യുവതിയെ കടിച്ചുകീറി വളർത്തു നായകൾ; ​ഗുരുതര പരിക്ക്; ഉടമ കസ്റ്റഡിയിൽ

യുവതിയെ കടിച്ചുകീറി വളർത്തു നായകൾ; ​ഗുരുതര പരിക്ക്; ഉടമ കസ്റ്റഡിയിൽ

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:51 am IST

കോഴിക്കോട്: ജോലിക്കായി നടന്നു പോകുകയായിരുന്ന യുവതിയെ വളർത്തു നായകൾ ആക്രമിച്ചു. ​കോഴിക്കോട് താമരശേരി അമ്പായത്തോടാണ് സംഭവം. പ്രദേശവാസിയായ ഫൗസിയ എന്ന യുവതിയാണ് നായകളുടെ ആക്രമണത്തിൽ ഇരയായത്. ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. സാരമായി പരിക്കേറ്റ ഫൗസിയ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. നടുറോഡിലിട്ട് നായകൾ സ്ത്രീയെ കടിച്ചു കീറുന്നതിൻ്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.  

താമരശ്ശേരി വെഴുപ്പൂ‍ർ എസ്റ്റേറ്റ് ഉടമ ജോളി തോമസിൻ്റെ ചെറുമകൻ റോഷൻ്റെ നായകളാണ് ഫൗസിയയെ ആക്രമിച്ചത്. റോഷൻ താമരശ്ശേരി പൊലീസിൻ്റെ കസ്റ്റഡിയിലാണ് ഇപ്പോൾ. ഫൗസിയയെ നായകളുടെ ആക്രമണത്തിൽ നിന്നു രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും കടി വിടാൻ ഇവ തയ്യാറായില്ല. വളരെ പണിപ്പെട്ടാണ് ഒടുവിൽ ആളുകൾ ഫൗസിയയെ രക്ഷിച്ചത്. 

നേരത്തേയും നിരവധിയാളുകൾക്ക് ഈ നായകളുടെ കടിയേറ്റിട്ടുണ്ടെന്ന് നാട്ടുകാ‍ർ ആരോപിക്കുന്നു. വിദേശയിനം നായകളെ അടച്ചിടാതെ തീർത്തും അശ്രദ്ധമായി അഴിച്ചു വിട്ടു വള‍ർത്തുന്നതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. 

കഴിഞ്ഞ മാസം ഇതേ നായകളുടെ ആക്രമണത്തിൽ പ്രദേശവാസിയായ പ്രഭാകരൻ എന്നയാൾക്കും ​ഗുരുതരമായി പരിക്കേറ്റിരുന്നു. എസ്റ്റേറ്റിന് സമീപത്തുവച്ചുണ്ടായ സംഭവത്തിൽ തലയ്ക്കും കൈക്കും മുതുകിലുമെല്ലാം പരിക്കേറ്റ പ്രഭാകരനെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നേരത്തെ ഇതേ എസ്റ്റേറ്റിലെ ജീവനക്കാരനായിരുന്നു പ്രഭാകരൻ.

ഇതേ നായ്ക്കൾ നേരത്തെ പ്രദേശത്തെ മറ്റൊരു സ്ത്രീയെയും കടിച്ച് പരിക്കേൽപിച്ചിരുന്നുവെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഇന്നത്തെ അക്രമത്തിന് ശേഷം എസ്റ്റേറ്റിന് മുന്നിൽ തടിച്ചു കൂടിയ നാട്ടുകാ‍ർ പൊലീസിനെ വിളിച്ചു വരുത്തി റോഷനെ അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു. 

News Now