നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ഒ രാജഗോപാലിന് എതിരെ സൈബര്‍ ആക്രമണം 

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:43 am IST

News Now


നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ഒ രാജഗോപാലിന് എതിരെ സൈബര്‍ ആക്രമണം. ബിജെപിയുടെ തോല്‍വിയിലേക്ക് നയിച്ചതിന് പിന്നില്‍ ഒ രാജഗോപാലിനും പങ്കുണ്ടെന്ന് ആരോപിച്ചാണ് ഒരുവിഭാഗം സംഘപരിവാര്‍  പ്രൊഫൈലുകള്‍ നേതാവിന് എതിരെ തിരിഞ്ഞിരിക്കുന്നത്. 

ജനവിധി മാനിക്കുന്നു എന്ന രാജഗോപാലിന്റെ പോസ്റ്റിലാണ് അധിക്ഷേപ വര്‍ഷം. 'ദേശീയജനാധിപത്യ സഖ്യത്തിന് വോട്ട് നല്‍കിയ സമ്മതിദായര്‍ക്ക് ഒരായിരം നന്ദി...ജനവിധിയെ മാനിക്കുന്നു. തോല്‍വിയെ സംബന്ധിച്ച് പാര്‍ട്ടി നേതൃത്വം ഒരുമിച്ചിരുന്ന് ചര്‍ച്ചചെയ്ത് കുറവുകള്‍ പരിഹരിച്ച് കരുത്തോടെ മുന്നോട്ടുപോകും...'എന്നായിരുന്നു രാജഗോപാലിന്റെ പോസ്റ്റ്.

ഈ പോസ്റ്റിന് താഴെ രൂക്ഷ ഭാഷയിലുള്ള പ്രതികരണങ്ങളാണ് രംഗത്തുള്ളത്. വി ശിവന്‍കുട്ടിയുടെ വിജയം എളുപ്പമാക്കിത്തന്നെ രാജഗോപാലിന് നന്ദി അറിയിച്ച് എല്‍ഡിഎഫുകാരും രംഗം കൊഴുപ്പിക്കുന്നുണ്ട്. 

നേമത്ത് ബിജെപിക്ക് വിജയ സാധ്യതയില്ല എന്ന തരത്തിലുള്ള ഒ രാജഗോപാലിന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെ പ്രതികൂലമായി ബാധിച്ചു എന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. കേരളത്തില്‍ ബിജെപിക്ക് വേരുറപ്പിക്കാന്‍ സാധിക്കാത്തതിന് പിന്നില്‍ സംസ്ഥാനത്തെ ഉയര്‍ന്ന സാക്ഷരത കാരണമാണ് എന്നും കെ മുരളധീരനെയും പിണറായി വിജയനെയും പ്രശംസിച്ചുമൊക്കെ രാജഗോപാല്‍ പ്രസ്താവനകള്‍ നടത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates