ബിജെപി കൗണ്‍സിലര്‍ സുഗതന് ജാമ്യമില്ല, അപേക്ഷകള്‍ തള്ളി കോടതി; അയോഗ്യതയ്ക്ക് സാധ്യത

കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ് സുഗതന്‍

Sugathan
സുഗതന്‍ പൊലീസ് കസ്റ്റഡിയില്‍ ടിവി ദൃശ്യം
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :4 ജൂലൈ 2026, 6:21 pm IST

തിരുവനന്തപുരം: കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി. മാര്‍ച്ചില്‍ വട്ടിയൂര്‍ക്കാവ് വെള്ളക്കടവ് ജംക്ഷനില്‍ വച്ച് അരുവിപ്പുറം കുളുമല സ്വദേശി പ്രശാന്തിനെ മര്‍ദിച്ചതാണ് ഒരു കേസ്. കഴിഞ്ഞമാസം കാപ്പ കേസില്‍ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ ആക്രമിച്ചതാണ് രണ്ടാമത്തെ കേസ്. കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ് സുഗതന്‍.

കാപ്പ ചുമത്തി വിയ്യൂര്‍ ജയിലിലടച്ച സുഗതന് ജാമ്യം ലഭിച്ചാലും പ്രത്യേകിച്ച് ഗുണം ഉണ്ടാവുകയില്ല. ക്ഷേത്രോത്സവത്തിനിടയിലെ കൊലപാതക ശ്രമവുമായി ബന്ധപ്പെട്ട കേസില്‍ തെളിവുശേഖരണത്തിനായി പോലീസ് സുഗതനെ തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. തെളിവെടുപ്പ് പൂര്‍ത്തിയാക്കി, വീണ്ടും വിയ്യൂര്‍ ജയിലില്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്. കേസില്‍ ജാമ്യം ലഭിച്ചാലും സുഗതന് പുറത്തിറങ്ങാന്‍ കഴിയില്ല.

അതേസമയം സുഗതന്റെ രാഷ്ട്രീയഭാവിയെപ്പറ്റിയും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. നിലവില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറാണ് സുഗതന്‍. എന്നാല്‍, തുടര്‍ച്ചയായി മൂന്ന് കൗണ്‍സിലില്‍ പങ്കെടുക്കാതിരുന്നാല്‍ സുഗതന് അയോഗ്യത നേരിടേണ്ടിവരും. അങ്ങനെ വരുമ്പോള്‍, കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാരുടെ അംഗസംഖ്യയില്‍ കുറവുണ്ടാകും. വിവി രാജേഷിന്റെ നേതൃത്വത്തില്‍ കോര്‍പറേഷന്‍ ഭരിക്കുന്ന ബിജെപിയുടെ അംഗസംഖ്യ 51 ആണ്.

കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിനിടെ വലിയ സംഘര്‍ഷമുണ്ടായിരുന്നു. സുഗതന് ഒപ്പിടാനായി അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ മാറ്റിവെച്ചെന്ന് ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് ബിജെപി അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇനി രണ്ട് കൗണ്‍സില്‍ യോഗം കൂടി നടക്കാനുണ്ട്. സുഗതന്റെ സത്യപ്രതിജ്ഞ അസാധുവാക്കി കോടതി ഉത്തരവും ഇതിനിടെ വന്നിരുന്നു. സുഗതന്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. അടുത്ത കൗണ്‍സില്‍ യോഗത്തിനുമുമ്പ് ജാമ്യം നേടിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു സുഗതന്‍.

News Now

Summary

Court Rejected BJP Councilor R Sugathan's Bail Plea; May face Disqualification

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates