എല്‍ഡിഎഫിന് തുടര്‍ഭരണമില്ല ; ബിജെപി ഭരണം പിടിച്ചെടുക്കുമെന്ന് ഇ ശ്രീധരന്‍

അഴിമതിയും സ്വജനപക്ഷപാതവുമാണ് കഴിഞ്ഞ അഞ്ചു വര്‍ഷമായി സര്‍ക്കാര്‍ നടത്തിയതെന്നും ഇ ശ്രീധരന്‍ ആരോപിച്ചു

ഇ ശ്രീധരന്‍ /ഫയല്‍ ചിത്രം
Last Updated :20 January 2024, 8:41 am IST
Edited by :migrator

പാലക്കാട് : സംസ്ഥാനത്ത് ബിജെപിക്ക് ഇത്തവണ ഭരണം പിടിച്ചെടുക്കാന്‍ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. എല്‍ഡിഎഫിന് തുടര്‍ഭരണമുണ്ടാകില്ല. അഴിമതിയും സ്വജനപക്ഷപാതവുമാണ് കഴിഞ്ഞ അഞ്ചു വര്‍ഷമായി സര്‍ക്കാര്‍ നടത്തിയതെന്നും ഇ ശ്രീധരന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഒരുക്കം ചര്‍ച്ച ചെയ്യാന്‍ പാലക്കാട്ടെ ബിജെപി ജില്ലാ കമ്മിറ്റി ഓഫിസില്‍ എത്തിയതായിരുന്നു അദ്ദേഹം. 

ശബരിമല വിഷയത്തില്‍ എല്ലാം കഴിഞ്ഞ ശേഷം കണ്ണീരൊലിപ്പിച്ചിട്ടു കാര്യമില്ല. ശബരിമല വിഷയത്തില്‍ ഇപ്പോഴത്തേത് യഥാര്‍ഥ കണ്ണീര്‍ തന്നെയാണോ എന്നും ശ്രീധരന്‍ ചോദിച്ചു. എത്രയാളുകളുടെ വികാരമാണ് അന്ന് വ്രണപ്പെടുത്തിയത്. ബോധപൂര്‍വമാണ് ശബരിമലയില്‍ ആളുകളെ കയറ്റിയതെന്നും ശ്രീധരന്‍ ആരോപിച്ചു. കടകംപള്ളി സുരേന്ദ്രന്‍ ഖേദം പ്രകടിപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ശ്രീധരന്റെ പരാമര്‍ശം. 

രണ്ടു വര്‍ഷത്തിനകം പാലക്കാടിനെ സംസ്ഥാനത്തെ മികച്ച നഗരമാക്കി മാറ്റുമെന്ന് ശ്രീധരന്‍ പറഞ്ഞു. താന്‍ പഠിച്ചതും താമസിച്ചതും പാലക്കാട് നഗരത്തിലാണ്. പാലക്കാട്ടെ യുവാക്കളിലാണ് തന്റെ പ്രതീക്ഷ. പ്രായക്കൂടുതല്‍ അനുഭവ സമ്പത്താകും. വിവാദങ്ങളല്ല, വികസനമാണ് തന്റെ പ്രചാരണമെന്നും ശ്രീധരന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now