ്വരത്ത് പൊലീസ് വാഹനത്തിന് നേരെ അജ്ഞാത സംഘത്തിന്റെ വെടിവയ്പ്; വാഹനത്തില്‍ വെടിയുണ്ടകള്‍ പതിച്ചു

മഞ്ചേശ്വരത്ത് പൊലീസ് വാഹനത്തിന് നേരെ അജ്ഞാതസംഘത്തിന്റെ വെടിവയ്പ്

അജ്ഞാത സംഘം പൊലീസ് വാഹനത്തിന് നേരെ വെടിയുതിര്‍ത്ത മിയാപദവ്
Last Updated :20 January 2024, 8:42 am IST

കാസര്‍കോട്: മഞ്ചേശ്വരത്ത് പൊലീസ് വാഹനത്തിന് നേരെ അജ്ഞാതസംഘത്തിന്റെ വെടിവയ്പ്. പൊലീസ് വാഹനത്തില്‍ വെടിയുണ്ടകള്‍ പതിച്ചു. ആര്‍ക്കും പരിക്കില്ല. രക്ഷപ്പെട്ട് ഓടിയ സംഘത്തിലെ മൂന്ന് പേരെ കര്‍ണാടക പൊലീസ് പിടികൂടിയതായാണ് വിവരം.

ഇന്നലെ രാത്രി ഒന്‍പതരയ്ക്ക് മിയാപദവില്‍ വച്ചാണ് സംഭവം. നാട്ടുകാര്‍ക്ക് നേരേ തോക്കുചൂണ്ടി അജ്ഞാത സംഘം ഭീഷണിപ്പെടുത്തിയതായി വിവരം ലഭിച്ച് സ്ഥലത്തെത്തിയ പൊലീസുകാര്‍ക്ക് നേരെയാണ് അക്രമിസംഘം വെടിയുതിര്‍ത്തത്. ഇതിന് പിന്നാലെ രണ്ടായി തിരിഞ്ഞ സംഘത്തില്‍ മൂന്ന് പേരെയാണ് കര്‍ണാടക പൊലീസ് പിടികൂടിയത്. അതിര്‍ത്തി കടന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ, കര്‍ണാടക പൊലീസുമായി ഏറ്റുമുട്ടല്‍ ഉണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമികളെ അമര്‍ച്ച ചെയ്യുന്നതിനിടെയാണ് മൂന്ന് പേരെ കര്‍ണാടക പൊലീസ് പിടികൂടിയത് എന്നാണ് വിവരം. സംഘത്തിലെ മറ്റുള്ളവര്‍ കാസര്‍കോട് ഭാഗത്ത് തന്നെ ഉണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ അക്രമികള്‍ക്കായി വ്യാപകമായ തെരച്ചില്‍ നടത്തുകയാണ് പൊലീസ്.

തെരഞ്ഞെടുപ്പ് അടുത്തതോടെ, ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതിനുള്ള പ്രവര്‍ത്തനം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഒരാഴ്ച മുന്‍പ് മുംബൈ അധോലോകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു സംഘത്തെ പൊലീസ് പിടികൂടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നാട്ടുകാര്‍ക്ക് നേരെ തോക്കുചൂണ്ടി അക്രമിസംഘം ഭീഷണി മുഴക്കിയത്. പൊലീസ് സ്ഥലത്തെത്തിയത് അറിഞ്ഞ് അക്രമി സംഘം വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. വാഹനം കണ്ടെടുക്കുന്നതിനിടെയാണ് പൊലീസിന് നേരെ അക്രമി സംഘം വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now