അരി മോഷ്ടിച്ചതിന് മധുവിന് 'ശിക്ഷ' മരണം; മധുവിനെ കൊന്നവരുടെ ശിക്ഷ ഇന്നറിയാം

മധുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെന്ന് കണ്ടെത്തിയ 14 പേരുടെ ശിക്ഷാവിധി ഇന്ന്. 

മധു/ ഫയല്‍
Last Updated :20 January 2024, 9:18 am IST

പാലക്കാട്: അട്ടപ്പാടിയില്‍ അരി മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെന്ന് കണ്ടെത്തിയ 14 പേരുടെ ശിക്ഷാവിധി ഇന്ന്. ഇന്നലെ മണ്ണാര്‍ക്കാട് എസ്‌സി എസ്ടി കോടതിയാണ് കേസിൽ വിധി പറ‍ഞ്ഞത്. ഹുസൈന്‍, മരയ്ക്കാര്‍, ഷംസുദ്ദീന്‍, രാധാകൃഷ്ണന്‍, അബൂബക്കര്‍, സിദ്ദിഖ്, ഉബൈദ്, നജീബ്, ജൈജുമോന്‍, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീര്‍ എന്നിവരാണ് കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയത്. രണ്ടു പേരെ വെറുതെവിട്ടു. മനപ്പൂര്‍മല്ലാത്ത നരഹത്യാക്കുറ്റം ഇവര്‍ക്കെതിരെ തെളിഞ്ഞത്. 

പ്രതിക്കൂട്ടിൽ നിന്നിരുന്ന ഓരോ പ്രതിയെയും അടുത്തു വിളിച്ചാണു കുറ്റകൃത്യം വായിച്ചു കേൾപ്പിച്ചത്. കടുത്ത ശിക്ഷ വിധിക്കരുതെന്നു പ്രതികൾ അപേക്ഷിച്ചു. ജഡ്ജി കെ എം രതീഷ്കുമാർ ഇന്നു ശിക്ഷ പ്രഖ്യാപിക്കും. മനഃപൂർവമല്ലാത്ത നരഹത്യക്ക് പുറമേ അന്യായമായി സംഘം ചേരൽ, മർദനം, പട്ടികജാതി–പട്ടികവർഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമത്തിലെ വകുപ്പ് അനുസരിച്ചും പ്രതികൾ കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. മധുവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം പ്രതികള്‍ക്ക് ഇല്ലായിരുന്നുവെന്നാണ് കോടതി വിലയിരുത്തിയത്. 

16-ാം പ്രതിക്കെതിരെ മൂന്നു മാസം തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് തെളിഞ്ഞിട്ടുള്ളത്. ഇത് ഇതിനകം അനുഭവിച്ചു തീര്‍ത്തതിനാല്‍ പതിനാറാം പ്രതിയെ ഇന്ന് മോചിപ്പിക്കും.‌ കൊലപാതകക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ല. നാലാം പ്രതി അനീഷ്, 11–ാം പ്രതി സിദ്ദീഖ് എന്നിവരെയാണു വിട്ടയച്ചത്. ഇതിനെതിരെ അപ്പീൽ നൽകുമെന്നു മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും പറഞ്ഞു. ‌

അട്ടപ്പാടി ചിണ്ടേക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകനാണ് മധു. 2018 ഫെബ്രുവരി 22ന് കള്ളനെന്ന് ആരോപിച്ചു കാട്ടിൽനിന്നു മധുവിനെ പിടിച്ചുകൊണ്ടുവന്ന് മുക്കാലിയിലെത്തിച്ചു പൊലീസിനു കൈമാറുകയായിരുന്നു. മധുവിനെ കാട്ടിൽ നിന്ന് പിടികൂടി വരുന്നതിന്റെ ദൃശ്യങ്ങൾ പ്രതികളിൽ ചിലർ തന്നെ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. പൊലീസ് മധുവിനെ അഗളിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോഴേക്കു മധു മരിച്ചു. പ്രതികളുടെ ആക്രമണത്തിലേറ്റ പരുക്കു മൂലം മരിച്ചെന്നാണ് കേസ്. മധു കൊല്ലപ്പെട്ട് അഞ്ചു വര്‍ഷത്തിനു ശേഷമാണ് മണ്ണാര്‍ക്കാട് എസ്‌സി എസ്ടി കോടതി കേസില്‍ വിധി പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now