വയോധികനെ ചവിട്ടിക്കൊന്നു; ചോര പുരണ്ട ഷർട്ടുമായി യുവാവ് സ്റ്റേഷനിൽ; അറസ്റ്റ്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:58 am IST

News Now

മലപ്പുറം: അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസിയായ വയോധികനെ ബന്ധു ചവിട്ടിക്കൊന്നു. പൊന്നാനി ഗേൾസ് ഹൈസ്‌കൂളിന് സമീപമാണ് ദാരുണ സംഭവം. പത്തായ പറമ്പ് സ്വദേശി സുബ്രഹ്‌മണ്യൻ എന്ന മോഹനൻ (62) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പത്തായ പറമ്പിൽ റിജിൻ (32) അറസ്റ്റിലായി. 

വർഷങ്ങളായി സുബ്രഹ്‌മണ്യനും ബന്ധുക്കളായ അയൽവാസികളും തമ്മിൽ വഴിയെച്ചൊല്ലി തർക്കം നിലനിന്നിരുന്നു. സംഭവത്തിൽ തിരൂർ കോടതിയിൽ കേസും നിലവിലുണ്ട്. 

അതിനിടെ ഇന്ന് ഉച്ചയോടെ അയൽവാസികളും സുബ്രഹ്‌മണ്യന്റെ വീട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. വാക്കേറ്റത്തിനിടെ റിജിൻ സുബ്രഹ്‌മണ്യനെ ചവിട്ടി പരിക്കേൽപ്പിച്ചു. പരിക്കേറ്റ സുബ്രഹ്‌മണ്യനെ പൊന്നാനി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 

സംഭവത്തിന് പിന്നാലെ പ്രതിയായ റിജിൻ രക്തം കലർന്ന ഷർട്ടുമായി പൊലീസ് സ്റ്റേഷനിലെത്തുകയും അപകടം പറ്റിയതാണന്ന് പറയുകയും ചെയ്തു. സംശയം തോന്നിയ പൊലീസുകാർ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. 

തുടർന്ന് പൊന്നാനി പൊലീസ് കൊലക്കുറ്റത്തിന് കേസ് ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രാധയാണ് മരിച്ച സുബ്രഹ്‌മണ്യന്റെ ഭാര്യ. മകൻ: രഹാൻ.