വന്നത് ജ്വല്ലറിയിൽ കയറി മോഷ്ടിക്കാൻ; വെന്റിലേറ്റർ പൊളിച്ച് ഇറങ്ങിയത് തുണിക്കടയുടെ ശുചിമുറിയിൽ; കള്ളന് പിന്നെ സംഭവിച്ചത്

Last Updated :20 January 2024, 8:33 am IST

News Now

തിരുവനന്തപുരം: മോഷ്ടാവിന്റെ കണക്കുകൂട്ടൽ തെറ്റിയതിനെ തുടർന്ന് ജ്വല്ലറിയിൽ മോഷണം നടത്താനുള്ള ശ്രമം  പൊളിഞ്ഞു. കരമന– കളിയിക്കാവിള ദേശീയപാതയിൽ ബാലരാമപുരം ജം​ഗ്‌ഷന് സമീപം വിഴിഞ്ഞം റോഡിൽ ഞായറാഴ്ച പുലർച്ചെ ഒന്നര മണിയോടെയാണ് സംഭവം. 

ജ്വല്ലറിക്കു പിന്നിലെ ശുചിമുറിയുടെ വെന്റിലേറ്ററെന്നു കരുതി മോഷ്ടാവ് ഇളക്കിമാറ്റി ഇറങ്ങിയത് സമീപത്തെ തുണിക്കടയിലായിരുന്നു. ഇതോടെയാണ് മോഷണ ശ്രമം പൊളിഞ്ഞത്. പുറത്തു നിന്നു നോക്കിയാൽ ജ്വല്ലറിയുടേതെന്ന് തോന്നിക്കുന്നതാണ് ശുചിമുറി.

മോഷണ ശ്രമം പൊളിഞ്ഞതോടെ പൊളിച്ചിറങ്ങിയ വെന്റിലേറ്ററിലൂടെ തന്നെ മോഷ്ടാവ് പുറത്തു കടന്നു. ദേശീയപാതയ്ക്കരികിലെ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപമാണ് മോഷണ ശ്രമം നടന്നത്. സിസിടിവി ദൃശ്യം ശേഖരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. ഒരാളാണ് മോഷണ ശ്രമത്തിന് പിന്നിലെന്ന് കരുതുന്നു. തുണിക്കടയിൽ നിന്ന് യാതൊന്നും നഷ്ടപ്പെട്ടിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates