അനില്‍ അക്കര അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

അടുത്ത രണ്ട് വര്‍ഷം പിജെ സണ്ണി പഞ്ചായത്ത് പ്രസിഡന്റാകും

anil akkara
അനില്‍ അക്കരFile
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :30 ജൂൺ 2026, 9:05 pm IST

തൃശ്ശൂര്‍: അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും അനില്‍ അക്കര രാജിവെച്ചു. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും, പുതിയ നേതാക്കള്‍ക്ക് അവസരം നല്‍കുന്നതിന് പാര്‍ട്ടിയിലുണ്ടാക്കിയ മുന്‍കൂര്‍ ധാരണയുടെയും അടിസ്ഥാനത്തിലാണ് രാജിയെന്നാണ് വിശദീകരണം.

രണ്ട് പ്രധാന സ്ഥാനങ്ങള്‍ ഒരേസമയം കൊണ്ടുപോകുന്നത് പ്രായോഗികമല്ലെന്ന് അനില്‍ അക്കര വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പകരം ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാനാണ് താന്‍ താല്‍പര്യപ്പെട്ടിരുന്നതെന്നും, ആ വിശ്വാസം ഉള്‍ക്കൊണ്ടാണ് പാര്‍ട്ടി തന്നെ അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുത്തതെന്നും രാജിക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.

പുതിയ നേതാക്കള്‍ക്ക് അവസരം ലഭിക്കണമെന്ന പാര്‍ട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് അനില്‍ അക്കരയുടെ രാജി. താന്‍ പ്രസിഡന്റായി തുടര്‍ന്നാല്‍ മറ്റ് രണ്ട് സഹപ്രവര്‍ത്തകര്‍ക്ക് ആ അവസരം ലഭിക്കാന്‍ വീണ്ടും വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി ധാരണ പ്രകാരം, അടുത്ത രണ്ട് വര്‍ഷം 20ാം വാര്‍ഡ് മെമ്പര്‍ പിജെ സണ്ണി പഞ്ചായത്ത് പ്രസിഡന്റാകും. ശേഷിക്കുന്ന കാലയളവില്‍ 9ാം വാര്‍ഡ് മെമ്പറായ ടിഡി വില്‍സണ്‍ ആയിരിക്കും പ്രസിഡന്റ് പദവി വഹിക്കുക.

പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും 15ാം വാര്‍ഡായ സംസ്‌കൃതം കോളജ് വാര്‍ഡിലെ ജനപ്രതിനിധിയായി അനില്‍ അക്കര തുടരും. പ്രസിഡന്റ് എന്നതും മെമ്പര്‍ എന്നതും തനിക്ക് സ്ഥാനങ്ങള്‍ മാത്രമാണെന്നും, ജനങ്ങളോടൊപ്പം കൂടുതല്‍ സജീവമായി നാടിന്റെ വികസനത്തിനായി താന്‍ ഉണ്ടാകുമെന്നും അനില്‍ അക്കര പറഞ്ഞു.

News Now

Summary

Anil Akkara resigns from the post of Adat Panchayat President

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates