തുടര്‍ച്ചയായ അവഹേളനവും അധിക്ഷേപവും; ഇനിയും സിപിഐ സിപിഎമ്മിനെ ചുമക്കുന്നതെന്തിന്?: കെ സുധാകരന്‍

ഇ ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ ബിജെപി പ്രതികള്‍ക്കായി സിപിഎം നടത്തിയ ഒത്തുകളി പുറത്തായ സഹാചര്യത്തില്‍, കൂടുതല്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താന്‍ സിപിഐ നേതൃത്വം തയാറാകണമെന്ന് കെ സുധാകരന്‍

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ / ഫയല്‍
Last Updated :20 January 2024, 9:16 am IST


തിരുവനന്തപുരം: മുന്‍ മന്ത്രി ഇ ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ ബിജെപി, ആര്‍എസ്എസ് പ്രതികള്‍ക്കായി സിപിഎം നടത്തിയ ഒത്തുകളി പുറത്തായ സഹാചര്യത്തില്‍, കൂടുതല്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താന്‍ സിപിഐ നേതൃത്വം തയാറാകണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കേരള കോണ്‍ഗ്രസ്  ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിന്റെ ഭാഗമായതു മുതല്‍ സിപിഐയെ മുന്നണിയിലും പൊതുജന മധ്യത്തിലും കൊച്ചാക്കി കാണിക്കാനുള്ള ബോധപൂര്‍വമായ നിരവധി ശ്രമങ്ങള്‍ സിപിഎം നടത്തിയിട്ടുണ്ടെന്ന് സുധാകരന്‍ പറഞ്ഞു. സിപിഐയുടെ വകുപ്പുകളില്‍ മുഖ്യമന്ത്രി കൈകടത്തുന്നതും അവരുടെ വകുപ്പുകള്‍ക്കെതിരെ സിപിഎം പ്രതിഷേധം സംഘടിപ്പിക്കുന്നതുമെല്ലാം അതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയത്ത് പാലാ നഗരസഭാ അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കേരള കോണ്‍ഗ്രസിന് വഴങ്ങിയ സിപിഎമ്മാണ് സിപിഐയെ തള്ളിപ്പറഞ്ഞത്. തുടര്‍ച്ചയായി അധിക്ഷേപവും അവഹേളനവും ഉണ്ടായിട്ടും സിപിഐ സിപിഎമ്മിനെ ചുമക്കുന്നതെന്തിനെന്ന് മനസിലാകുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

ബിജെപി പ്രവര്‍ത്തകര്‍ക്കു വേണ്ടി സിപിഐ നേതാവ് ഇ ചന്ദ്രശേഖരനെ തള്ളിപ്പറഞ്ഞതിനു പിന്നില്‍ സിപിഎം ഉന്നത നേതാക്കളുടെ ഇടപെടലുണ്ടായിട്ടുണ്ട്. കാഞ്ഞങ്ങാട് തെരഞ്ഞെടുപ്പിലെ വിജയാഹ്ലാദത്തിനിടെയാണ് 2016ല്‍ അദ്ദേഹത്തെ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. അന്ന് അദ്ദേഹത്തോടൊപ്പം വാഹനത്തില്‍ സഞ്ചരിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗവും മറ്റൊരു ലോക്കല്‍ കമ്മിറ്റി അംഗവും പൊലീസിന് ഒപ്പിട്ടു നല്‍കിയ മൊഴികളില്‍ ബിജെപി പ്രവര്‍ത്തകരുടെ പേരുള്‍പ്പടെ പറഞ്ഞിരുന്നു. എന്നാല്‍ ബിജെപിയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് സിപിഎം മൊഴി അട്ടിമറിച്ചത്. വധശ്രമക്കേസില്‍നിന്നും സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെ 11 പേരെ രക്ഷിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ അടുത്തിടെ വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു. ഇതില്‍നിന്ന് തന്നെ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഗാഢമായ ബന്ധം വ്യക്തമാണ് -സുധാകരന്‍ പരിഹസിച്ചു.

സിപിഎമ്മും ആര്‍എസ്എസും പരസ്പര സഹായ സഹകരണ സംഘങ്ങളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന് ഒടുവിലത്തെ ഉദാഹരണമാണ് ഈ കൂറുമാറ്റം. സംഘപരിവാരങ്ങള്‍ക്കു വിടുപണി ചെയ്യുന്ന സിപിഎം ന്യൂനപക്ഷരക്ഷാ കവചം സ്വയം ചാര്‍ത്തി അവരെ തുടര്‍ച്ചയായി വഞ്ചിക്കുകയാണ്. കേരളത്തില്‍ ആര്‍എസ്എസിന്റെ സംരക്ഷകര്‍ സിപിഎമ്മാണ്. അതിനാലാണ് എല്‍ഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയുടെ നേതാവ് ഇ.ചന്ദ്രശേഖരനെ ആക്രമിച്ച ബിജെപിക്കും ആര്‍എസ്എസിനും വേണ്ടി മുന്നണി മര്യാദപോലും പാലിക്കാതെ സിപിഎം നേതാക്കള്‍ കോടതിയില്‍ കൂറുമാറിയത്- സുധാകരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now