'സ്വകാര്യ ഭാഗങ്ങളിൽ ഉണങ്ങാത്ത മുറിവ്'- അനന്യയെ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ ചോദ്യം ചെയ്യും; പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി

അനന്യകുമാരി അലക്‌സ്/ഫെയ്‌സ്ബുക്ക്
Last Updated :20 January 2024, 8:47 am IST

News Now

കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊലീസിനു കൈമാറി. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സ്വകാര്യ ഭാഗങ്ങളിൽ ഉണങ്ങാത്ത മുറിവുണ്ടായിരുന്നു എന്ന വിവരം പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. എന്നാൽ അനന്യയുടേത് ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. 

അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ വിശദമായ പോസ്റ്റുമോർട്ടമാണ് നടത്തിയത്. എറണാകുളം മെഡിക്കൽ കോളജിൽ ഫോറൻസിക് വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സംഘമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 

ചികിത്സാ പിഴവ് സംഭവിച്ചു എന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിനായി പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരുമായി പൊലീസ് സംസാരിക്കും. തിങ്കളാഴ്ച കളമശ്ശേരി മെഡിക്കൽ കോളജിലെത്തി വിശദമായി വിവരങ്ങൾ തേടാനാണ് തീരുമാനം. അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെയും പൊലീസ് ചോദ്യം ചെയ്യും. തിങ്കളാഴ്ച ആശുപത്രിയിൽ എത്തിയാകും ഡോക്ടറിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിയുക. 

ചൊവ്വാഴ്ച രാത്രിയാണ് ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ അനന്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ അനന്യ കുമാരി അലക്‌സിന്റെ പങ്കാളിയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം സ്വദേശി ആറ്റുവരമ്പത്ത് ജിജു രാജിനെയാണ് വെള്ളിയാഴ്ച ഉച്ചയോടെ വൈറ്റില തൈക്കുടത്തെ സുഹൃത്തിന്റെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates