സദ്യയ്‌ക്കൊപ്പം 'ഭാഗ്യവും' വിളമ്പി; കല്യാണത്തിന് വന്നവര്‍ക്ക് 'കാരുണ്യ ലോട്ടറി' സമ്മാനിച്ച് കുടുംബം

Karunya Lottery
Karunya Lotteryപ്രതീകാത്മക ചിത്രം
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :30 ഏപ്രിൽ 2026, 8:46 am IST

തിരുവനന്തപുരം: കല്യാണത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ എന്തായിരിക്കും മനസിലുണ്ടാവുക? സദ്യ കഴിക്കണം, വധുവരന്മാര്‍ക്ക് ആശംസ അറിയിക്കണം, ഇതൊക്കെയായിരിക്കും. അത് തന്നെയായിരുന്നു ബുധാനാഴ്ച ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹസത്കാരത്തിന് പോയവരുടേയും മനസില്‍. എന്നാല്‍ അവരെ കാത്തിരുന്നത് ഒരു സര്‍പ്രൈസായിരുന്നു.

കല്യാണവും കൂടി സദ്യയും കഴിച്ച് മടങ്ങുന്നവരുടെ കയ്യിലെല്ലാം ഭാഗ്യപരീക്ഷണത്തിനുള്ള അവസരം കൂടിയുണ്ടായിരുന്നു. ചില്ലറ ഭാഗ്യ പരീക്ഷണമൊന്നുമല്ല, കോടിപതി ആകാന്‍ വരെയുള്ള സാധ്യതയാണ് അവര്‍ക്ക് മുന്നിലുണ്ടായിരുന്നത്. ഹെതര്‍ ഹോംസ് ഉടമ മരുതുംകുഴി കുടുംബത്തില്‍ എസ്എം രാജീവിന്റേയും സചിത്രയുടേയും മകള്‍ സമൃദ്ധിനിയുടെ വിവാഹത്തിലായിരുന്നു കൗതുകമുണര്‍ത്തിയ ഈ റിട്ടേണ്‍ ഗിഫ്റ്റ്.

സമൃദ്ധിനിയുടേയും കരമന നെടുങ്കാട് ശാന്ത്രിശ്രീയില്‍ സുരേഷ് തമ്പിയുടേയും സിന്ധുവിന്റേയും മകന്‍ പത്മനാഭന്‍ തമ്പിയുടേയും വിവാഹമാണ് കൗതുകത്തിന് വേദിയായത്. സദ്യക്കൊടുവിലായി ചെറിയൊരു വെള്ളക്കവറിലായി അതിഥിക്കള്‍ക്ക് 'വിളമ്പിയത്' കാരുണ്യ പ്ലസ് ലോട്ടറിയുടെ രണ്ട് ടിക്കറ്റുകളാണ്. ഇന്ന് നറുക്കെടുക്കുന്ന ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. അതിഥികള്‍ക്ക് ലോട്ടറി നല്‍കുന്നത് രാജീവ് ഒരു ശീലമാക്കിയിരിക്കുകയാണ്. നേരത്തെ തന്റെ ഗൃഹപ്രവേശനത്തിന് എത്തിയവര്‍ക്കും രാജീവ് ലോട്ടറി ടിക്കറ്റ് സമ്മാനിച്ചിരുന്നു. അന്ന് പലര്‍ക്കും 50000 രൂപ ലഭിക്കുകയും ചെയ്തു.

വിവാഹത്തിന് വന്ന അതിഥികള്‍ക്ക് നല്‍കാനായി താന്‍ ആറായിരത്തോളം ലോട്ടറിയാണ് വാങ്ങിയതെന്നാണ് രാജീവ് പറയുന്നത്. കാരണ്യ ലോട്ടറിയുടെ ലക്ഷ്യം പാവപ്പെട്ടവരുടെ ചികിത്സയാണ്. അതും തന്റെ തീരുമാനത്തിന് കാരണമായെന്നാണ് രാജീവ് പറയുന്നത്. എന്തായാലും ഒരു നാടാകെ കാത്തിരിക്കുകയാണ് ഇപ്പോള്‍, ഭാഗ്യദേവത തങ്ങളില്‍ ആരെ തേടിയെത്തുമെന്നറിയാന്‍.

News Now

Summary

Builder gives Karunya Lottery tickets as returns gift for guest in his daughter's marriage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics