കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട തർക്കം; യുവാവിനെ സുഹൃത്തുക്കൾ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നു

തൃശൂർ പെരുമ്പിലാവിൽ ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം

Young man hacked to death by friends in front of his wife
അക്ഷയ്
Edited by :renjith.k
Last Updated :22 മാർച്ച് 2025, 6:48 am IST

തൃശൂർ: കുന്നംകുളത്തിനു സമീപ പെരുമ്പിലാവിൽ ലഹരി മാഫിയ സംഘം യുവാവിനെ വെട്ടിക്കൊന്നു. നിരവധി കേസുകളിൽ പ്രതിയായ കൂത്തനെന്നു വിളിക്കുന്ന അക്ഷയ് (27) ആണ് വെട്ടേറ്റു മരിച്ചത്. കടവല്ലൂർ സ്വദേശിയും നിലവിൽ മരത്തംകോട് വാടകയ്ക്കു താമസിക്കുന്നയാളുമാണ് അക്ഷയ്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.

അക്ഷയുടെ സുഹൃത്തുക്കളായ ലിഷോയ്, ബാദുഷ എന്നിവരാണ് ആക്രമണം നടത്തിയത്. അക്ഷയും ഭാര്യയും ലിഷോയുടെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം. ഭർത്താവിനെ ആക്രമിക്കുന്നതു കണ്ട അക്ഷയുടെ ഭാര്യ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ലഹരിക്കച്ചവടക്കാരാണ് അക്ഷയും ലിഷോയിയും ബാ​ദുഷയും. കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

കൊലപാതകത്തിനു പിന്നാലെ ലിഷോയ് ഒഴിവിൽ പോയി. ഇയാൾക്കായുള്ള തിരച്ചിൽ പൊലീസ് ആരംഭിച്ചു. സംഘർഷത്തിൽ പരിക്കേറ്റ ബാദുഷ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ ​ഗുരുവായൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണ്. അക്ഷയുടെ മൃത​ദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now