വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് യോഗി ആദിത്യനാഥിന് അയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:43 am IST

News Now

തിരുവനന്തപുരം: രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട് ഉത്തര്‍പ്രദേശില്‍ ജയിലില്‍ കഴിയുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. യുപിയിലെ ആശുപത്രിയില്‍ ചികിത്സ നിഷേധിക്കുന്നുവെന്നും കോവിഡ് രോഗിയായ അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുന്നുവെന്നും സിദ്ദിഖ് കാപ്പന്റെ മോചനത്തിനായി മുഖ്യമന്ത്രി ഇടപെടണമെന്നും ഭാര്യ റെയ്ഹാനത്ത് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് യോഗി ആദിത്യനാഥിനോട് പിണറായി വിജയന്‍ ആവശ്യപ്പെട്ടത്.

വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് യോഗി ആദിത്യനാഥിന് അയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജനങ്ങള്‍ക്കും മാധ്യമസമൂഹത്തിനും ആശങ്കയുണ്ടെന്നും വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും പിണറായി വിജയന്‍ കത്തില്‍ ചൂണ്ടിക്കാട്ടി. 
 കാപ്പന് ചികിത്സ നിഷേധിക്കുന്നുവെന്നും കോവിഡ് രോഗിയായ അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നുമാണ് റെയ്ഹാനത്ത് മാധ്യമങ്ങളോട് പറഞ്ഞത്.

ആശുപത്രി കട്ടിലില്‍ ചങ്ങലകൊണ്ട് കെട്ടിയിട്ടിരിക്കുകയാണ്. നാല് ദിവസമായി ഭക്ഷണം പോലും ലഭിക്കുന്നില്ല. ചങ്ങലകൊണ്ട് കെട്ടിയിരിക്കുന്നതിനാല്‍ ശുചിമുറിയില്‍ പോകാന്‍ പോലും കഴിയുന്നില്ലെന്ന് റെയ്ഹാനത്ത് പറയുന്നു. അദ്ദേഹത്തിന്റെ ജീവന്‍ അത്രയധികം അപകടത്തിലാണ്.ഇപ്പോഴെങ്കിലും മുഖ്യമന്ത്രി മനുഷ്യത്വപരമായി ഇടപെടണം. മാധ്യമപ്രവര്‍ത്തകന്റെ ചികിത്സയ്ക്കായി മുഖ്യമന്ത്രി എന്ന നിലയില്‍ ഒരു കത്തെങ്കിലും അയക്കാമായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞല്ലോ. ഇനിയെങ്കിലും ഭയപ്പെടാതെ മുഖ്യമന്ത്രിക്ക് സംസാരിക്കാമല്ലോയെന്നും ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം സിദ്ദിഖ് കാപ്പന് കോവിഡ് സ്ഥിരീകരിച്ചിരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates