കീഴ്‌വഴക്കങ്ങള്‍ മാറണം; സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ എല്‍ഡിഎഫിന് ഈ ഗതി വരില്ലായിരുന്നു: പിപി സുനീര്‍

പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലി എല്‍ഡിഎഫില്‍ ഭിന്നത രൂക്ഷം

pp suneer, pinarayi vijayan
പിപി സുനീര്‍, പിണറായി വിജയന്‍
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :5 ജൂലൈ 2026, 12:31 pm IST

തിരുവനന്തപുരം: ഇടതുമുന്നണിയിലെ പരമ്പരാഗത കീഴ്വഴക്കങ്ങളില്‍ മാറ്റം വരുത്താന്‍ സമയമായെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പിപി സുനീര്‍. മുന്നണി സംവിധാനത്തിനകത്ത് മുന്‍പ് പലപ്പോഴായി സിപിഐ ഉന്നയിച്ച നിലപാടുകളും മുന്നറിയിപ്പുകളും ഗൗരവത്തോടെ കേട്ടിരുന്നെങ്കില്‍ ഇടതുപക്ഷത്തിന് ഇന്ന് ഈ രാഷ്ട്രീയ തിരിച്ചടി നേരിടേണ്ടി വരില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലി എല്‍ഡിഎഫില്‍ ഭിന്നത രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് സിപിഐ നിലപാട് കടുപ്പിച്ചത്.

എന്നാല്‍, ഈ തര്‍ക്കങ്ങള്‍ കഴിഞ്ഞ അധ്യായമാണെന്നും ഇതില്‍ ഇനി ആരും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. പിണറായിയുടെ ഈ പ്രസ്താവനയ്‌ക്കെതിരെയും സുനീര്‍ രംഗത്തെത്തി. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെക്കുറിച്ചുള്ള പിണറായിയുടെ വ്യക്തിപരമായ അഭിപ്രായമാണോ, അതോ സിപിഎമ്മിന്റെ ഔദ്യോഗിക നിലപാടാണോ ഇതെന്നാണ് സിപിഐ ചോദിക്കുന്നത്. മുന്നണി മര്യാദകള്‍ പാലിച്ച് ചര്‍ച്ചകളിലൂടെ വേണം ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതെന്ന സൂചനയാണ് സിപിഐ നല്‍കുന്നത്.

അതേസമയം, പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയെന്ന നിലയില്‍ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനം തങ്ങള്‍ക്ക് തന്നെ അവകാശപ്പെട്ടതാണെന്ന നിലപാടിലാണ് സിപിഎം. ഈ പദവി വിട്ടുകൊടുത്തുകൊണ്ടുള്ള യാതൊരുവിധ വിട്ടുവീഴ്ചകള്‍ക്കും പാര്‍ട്ടി തയ്യാറല്ലെന്ന സൂചനയാണ് സിപിഎം കേന്ദ്രങ്ങള്‍ നല്‍കുന്നത്. തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ മുന്നണിക്കുള്ളില്‍ തിരുത്തല്‍ നടപടികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ്, പദവികളെച്ചൊല്ലി സിപിഎം - സിപിഐ തര്‍ക്കം വീണ്ടും പരസ്യമാകുന്നത്. വരും ദിവസങ്ങളില്‍ മുന്നണി യോഗങ്ങളില്‍ ഈ വിഷയം വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുമെന്നുറപ്പാണ്.

CPI's PP Suneer criticises Pinarayi Vijayan over his stance on deputy opposition leader

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now