
'യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര്ക്കും കെഎസ്ക്കാര്ക്കുമെല്ലാം കേസും ജയില്വാസവും ക്രൂരമര്ദ്ദനങ്ങളും കിട്ടിയപ്പോള് മറവിയിലേക്ക് വേഗത കൂട്ടിയ അധികാരം കിട്ടിയത് നിങ്ങള്ക്കാണ്'

News Now
കൊച്ചി: സിഎംആര്എല്- എക്സാലോജിക് കേസില് സര്ക്കാര് നിലപാടിനെ വിമര്ശിച്ച് കോണ്ഗ്രസ് നേതാവ് ഡോ. ജിന്റോ ജോണ്. പാവപ്പെട്ട മറ്റ് മനുഷ്യര്ക്കില്ലാത്ത ഒരു പ്രിവിലേജും പിണറായിക്കും കുടുംബത്തിനും വച്ചുനീട്ടരുത്. സാധാരണ സിപിഎമ്മുകാര് പോലും ആഗ്രഹിക്കാത്തത് നമ്മളെന്തിന് മാസപ്പടിക്കാര്ക്ക് ദാനം നല്കണം. കടത്ത് കടന്ന് കര പറ്റിയാല് തോണി പുഴയില് മുക്കുന്ന പോലുള്ള നിലപാട് ഒരല്പം വാര്ദ്ധക്യസഹജമാണ്. ജിന്റോ ജോണ് ഫെയ്സ്ബുക്ക് കുറിപ്പില് അഭിപ്രായപ്പെട്ടു.
പിണറായി വിജയന് സര്ക്കാരിന്റെ കാലത്ത് കോണ്ഗ്രസ് പ്രവര്ത്തകരും നേതാക്കളും നേരിട്ട കേസുകളും പീഡനങ്ങളും ഫെയ്സ്ബുക്ക് കുറിപ്പില് ജിന്റോ ജോണ് എണ്ണിയെണ്ണി ചൂണ്ടിക്കാട്ടുന്നു. ഉമ്മന്ചാണ്ടി നീതിമാനായിരുന്നു എന്ന് ഒരായിരം വട്ടം പ്രസംഗിച്ചവര് അതെല്ലാം മറന്നു പോയി. ആ മനുഷ്യന്റെ പേരില് കൂടിയായിരുന്നു ഈ വിജയമെന്നും മറന്നു. നൂറുശതമാനം നീതി നിഷേധിക്കപ്പെട്ടാണ് ഉമ്മന്ചാണ്ടി യാത്രയായതെന്നും മറന്നു. പിണറായിയുടെ പകയില് പടച്ചെടുത്ത കള്ളക്കേസില് ആക്ഷേപിക്കപ്പെട്ട, വേട്ടയാടപ്പെട്ട മനുഷ്യരുടെ ഓര്മ്മകള് പോലും പക്വതക്കുറവായി തോന്നുന്ന വളര്ച്ചയെത്തിയോ മുതിര്ന്നവരെ നിങ്ങള്ക്ക്?
പിണറായിയുടെ ധാര്ഷ്ട്യത്തില് കുന്നംകുളത്തെ സുജിത്തിനും രക്ഷാപ്രവര്ത്തനം നേരിട്ട യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര്ക്കും കെഎസ്ക്കാര്ക്കുമെല്ലാം കേസും ജയില്വാസവും ക്രൂരമര്ദ്ദനങ്ങളും കിട്ടിയപ്പോള് മറവിയിലേക്ക് വേഗത കൂട്ടിയ അധികാരം കിട്ടിയത് നിങ്ങള്ക്കാണ്. അവിടെ പിന്നെ സാധാരണ പ്രവര്ത്തകരുടെ വികാരം പോലും പക്വതക്കുറവാണല്ലോ അല്ലേ?. മടിയില് അധാര്മികകതയുടെ കനമുള്ള, കൈകള് ശുദ്ധമല്ലാത്ത, നിയമപരമായി കേസിനെ നേരിടാന് കരുത്തില്ലാത്ത മാസപ്പടിയുടെ കാരണഭൂതന്റെ കൈപിടിച്ച് കര പറ്റിക്കുന്നതെന്ന് തോന്നുന്ന ഒന്നുപോലും ഉണ്ടായിക്കൂടാ.
മോഷ്ടാവായിരുന്ന അടയ്ക്കാ രാജുവിന്റെ നീതിബോധത്തില് നിന്നുമാണ് അഭയ കേസിലെ പ്രതികളെ ശിക്ഷിക്കാനുതകിയ മൊഴിയുണ്ടായതെന്ന് മറക്കരുത്. പിണറായിക്ക് വേണ്ടി ഹര്ജിക്കാരനെ ശല്യക്കാരനായ വ്യവഹാരിയെന്ന ചാപ്പയടിച്ചത് കുറച്ച് കടന്ന കുരുതലായിപ്പോയി. രാഷ്ട്രീയമായി പറഞ്ഞു തോറ്റവരുടെ നാറ്റമെന്തിന് കോണ്ഗ്രസിന്റെ ഖദറില് വാരിത്തേക്കണം?. സാധാരണ പ്രവര്ത്തകരുടെ രാഷ്ട്രീയ ബോധ്യത്തിന് വിലയിടരുത്. മുന് സര്ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്നും ഓര്ക്കണം. ജിന്റോ ജോണ് ഫെയ്സ്ബുക്ക് കുറിപ്പില് ഓര്മ്മിപ്പിക്കുന്നു.
ജിന്റോ ജോണിന്റെ കുറിപ്പിന്റെ പൂർണരൂപം:
ഉമ്മൻചാണ്ടി നീതിമാനായിരുന്നു എന്ന് ഒരായിരം വട്ടം പ്രസംഗിച്ചവർ അതെല്ലാം മറന്നു പോയി. ആ മനുഷ്യന്റെ പേരിൽ കൂടിയായിരുന്നു ഈ വിജയമെന്നും മറന്നു. 100% നീതി നിഷേധിക്കപ്പെട്ടാണ് ഉമ്മൻ ചാണ്ടിയുടെ അവസാന യാത്ര എന്നതും മറന്നു. പിണറായി വിജയന്റെ മൂന്ന് അന്വേഷണ ടീമുകൾ തെളിവില്ലെന്ന് പറഞ്ഞിട്ടും വിശ്വാസ്യത തരിമ്പുമില്ലാത്ത സരിതയുടെ കത്തെഴുതി വാങ്ങി സിബിഐ അന്വേഷണം ശുപാർശ ചെയ്ത പിണറായി ഭരണത്തിൽ ഉമ്മൻചാണ്ടിക്ക് നേരിട്ട നീതിനിഷേധം മറക്കാനുള്ള പ്രായമായോ നേതാക്കളെ?
പുനർജ്ജനി കേസിൽ അന്നത്തെ പ്രതിപക്ഷ നേതാവ് വ് ഡി സതീശനെ പെടുത്താൻ പരമാവധി ശ്രമിച്ചതും മോൻസൺ മാവുങ്കൽ കേസിൽ കള്ളമൊഴിയുണ്ടാക്കി കെ. സുധാകരനെ വേട്ടയാടിയതും വെളുപ്പാൻകാലത്തും നട്ടപ്പാതിരക്കും കിടക്കപ്പായയിൽ നിന്ന് യുവജന വിദ്യാർത്ഥി നേതാക്കളെ ഉടുതുണിയാലെ അറസ്റ്റ് ചെയ്തതും മറക്കാറായോ മുതിർന്നവരേ?തിരുട്ട് കുടുംബത്തിന്റെ സംഘടിത കൊള്ളക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട മാത്യു കുഴൽനാടന്റെ വായിൽ കുഴലപ്പം തിരുകാൻ തിരക്കുകൂട്ടിയ അന്തംകമ്മികൾക്ക് ആഘോഷിക്കാൻ അയാളുടെ വീടും പറമ്പും തൊഴുത്തും വരെ അളന്ന് പരമാവധി കേസുകളിൽപ്പെടുത്താൻ ശ്രമിച്ചത് മറക്കാൻ മാത്രം വലുതായോ നിങ്ങൾ? പിണറായിയുടെ പകയിൽ പടച്ചെടുത്ത കള്ളക്കേസിൽ ആക്ഷേപിക്കപ്പെട്ട, വേട്ടയാടപ്പെട്ട മനുഷ്യരുടെ ഓർമ്മകൾ പോലും പക്വതക്കുറവായി തോന്നുന്ന വളർച്ചയെത്തിയോ മുതിർന്നവരെ നിങ്ങൾക്ക്?
പിണറായിയുടെ മകൾക്ക് മാസപ്പിടിയായി കോടികളും അവർക്ക് കൊള്ളയടിച്ചു ഭരിക്കാൻ പത്തുവർഷവും കിട്ടി. ആ ധാർഷ്ട്യത്തിൽ കുന്നംകുളത്തെ സുജിത്തിനും രക്ഷാപ്രവർത്തനം നേരിട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും കെഎസ്ക്കാർക്കുമെല്ലാം കേസും ജയിൽവാസവും ക്രൂരമർദ്ദനങ്ങളും കിട്ടിയപ്പോൾ മറവിയിലേക്ക് വേഗത കൂട്ടിയ അധികാരം കിട്ടിയത് നിങ്ങൾക്കാണ്. അവിടെ പിന്നെ സാധാരണ പ്രവർത്തകരുടെ വികാരം പോലും പക്വതക്കുറവാണല്ലോ അല്ലേ?
പതിനായിരക്കണക്കിന് പിൻവാതിൽക്കമ്മികളും ബോർഡ് കോർപ്പറേഷൻ സഖാക്കളും അഞ്ചുമാസക്കാലമായി ഞങ്ങളും കൂടി വിയർത്ത് പണിയെടുത്ത് നേടിയ ഭരണത്തിന്റെ തണൽപ്പറ്റി ശമ്പളം വാങ്ങുന്നുണ്ട്. അന്തംകമ്മികൾ നായാട്ട് തുടരുന്നു. ഇതെല്ലാം ഓർക്കാത്തവർ പിണറായിക്കാലം മറക്കുന്നതിന്റെ വേഗത സങ്കടകരമാണ്. പാവപ്പെട്ട മറ്റ് മനുഷ്യർക്കില്ലാത്ത ഒരു പ്രിവിലേജും പിണറായിക്കും കുടുംബത്തിനും വച്ചുനീട്ടരുത്. സാധാരണ സിപിഎമ്മുകാർ പോലും ആഗ്രഹിക്കാത്തത് നമ്മളെന്തിന് മാസപ്പടിക്കാർക്ക് ദാനം നൽകണം.
കടത്ത് കടന്ന് കര പറ്റിയാൽ തോണി പുഴയിൽ മുക്കുന്ന പോലുള്ള നിലപാട് ഒരല്പം വാർദ്ധക്യസഹജമാണ്. വിശ്വാസ്യതയില്ലാത്ത ഇ ഡിയുടെ കത്തിൽ അതിവേഗ കേസെടുക്കാത്തത് 100% ശരിയായ നിലപാടായിരുന്നു. വൈര്യനിരാതന ബുദ്ധി തിരിച്ചു കാണിച്ചല്ല പിണറായിയെ ജയിക്കേണ്ടത് എന്നതും രാഷ്ട്രീയ ശരിയാണ്. പക്ഷേ ഒട്ടും വിശ്വാസ്യതല്ലാത്ത ഇ ഡി റിപ്പോർട്ടിന് മുന്നിൽ അത്രപോലും വിശ്വാസ്യതയില്ലാത്ത വീണയും പിണറായി വിജയനും പരുങ്ങുമ്പോൾ അനുപാതരഹിതമായ സാവകാശം സംശയിക്കപ്പെടും. രാഷ്ട്രീയ കൃത്യതയുള്ള നിലപാടെടുത്തതിൽ നിന്ന് സാമാന്യബോധമുള്ളവരുടെ നെറ്റി ചുളിയും വിധമുള്ള അമാന്തമുണ്ടായാൽ ചോദ്യങ്ങളുയരും.
നൈതികതയില്ലാത്ത വേട്ടയാടലുകൾ പിണറായി കാലത്തെ പോലെ ഉണ്ടാകില്ലെന്നത് സ്വാഗതാർഹ നിലപാടാണ്. അതേസമയം മടിയിൽ അധാർമികകതയുടെ കനമുള്ള, കൈകൾ ശുദ്ധമല്ലാത്ത, നിയമപരമായി കേസിനെ നേരിടാൻ കരുത്തില്ലാത്ത മാസപ്പടിയുടെ കാരണഭൂതന്റെ കൈപിടിച്ച് കര പറ്റിക്കുന്നതെന്ന് തോന്നുന്ന ഒന്നുപോലും ഉണ്ടായിക്കൂടാ. രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാക്കളായിരുന്ന വി ഡി സതീശനും രമേശ് ചെന്നിത്തലയും പറഞ്ഞ നിലപാടുകൾ ഒരായിരമാവർത്തി ഏറ്റുപറഞ്ഞ് തൊണ്ടപൊട്ടിയ കോൺഗ്രസുകാരുടെ ശിരസ്സ് കുനിയുന്ന മറവികൾ ഉണ്ടായിക്കൂടാ.
കോടതിയിൽ തോറ്റാലും ജയിച്ചാലും എ ജിക്ക് സർക്കാർ ശമ്പളവും അധികാര സൗഹൃദങ്ങളുമുണ്ടാകും. വാക്ക് മാറ്റിപ്പറയാൻ നിർബന്ധിക്കപ്പെടുന്ന സാധാരണ പ്രവർത്തകർക്ക് അങ്ങാടിയിലും പൊതുയിടങ്ങളിലും ആക്ഷേപവും ആട്ടും മാത്രമേ കിട്ടൂ. അധികാര സോപാനങ്ങളിലേക്ക് മുദ്രാവാക്യം വിളിച്ച് കയറ്റിയവരെ പെരുവഴിയിൽ മൗനികളാക്കി മാറ്റരുത്. മാസപ്പടി വാങ്ങിയ, ഹവാലയും ഫ്യൂച്ചർ ബിസിനസും നടത്തിയ വീണയും പിണറായി വിജയനും മുഹമ്മദ് റിയാസും മറുപടി പറയട്ടെ. നിയമപരമായി നേരിടട്ടെ. രാഷ്ട്രീയമായി പറഞ്ഞു തോറ്റവരുടെ നാറ്റമെന്തിന് കാര്യമില്ലാതെ കോൺഗ്രസിന്റെ ഖദറിൽ വാരിത്തേക്കണം? പിണറായി കൂട്ടുകുടുംബത്തിന്റെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട വ്യവഹാരിയുടെ വ്യക്തിനിലവാരം അളക്കാൻ ആവേശമുള്ള സർക്കാർ വക്കീൽ പിണറായിയുടെ ഉത്തരമില്ലായ്മക്ക് മറപിടിക്കുന്നതായി സംശയിക്കുന്നവരെ ആക്ഷേപിച്ചിട്ടെന്ത് കാര്യം?
മോഷ്ടാവായിരുന്ന അടയ്ക്കാ രാജുവിന്റെ നീതിബോധത്തിൽ നിന്നുമാണ് അഭയ കേസിലെ പ്രതികളെ ശിക്ഷിക്കാനുതകിയ മൊഴിയുണ്ടായതെന്ന് മറക്കരുത്. ഇക്കാര്യത്തിൽ എന്തായാലും പിണറായിയുടേതിനേക്കാൾ മെറിറ്റ് ഹർജിക്കരാനുണ്ട്. കെ എം ഷാജഹാനോട് പല വിയോജിപ്പുകളും ഉള്ളപ്പോൾ തന്നെ, കൊള്ളക്കാരനായ പിണറായിക്ക് വേണ്ടി ഹർജിക്കാരനെ ശല്യക്കാരനായ വ്യവഹാരിയെന്ന ചാപ്പയടിച്ചത് കുറച്ച് കടന്ന കുരുതലായിപ്പോയി. ആരാണിവിടെ പ്രതിയെന്ന് മറക്കുന്ന ഓരോ വാദവും ആത്മഹത്യാപരമാണ്. വന്നവഴി മറക്കുന്നവർ പണിയുന്ന പക്വതയുടെ ഓരോ പാലങ്ങളും എല്ലാവർക്കും ഉള്ളതല്ലെന്നറിയാം. സാധാരണ പ്രവർത്തകരുടെ രാഷ്ട്രീയ ബോധ്യത്തിന് വിലയിടരുത്. മറുപടിയുത്തരമില്ലാത്ത ഓരോ ചോദ്യങ്ങളിലും തോറ്റു പോകുന്ന സാധാരണ പ്രവർത്തകരെ തിരുട്ട് കുടുംബത്തിന് വിലയ്ക്ക് വയ്ക്കരുത്.
സർക്കാർ എല്ലാവരുടേതുമാകണം. പക്ഷേ പ്രത്യേകമായി പിണറായിയുടേതെന്ന് തോന്നുകയുമരുത്. പാർട്ടിക്കോട്ടകളിലെ സ്വന്തക്കാർക്ക് പോലും വേണ്ടാത്ത മാസപ്പടിക്കാരെ വെളുപ്പിക്കരുത്. മുൻ സർക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്നും ഓർക്കണം. പിണറായി സർക്കാരിന്റെ വിദൂര സാമ്യങ്ങൾ പോലും എണ്ണപ്പെടുമെന്ന ബോധ്യങ്ങളുണ്ടാകണം.
Summary
Jinto John criticizes the government over the case against Pinarayi Vijayan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







