'ഏമാന്റെ തൊപ്പി  തെറിച്ചു'; മകനെ ജാമ്യത്തിലിറക്കാന്‍ വന്ന അമ്മയോട് മോശം പെരുമാറ്റം, ധര്‍മ്മടം എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

കസ്റ്റഡിയിലെടുത്ത മകനെ ജാമ്യത്തിലിറക്കാന്‍ സ്റ്റേഷനില്‍ എത്തിയ അമ്മയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

മകനെ ജാമ്യത്തിലിറക്കാന്‍ എത്തിയ അമ്മയോട് മോശമായി പെരുമാറുന്ന എസ്എച്ച്ഒയുടെ ദൃശ്യം, സ്‌ക്രീന്‍ഷോട്ട്
Last Updated :20 January 2024, 9:19 am IST

കണ്ണൂര്‍:  കസ്റ്റഡിയിലെടുത്ത മകനെ ജാമ്യത്തിലിറക്കാന്‍ സ്റ്റേഷനില്‍ എത്തിയ അമ്മയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍. എടക്കാട് സ്വദേശി അനില്‍കുമാറിന്റെ അമ്മയോട് മോശമായി പെരുമാറിയ ധര്‍മ്മടം പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ സ്മിതേഷിനെയാണ് അന്വേഷണ വിധേയമായി സിറ്റി പൊലീസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്. സ്മിതേഷ് അനില്‍കുമാറിന്റെ അമ്മയോട് മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ഇന്നലെ രാത്രിയാണ് സംഭവം. ഒരു വാഹനത്തില്‍ തട്ടി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അനില്‍കുമാറിനെ ധര്‍മ്മടം പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. എന്നാല്‍ തന്നെ കസ്റ്റഡിയിലെടുത്തത് എന്തിനാണ് എന്ന് അറിയില്ല എന്ന് അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെയാണ് അമ്മയും സഹോദരനും അനില്‍കുമാറിനെ ജാമ്യത്തിലിറക്കാന്‍ സ്റ്റേഷനിലെത്തിയത്. മഫ്തിയിലായിരുന്ന എസ്എച്ച്ഒ സ്മിതേഷ് അനില്‍കുമാറിന്റെ അമ്മയോട് മോശമായി പെരുമാറി എന്നാണ് പരാതിയില്‍ പറയുന്നത്.

തന്റെ അമ്മയെ തള്ളി നിലത്തിട്ടതായി അനില്‍കുമാര്‍ ആരോപിക്കുന്നു. സ്റ്റേഷനില്‍ നിന്ന് പുറത്തേയ്ക്ക് പോകാന്‍ പറഞ്ഞ് അമ്മയോട് എസ്എച്ച്ഒ ആക്രോശിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. മറ്റു പൊലീസുകാര്‍ ചേര്‍ന്ന് എസ്എച്ച്ഒയെ ശാന്തനാക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിനിടെ അനില്‍കുമാറിന്റെ അമ്മ ഹൃദ്രോഗിയാണെന്ന് പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവം പുറത്തുവന്നതിന് പിന്നാലെ കമ്മീഷണര്‍ ഇടപെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now