

1998 മേയ് 8 ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്

രാത്രികാലങ്ങളില്‍ പൂര്‍ണ്ണത്രയീശക്ഷേത്രം ഒരു വാദ്യോപാകരണംപോലെ ഒഴിഞ്ഞുകിടക്കും. എഴുത്തോലകളുടെ പഴകിയ നിറമായിരിക്കും ക്ഷേത്രത്തിന്. ഹരിചന്ദനത്തിന്റെ മണം അപ്പോള്‍ പറമ്പില്‍ കിടന്നുറങ്ങുന്നുണ്ടാവും. ഇരുട്ടില്‍ ആ വലിയ കെട്ടുകള്‍ ആദ്യം കാണുന്ന ഒരാളിന് ഇടഞ്ഞുനില്‍ക്കുന്ന കൊമ്പനായിട്ടേ ക്ഷേത്രത്തെ തോന്നൂ. ഞങ്ങള്‍ അസമയത്താണ് പോകുന്നതെങ്കില്‍ക്കൂടി പൂര്‍ണ്ണത്രയീശനെ തൊഴുന്നകൂട്ടത്തിലായിരുന്നു. കൊമ്പന് ഞങ്ങളോടിനി കോപം വേണ്ട.
പൂര്‍ണ്ണത്രയീശാ... രക്ഷിക്കണേ... ഉറക്കറയിലേയ്ക്കു കയറുമ്പോള്‍ പൂച്ചനിറമുള്ള മുത്തശ്ശിമാര്‍ പറയും, മാര്‍ത്താണ്ഡോദയത്തില്‍ ഐഹികനിദ്രവിട്ടുണരുന്ന പുണ്യഹൃദയര്‍ പറയും, ചെയ്ത പാപമൊടുങ്ങാന്‍ കണ്ണിമാങ്ങകള്‍ പോലത്തെ കുട്ടികളും പറയും.
കരിങ്കല്‍ക്കെട്ടുകളുടെ ആനച്ചെവി വീശി പൂര്‍ണ്ണത്രയീശന്‍ എല്ലാം കേള്‍ക്കുന്നു.
ഒരിക്കലെങ്കിലും മാവിന്‍തലപ്പിലിരുന്നു ജനിച്ച വീടുകാണാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്?

തക്ഷകസംഘം
രാത്രിയിലും ആട്ടം നിര്‍ത്താത്ത ചില മാവിന്‍കൂട്ടങ്ങളുണ്ട്. തുലാമാസങ്ങളിലാണ് അവയെ അനുസരിപ്പിക്കാന്‍ വിഷമം. വേനല്‍ക്കാലത്ത് ഏകാകികളും കടുത്ത ആലോചനകളില്‍ മുഴുകിനില്‍ക്കുന്നവരുമായി കാണാറുള്ള ഇവ കാറ്റും മഴയുമായിവരുന്ന തുലാമാസത്തെ തക്ഷകസംഘങ്ങളുമായി ചേര്‍ന്നാല്‍ പിന്നെ പുകിലാണ്. ആരോ അവിടെ ഒരു നൃത്തശാല തുടങ്ങിയിരിക്കുകയാണെന്നു തോന്നും. മഴ ആദ്യമേല്‍ക്കുന്നവരെന്ന അഹങ്കാരമാണു തേന്മാവുകള്‍ക്ക്. പറയുമ്പോള്‍, പറമ്പിലെ പൊക്കം കൂടിയവരും അവര്‍ തന്നെ.
ഒരിക്കലെങ്കിലും മാവിന്‍തലപ്പിലിരുന്നു ജനിച്ച വീടുകാണാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്?
സല്‍സ്വഭാവികളായ വാഴകളെക്കാള്‍ എനിക്കെന്നുമിഷ്ടം ഈ ഉയരക്കാരോടായിരുന്നു. നെടുമ്പറമ്പില്ലത്തെ മാന്തോപ്പുകള്‍ക്കു മുകളില്‍ ആകാശം മുട്ടെ ഇപ്പോഴും വെയിലിന്റെ പായസം തിളയ്ക്കുന്നുണ്ടാവും. അതു തൂവാതെ നോക്കണേ പൂര്‍ണ്ണത്രയീശാ...
മടപ്പിള്ളി
പഴകിയ പാത്രങ്ങളുടെ മാത്രം മണമുള്ള മടപ്പിള്ളി. അവിടുന്നെങ്ങനെയാണ് തീ പാറുന്നത്! അതും അര്‍ധരാത്രി. അതെന്തായാലും ആലോചിച്ചുനില്‍ക്കാന്‍ നേരമില്ല. ക്ഷേത്രത്തിനു തീപിടിച്ചിരിക്കുകയാണ്. തെക്കും പടിഞ്ഞാറുമുള്ള ഗോപുരങ്ങള്‍ ചിന്നം വിളിച്ചു നിലം പൊത്തിക്കഴിഞ്ഞു. കിഴക്കേഗോപുരം കൂടി പിടിയിലായാല്‍ കഥ കഴിഞ്ഞതുതന്നെ. അതിനു മുന്‍പു തീ കെടുത്തണം.

നെടുമ്പറമ്പ് ഇല്ലം - Restored photo using AI image generator
ജനങ്ങള്‍ കൂട്ടംകൂട്ടമായി ഉറക്കംവിട്ട് ക്ഷേത്രത്തിലേക്കു പാഞ്ഞു. അപ്പോഴേയ്ക്കും അഗ്‌നി ഗര്‍ഭഗൃഹത്തിലേയ്ക്കു കടന്നിരുന്നു. തൂലാമാസത്തിലാണെന്നോര്‍ക്കണം ഈ കെടുതി. വൈകുന്നേരം മഴ മാറിനിന്നമട്ടുകണ്ടപ്പോള്‍ ആര്‍ക്കും ഇങ്ങനൊരു ചതി പതിയിരുന്നതായിത്തോന്നിയില്ല. ഇടയ്ക്കിടെ വീശുന്ന കാറ്റില്‍ ക്ഷേത്രപരിസരമാകെ ഊതനിറം വിളങ്ങി. കയ്യില്‍കിട്ടിയവയില്‍ ജലം നിറച്ചുകൊണ്ട് പുരുഷാരം തെക്കുവടക്കോടുമ്പോള്‍ മേല്‍ശാന്തി പൂര്‍ണ്ണത്രയീശനെ ഉറക്കെവിളിച്ചുകൊണ്ട് അവര്‍ക്കുനടുവിലൂടെ പാഞ്ഞുകയറിപ്പോയി.
അല്പം കഴിഞ്ഞുകാണണം സ്തബ്ധരായിനിന്ന ജനാവലിയെ എതിരേറ്റുകൊണ്ട് പൂര്‍ണ്ണത്രയീശന്റെ ഒരു ചെറുവിഗ്രഹം താങ്ങി ആ പുണ്യവ്രതന്‍ പുറത്തുവന്നു. ഒരു വലിയ അന്യാപദേശ കഥപോലെ തോന്നി ക്ഷേത്രപരിസരമാകെ. അല്പം കഴിഞ്ഞ് തീയടങ്ങി. ഈശ്വരന്റെ കോപമാണു ക്ഷേത്രാനലനായതെന്നു പരസ്പരം പറഞ്ഞു ജനങ്ങളും പിരിഞ്ഞു. നാളികേരമുറിപോലെ ആകാശത്തുനിന്ന ചന്ദ്രന്‍ മാത്രം മടപ്പിള്ളിയിലേയ്ക്കുനോക്കി. പാതിപൊള്ളിയ ഉടലുമായി അതവിടെനിന്നു കരയുന്നുണ്ടായിരുന്നു.
ജലത്തിനുള്ളില്‍
അഴിഞ്ഞുവീണ മടിക്കെട്ടാണു ജലം. അല്ലെങ്കില്‍ ഒരു വലിയ കാളക്കണ്ണ്. എന്റെ നാടു മുഴുവന്‍ ആ വെള്ളപ്പൊക്കം കണ്ടുനില്‍ക്കുന്നു. ഒരഗ്‌നിബാധയ്ക്കുശേഷം ഒരു ജലബാധ. ജലത്തിന്റെ നാഭി നിറയെ പച്ചക്കറികളാണ്. ഒന്നുമുങ്ങിത്താഴ്ന്ന് അഗാധത്തില്‍വെച്ചു കണ്‍തുറന്നാല്‍ കാണാം പച്ചനിറത്തിന്റെ പുലികളെ. വെണ്ടക്കായ, പടവലങ്ങ, നേന്ത്രക്കായ കഴിഞ്ഞില്ല. ജലത്തിനുള്ളില്‍ സിംഹത്തെപ്പോലെ മഞ്ഞനിറവുമായി കിടന്നുറങ്ങുന്ന നെല്‍പ്പാടങ്ങളുണ്ട്. ജലത്തിലേയ്ക്കുതന്നെ സൂക്ഷിച്ചുനോക്കി മരിച്ച മൃഗങ്ങള്‍, തകര്‍ന്ന വീടുകള്‍, അതില്‍ ആരോ ഒളിച്ചുവെച്ച ഒരുതുള്ളി കണ്ണുനീര്‍. ഈ ജലം എല്ലാം ഉള്‍ക്കൊള്ളുന്നു.
സന്ധ്യയ്ക്ക് വിളക്കുതെളിച്ചുകൊണ്ട് മുത്തച്ഛനൊപ്പം നടന്ന പഴയ വഴികളെ ഇടയ്ക്കു കണ്ടു. വെറുതെയെങ്കിലും, അതിനു നടുവില്‍ തളഞ്ഞുകിടന്ന ലോകത്തെ നോക്കി ഞാന്‍ വിളിച്ചു... മുത്തച്ഛാ

ഞങ്ങള്‍ നാലുപേര്‍ ഒരു ജലയാത്ര പുറപ്പെടുകയാണ്. യാനപാത്രം തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. കൊച്ചുണ്ണി, ബാലന്‍, പപ്പന്‍, തുണയ്ക്ക് ബലവാനായ കേളമ്പി കുട്ടപ്പനും. വെള്ളപ്പൊക്കത്താല്‍ ദുരിതപ്പെട്ടവര്‍ കൂട്ടത്തോടെ മാറിത്താമസിക്കുകയാണ്. അവരുടെ തകര്‍ന്ന വാസഗൃഹങ്ങള്‍കണ്ട് ഒരു യാത്ര. അതാണു ഞങ്ങളുടെ പരിപാടി. കടുത്ത ഒഴുക്കുണ്ട്. ഇടയ്ക്കിടെ ചുഴികളും. സൂക്ഷിക്കണം എന്നിട്ടും അറുപതുകാരനായ രാമന്‍ അപ്ഫന്‍ പറഞ്ഞു... കുട്ടികളേ എന്നേയും കൂടി കൂട്ടിന്‍.
വെളിമ്പറമ്പിലെ ഏകാകി
അറുപതുകഴിഞ്ഞ രാമന്‍ അപ്ഫന്‍ ശരിക്കും ഒരു കൊച്ചുകുട്ടിയാണ്. സുബേദാര്‍ ബംഗ്ലാവിന്റെ വെളിമ്പറമ്പില്‍ നാടന്‍ പന്തുകളിക്ക് ഞങ്ങള്‍ ഒത്തുകൂടുമ്പോള്‍ രാമന്‍ അപ്ഫന്‍ ബംഗ്ലാവിന്റെ വരാന്തയില്‍ വന്നിരിക്കും. എന്നിട്ട് ഏതെങ്കിലും കക്ഷിയോടു ചേര്‍ന്ന് അവര്‍ക്കു ഹരം പകരും.
ആര്‍പ്പുവിളിച്ചു കുട്ടികള്‍ മടങ്ങുമ്പോള്‍ കുറേനേരം കൂടി കളിസ്ഥലത്തേയ്ക്കു നോക്കിയിരുന്നശേഷം വെളിമ്പറമ്പിലെ ആ ഏകാകി മെല്ലെ തിരിഞ്ഞു നടക്കും. ആ പതിവു നടത്തയ്ക്കിടയില്‍ രാമനപ്ഫന്‍ ആലോചിക്കും, ലോകത്തില്‍വെച്ച് ഏറ്റവും വലിയ ദാര്‍ശനിക പ്രശ്‌നമേതാണെന്ന്.
കളികഴിഞ്ഞ ഉടന്‍ കളിസ്ഥലങ്ങളെ പിടികൂടുന്ന ശൂന്യത.
അതെ. കുരവയിട്ടുപോയ കുട്ടികള്‍ക്കുശേഷം സുബേദാര്‍ ബംഗ്ലാവിന്റെ കളിപ്പറമ്പ് രാമനപ്ഫനൊരു ദുരൂഹതയാകും. തന്റെ ജന്മം പോലൊരു ദുരൂഹത. അപ്ഫന്‍ അവിടെ നിന്ന് ആരും കാണാതെ ഇത്തിരി കരഞ്ഞ് സ്വന്തം ഗൃഹത്തിലേക്കു മടങ്ങും.
മുത്തച്ഛന്റെ തലയിണ
നെടുമ്പറമ്പില്ലത്തുനിന്നും ഞങ്ങള്‍ മാറിത്താമസിച്ചതോടെ മുത്തച്ഛനെ തീരെ കാണാന്‍ കഴിയാതായി. മുത്തച്ഛന്‍ പുറത്തെങ്ങും ഇറങ്ങാറില്ല. ദെണ്ണമാണ്. അച്ഛനെക്കുറിച്ചോര്‍മ്മവരുമ്പോള്‍ ഉപഗൃഹത്തിലേയ്ക്കു നോക്കും. ഒരു തുളസിയിലപോലെ വാടിപ്പോയിരുന്നു മുത്തച്ഛന്റെ ശരീരം. അച്ഛന്റെ മരണം ആകെ തകര്‍ത്തു കളഞ്ഞു അദ്ദേഹത്തെ.
സന്ധ്യയ്ക്ക് വിളക്കുതെളിച്ചുകൊണ്ട് മുത്തച്ഛനൊപ്പം നടന്ന പഴയ വഴികളെ ഇടയ്ക്കു കണ്ടു. വെറുതെയെങ്കിലും, അതിനു നടുവില്‍ തളഞ്ഞുകിടന്ന ലോകത്തെ നോക്കി ഞാന്‍ വിളിച്ചു... മുത്തച്ഛാ.

നെടുമ്പറമ്പ് ഇല്ലം - restored photo

ഇടയ്‌ക്കെങ്കിലും ബോധം തെളിയുമ്പോള്‍ മുത്തച്ഛനും എന്നെ അന്വേഷിക്കുമായിരുന്നു. എവിടേ കുഞ്ചു എന്ന് മുത്തശ്ശിയോടു ചോദിക്കും. ദാ അടുത്തുതന്നെയുണ്ടല്ലോ എന്നു പറഞ്ഞ് മുത്തശ്ശി തലയിണ ചേര്‍ത്തുവെയ്ക്കും. എന്നെ തഴുകിക്കൊണ്ട് വീണ്ടും അബോധവാനാകും അദ്ദേഹം.
ഒരു ദിവസം ഭസ്മത്തിന്റെ സൗമ്യതയോടെ നിന്ന മുത്തശ്ശിയെ നോക്കി എന്റെ മുത്തച്ഛന്‍ കണ്ണുകളടച്ചു.
അമ്മയുടെ മണം
അമ്മ ആരോ നിവര്‍ത്തിവെച്ച രാമായണമാണ്. ഇരുട്ടിന്റെ ഭരണികള്‍ നിറഞ്ഞ നെടുമ്പറമ്പില്ലത്തെ അകമുറികളില്‍ ഒതുങ്ങിക്കഴിഞ്ഞ ഒരു ജന്മം. ഈശ്വരാ... ഈ ജീവിതത്തിനിടയില്‍ എന്റെ അമ്മ എപ്പോഴെങ്കിലും സന്തോഷിച്ചുകാണുമോ?
സായംകാലം ചിറകൊതുക്കിനിന്ന പടിഞ്ഞാറ്റിനിയില്‍ കത്തിക്കാത്ത ഒരു നിലവിളക്കുപോലെ അമ്മയിരിക്കുന്നതു ഞാനോര്‍ക്കുന്നു. പാവം കരയുകയാണ്. ജീവിതത്തില്‍ അമ്മയ്ക്ക് ആകെ അറിയാമായിരുന്നത് ദുഃഖിക്കാന്‍ മാത്രമാണ്.
അച്ഛന്റെ മരണത്തോടെ അമ്മ ആകെ തകര്‍ന്നുപോയി. എന്നിട്ടും പരസഹായം കൂടാതെ നാലു കുട്ടികളെ വളര്‍ത്തി. അമ്മ ആരോടെങ്കിലും പരാതി പറയുന്നത് ഞാനൊരിക്കലും കേട്ടിട്ടില്ല.
നാല്‍പ്പതു കഴിഞ്ഞ അമ്മയുടെ മുഖത്തു നോക്കിയപ്പോള്‍ ഒരു കാര്യം എനിക്കു ബോധ്യപ്പെട്ടു. അമ്മയ്ക്ക് വയസ്സായിരിക്കുന്നു. നടക്കുന്നത് ശ്രദ്ധിച്ചാലറിയാം ആയാസപ്പെടലുണ്ട്.
അമ്മയ്ക്കിതെന്തുപറ്റി?
മുണ്ടിന്റെ കോന്തല കൊണ്ടു നെറ്റിതുടച്ച് അമ്മ പറഞ്ഞു എനിക്കൊന്നൂല്ല.
ആര്‍മി ഡോക്ടര്‍
രാമന്‍ അപ്ഫന്റെ മകന്‍ കൃഷ്ണന്‍ മേനോന്‍ ആര്‍മിയില്‍ ഡോക്ടറാണ്. ലീവിനു വന്നപ്പോള്‍ ഒരു ദിവസം അദ്ദേഹത്തെ വിളിച്ച് അമ്മയെ കാണിച്ചു. കട്ടിലില്‍ അപ്പോള്‍ എരിപൊരി സഞ്ചാരമാണ്. അമ്മയ്ക്കു നിവര്‍ന്നുകിടന്നു ശ്വാസമെടുക്കാന്‍ വയ്യ. തലയിണ അട്ടിവെച്ച് ഉയരത്തില്‍ കിടക്കാന്‍ മേനോന്‍ നിര്‍ദ്ദേശിച്ചു. ഇഞ്ചക്ഷനും കൊടുത്തു. എന്നിട്ട് എന്നെയും വിളിച്ചു പുറത്തേക്കിറങ്ങി. ഇടവം അടുത്തു തുടങ്ങിയ വൈകുന്നേരങ്ങളായിരുന്നു. നല്ല തണുപ്പുണ്ട്. വഴിപിരിയുന്നിടത്തുവെച്ച് ദൂരത്തേയ്ക്കുനോക്കി മേനോന്‍ പറഞ്ഞു. എന്തായാലും ഇന്നു രാത്രി ഒന്നും സംഭവിക്കില്ല.
ഇടവം
ഇടവം വന്നു. ആരും കൊട്ടാനില്ലാഞ്ഞ് പഴകി തണുത്ത ഒരു ചെണ്ടയായിരുന്നു അത്. ഒന്നിടവിട്ട് നെടുമ്പറമ്പിലെ ജാലകങ്ങളിലൂടെ ഇടവക്കാറ്റൂതി വടക്കിനിയോടു ചേര്‍ന്നുള്ള മുറിയിലായിരുന്നു അമ്മ അപ്പോള്‍ കിടന്നിരുന്നത്. അവിടെനിന്നും കിടപ്പ് തെക്കിനിയിലേയ്ക്കും മാറ്റി. ഞാന്‍ അമ്മയുടെ അടുത്തുതന്നെയിരുന്നു. അമ്മയ്ക്ക് വശം തിരിയാന്‍ പാടില്ല. തിരിഞ്ഞാല്‍ ശ്വാസം കഴിക്കാന്‍ ആയാസമാണ്. എങ്കിലും ഇടയ്ക്കിടയ്ക്കു തിരിയും. അപ്പോള്‍ നേരേ പിടിച്ചു കിടത്തണം.
പണ്ട് യക്ഷികള്‍ വന്നു നില്‍ക്കാറുണ്ടായിരുന്ന മാവിന്‍ പന്തലുകളിലേയ്ക്കു ഞാന്‍ നോക്കി. പച്ചനിറം ഒരു വിദ്യാര്‍ത്ഥിയെപ്പോലെ അവിടെ നിവര്‍ന്നുകിടക്കുന്നു
അമ്മയുടെ കണ്ണ് തുറിക്കുന്നുണ്ടായിരുന്നു. പതിവിലും കവിഞ്ഞ ദണ്ണപെടല്‍. എനിക്കു പരിഭ്രമമായി. ശ്വാസം കഴിക്കാന്‍ ഉടല്‍ മുഴുവന്‍ പിണയ്ക്കുകയാണമ്മ. ഒരു സഹായത്തിന് ആരെയെങ്കിലും വിളിക്കണ്ടേ. എഴുന്നേറ്റോടാന്‍ തുനിഞ്ഞ എന്നെ അമ്മ വിളിച്ചെന്നൊരു തോന്നല്‍. അതെ, വിളിച്ചു. അമ്മ അവ്യക്തമായി എന്തോ പറയുകയാണ്. എനിക്കു മനസ്സിലായി. ഞാന്‍ അമ്മയെ എന്റെ മടിയിലേക്കു കിടത്തി.
അടുത്ത നിമിഷം ഹൃദ്രോഗത്തിന്റെ ആ വിദ്യാലയത്തില്‍ അമ്മയുടെ ഹൃദയമിടിപ്പു കൂട്ടമണി മുഴക്കി. എന്റെ മടിത്തട്ടില്‍ ഒരു മയില്‍പ്പീലിപോലെ ചാഞ്ഞു അമ്മ.
കൂട്ടക്ഷരം
പണ്ട് യക്ഷികള്‍ വന്നു നില്‍ക്കാറുണ്ടായിരുന്ന മാവിന്‍ പന്തലുകളിലേയ്ക്കു ഞാന്‍ നോക്കി. പച്ചനിറം ഒരു വിദ്യാര്‍ത്ഥിയെപ്പോലെ അവിടെ നിവര്‍ന്നുകിടക്കുന്നു.
ചെറിയ രാമന്‍ അപ്ഫനാണ് അമ്മയ്ക്കു ശേഷക്രിയകള്‍ ചെയ്യുന്നത്. നാല്‍പ്പത്തൊന്നു ദിവസം മുടക്കം കൂടാതെ ശ്രാദ്ധക്രിയകളുണ്ട്. കളത്തില്‍ കടക്കാന്‍ പോലും ഞങ്ങള്‍ക്ക് അവകാശമില്ല. ഉടുത്തിരുന്ന തോര്‍ത്തുമുണ്ടിന്റെ അരികുപറ്റി ചുവന്ന നിറത്തില്‍ കിടന്ന കര എന്നെ നോക്കി പരിഹസിച്ചു.
എനിക്കു ഞാന്‍ പോരും. അനിയത്തിമാരും വളര്‍ന്നിരിക്കുന്നു. ഒക്കേലും ഇളയവനാണു പ്രശ്‌നം. നടപ്പു പ്രായമേ ആയിട്ടുള്ളൂ. എല്ലാവരോടും വിളിച്ചു പറയണമെന്നു തോന്നി. ഇനി നമുക്ക് അമ്മയില്ല. ആരുമില്ല.
ഏറ്റെടുക്കാന്‍ ഉത്തരവാദികളാരുമില്ലാത്ത ആ നാലു കുട്ടികള്‍ കൂട്ടക്ഷരം പോലെ അപ്ഫന്മാര്‍ക്കു മുന്നില്‍ നിന്നു.
ചിത്രകാരനായ അപ്ഫന്‍
നെടുമ്പറമ്പില്ലത്ത് ഇതെന്തുപറ്റി? ഉമ്മറത്ത് മരണം കസേരയിട്ടിരുന്ന് ഓരോരുത്തരെയായി എണ്ണം ചേര്‍ക്കുകയാണെന്നു തോന്നുന്നു. ഒടുവിലിതാ ചെറിയ രാമന്‍ അപ്ഫനും.
നെടുമ്പറമ്പില്ലത്ത് ഒരുപക്ഷേ, അടിയന്തിര കാരണങ്ങളൊന്നുമില്ലാതെ ഇത്രയും തിടുക്കപ്പെട്ടു മരിച്ച ഒരാള്‍ ചെറിയ അപ്ഫന്‍ മാത്രമായിരിക്കും. ദേഹശുദ്ധിയോടെ അമ്മയ്ക്കു ശേഷക്രിയ അര്‍പ്പിച്ചുകൊണ്ടിരുന്ന ആളാണ്. നാല്‍പ്പത്തൊന്നു തികയ്ക്കും മുമ്പേ സ്വയം അന്നമായിത്തീര്‍ന്നു.

നെടുമ്പറമ്പ് ഇല്ലം - AI Image generator
പുറത്തളത്തോടു ചേര്‍ന്ന മച്ചു താഴ്ന്ന മുറിയാണ് ചെറിയപ്ഫന്റേത്. ചെറിയ രാമന്‍ അപ്ഫന്‍ വിവാഹം കഴിച്ചത് ഇല്ലം അന്യംനിന്നുപോകാതിരിക്കാനായിരുന്നു. എന്നാല്‍, ദുര്‍ഭാഗ്യം. പിറന്നതു രണ്ടും പെണ്‍കുട്ടികള്‍. അതോടെ ഇല്ലത്തിന്റെ മേല്‍നോട്ടമുള്ള രാമനപ്ഫനും വാസുദേവനപ്ഫനും ഇദ്ദേഹത്തെ തഴഞ്ഞുകളഞ്ഞു. ഗൃഹകാര്യങ്ങളിലോ, അന്യചുമതലകളിലോ ചെറിയപ്ഫന് ഒരു പങ്കും ഇല്ലാതായി. വെറുതെയിരുന്നു മടുത്തു ആ ജന്മം. ഒടുക്കം ഒരു രാത്രിയില്‍ തിരസ്‌കരിക്കപ്പെട്ടവര്‍ക്കു മാത്രം കിട്ടുന്ന അസാധാരണമായ ഊര്‍ജ്ജത്തോടെ ചെറിയ രാമന്‍ അപ്ഫന്‍ മച്ചിലേയ്ക്കു നോക്കി.
കഴുത്തില്‍ ഒരു കുരുക്കിട്ട്, ഒരു ചിത്രം തൂക്കും പോലെ അദ്ദേഹം മച്ചിലെ കൊളുത്തില്‍ തന്നെ തൂക്കിയിട്ടു.
വിഷമസംഖ്യ
രാമന്‍ അപ്ഫനും വാസുദേവനപ്ഫനും കടുത്ത ആലോചനകളിലായിരുന്നു. ഗൃഹകാര്യങ്ങളില്‍ ചില തീര്‍പ്പു കല്പിക്കാനുണ്ട്. പ്രധാന കാര്യം പിന്തുടര്‍ച്ചയുടേതുതന്നെ. വാസുദേവന്‍ അപ്ഫന്‍ വീണ്ടും വേളികഴിക്കാന്‍ നിശ്ചയിച്ചു. അല്ലെങ്കില്‍ ഇല്ലം അന്യം നിന്നുപോകും. മച്ചിലെ ഭഗവതി അതു പൊറുക്കില്ല.
അടുത്ത പ്രശ്‌നം ഞങ്ങളാണ്. ഞാന്‍ മിക്കവാറും എറണാകുളത്തു തന്നെയാണ് പഠനവും താമസവും. അനുജത്തിമാരെ അവര്‍ ബോര്‍ഡിംഗ് സ്‌കൂളിലാക്കി. ഏറ്റവും ഇളയവനെ മുത്തശ്ശിയുടെ പരിഗണനയിലും. ഇല്ലത്തോടു ചേര്‍ന്ന ഒരു പുറംഗൃഹത്തില്‍ അവനു കഴിയാം.
കണക്കെടുപ്പു കഴിഞ്ഞപ്പോള്‍ അധികമായത് ലക്ഷ്മി ആയയാണ്. അപ്ഫന്മാര്‍ കൂട്ടിയ കണക്കില്‍ എന്തോ തെറ്റുണ്ടെന്ന് ഞാനും മുത്തശ്ശിയും പറഞ്ഞു. ഉറക്കെയല്ലെന്നുമാത്രം. അങ്ങനെ പറയാന്‍ ഞങ്ങള്‍ക്ക് അവകാശമില്ലല്ലോ.
ആര്‍ക്കും എടുക്കാനില്ലാതെ മിച്ചംവന്ന ഏതോ വിഷമസംഖ്യയായി ലക്ഷ്മി ആയ. ലക്ഷ്മി ആയയ്ക്ക് ഇറങ്ങുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. കണക്കുപുസ്തകത്തിന്റെ അരികിലെത്തിയപ്പോള്‍ അവര്‍ തിരിഞ്ഞുനോക്കി. ഒരു കഥകളിക്കാരന്‍ കാണിച്ച മുദ്രപോലെ നെടുമ്പറമ്പില്ലം. അതിന്റെ അര്‍ത്ഥം മനസ്സിലാകാതെ അവര്‍ നടന്നു.
കാലങ്ങള്‍ കഴിഞ്ഞുകാണണം. ഞാന്‍ ലക്ഷ്മി ആയയെക്കുറിച്ചോര്‍ത്തു. തലമുറകളെ വളര്‍ത്തി വിജനമായിപ്പോയ ആ ജീവിതത്തെ കണ്ടുപിടിക്കണം. കാലില്‍ വീണു നമസ്‌കരിക്കണം. മുത്തശ്ശിയോടു പറഞ്ഞ് ഞാന്‍ യാത്ര തിരിച്ചു.
അപ്പോഴേയ്ക്കും ലക്ഷ്മി ആയയെ അമ്മയ്ക്കു കളഞ്ഞു കിട്ടിയിരുന്നു.
അനാഥമായിത്തീര്‍ന്ന ആ കുടുംബം തമിഴ്നാട്ടിലേക്കു തിരിച്ചുവന്നു. വീട്ടുവേലകള്‍ ചെയ്ത് ആ സ്ത്രീ കുട്ടികളെ വളര്‍ത്തി. അവരിലൊരാള്‍ പിന്നീട് തമിഴ്നാട്ടിലെ ഒരു പ്രശസ്ത ചലച്ചിത്രതാരവും പ്രമുഖ രാഷ്ട്രീയ നായകനുമായി
അനുബന്ധം
ഈ ആത്മകഥനം അവസാനിക്കും മുന്‍പ് ഒരുകാര്യം കൂടി അനുബന്ധമായി സൂചിപ്പിക്കുന്നത് നന്നായിരിക്കും. പ്രമാദമായ കുറിയേടത്തു താത്രി വിചാരണയുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന ഒരു വിശ്വാസമാണ് ആ കാര്യം. 1905-ല്‍ നടന്ന താത്രി വിചാരണയില്‍ അറുപത്തിയാറോളം വ്യക്തികളുടെ പേരുവിവരങ്ങളാണ് പുറത്തുവന്നത്. അറുപത്തിയാറുപേരില്‍ വിചാരണയുടെ കാലയളവില്‍ തന്നെ രണ്ടുപേര്‍ ദിവംഗതരായിക്കഴിഞ്ഞിരുന്നു. ഒരാള്‍ ഒളിച്ചോടുകയോ മറ്റൊരാള്‍ കടുത്ത രോഗിയാവുകയോ ചെയ്തു. സമൂഹത്തിലെ മാന്യവും വിശിഷ്ടവുമായ പദവികള്‍ അലങ്കരിച്ച പലരും ഈ കേസില്‍ ഉള്‍പ്പെട്ടിരുന്നുവെന്നതാണല്ലോ കുറിയേടത്തു താത്രിയുടെ സ്മാര്‍ത്തവിചാരത്തെ കുപ്രസിദ്ധമാക്കിയത്. എന്നാല്‍, ഈ വിചാരണയില്‍ ഭ്രഷ്ടായവരില്‍ യഥാര്‍ത്ഥത്തില്‍ ഉള്‍പ്പെടാത്ത ഒരു മോനോനുണ്ട്.
തൃശൂരെ ഒരു ജുഡീഷ്യല്‍ ഓഫീസറായിരുന്നു ഈ മേനോന്‍. വിചാരണയെത്തുടര്‍ന്ന് അദ്ദേഹം നാടുവിട്ട് പാലക്കാട്ടേക്ക് പോവുകയും അവിടെനിന്നും ജാതിയില്‍ താഴ്ന്ന ഒരു സ്ത്രീയെ വിവാഹം ചെയ്ത് ജീവിതവഴിക്കായി സിലോണിലേയ്ക്ക് കടക്കുകയും ചെയ്തു. അദ്ദേഹത്തിന് ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുമുണ്ടായി. അല്പകാലം കഴിഞ്ഞ് മേനോന്‍ മരണമടഞ്ഞു. അതോടെ അനാഥമായിത്തീര്‍ന്ന ആ കുടുംബം തമിഴ്നാട്ടിലേക്കു തിരിച്ചുവന്നു. വീട്ടുവേലകള്‍ ചെയ്ത് ആ സ്ത്രീ കുട്ടികളെ വളര്‍ത്തി. അവരിലൊരാള്‍ പിന്നീട് തമിഴ്നാട്ടിലെ ഒരു പ്രശസ്ത ചലച്ചിത്രതാരവും പ്രമുഖ രാഷ്ട്രീയ നായകനുമായി.
യഥാര്‍ത്ഥത്തില്‍ ഈ കുടുംബത്തിന്റെ നാഥനായ മേനോന്‍ കുറിയേടത്തു താത്രി വിചാരണയില്‍ ഉള്‍പ്പെട്ടിരുന്നില്ല. എറണാകുളം സെന്‍ട്രല്‍ ആര്‍ക്കൈവ്സില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകള്‍ ഇതു സാക്ഷ്യപ്പെടുത്തുന്നു. മേനോന്‍ എന്ന പേരില്‍ ഒരാളുടെ പോലും സൂചന വിചാരണ റിപ്പോര്‍ട്ടില്‍ ഇല്ല.
വിശ്വസനീയമായ അറിവ് എന്തെന്നാല്‍, മേനോന്റെ യഥാര്‍ത്ഥ പേര്‍ മേലക്കത്ത് ഗോപാലമേനോന്‍ എന്നാണ്. ഇരിങ്ങാലക്കുടയിലെ വട്ടപ്പറമ്പില്‍ നായര്‍ കുടുംബത്തില്‍പ്പെട്ട മീനാക്ഷിയമ്മയാണ് അദ്ദേഹത്തിന്റെ ഭാര്യ. ആ ദമ്പതികള്‍ക്ക് രണ്ടു പെണ്‍മക്കളുണ്ടായിരുന്നു. ഗോപാലമേനോന്‍ നാം നേരത്തെ സൂചിപ്പിച്ച വിധം നാടുവിട്ട് രാജ്യം കറങ്ങേണ്ടിവന്നതിനു കാരണം 1903-ല്‍ നടന്ന ഒരു സ്മാര്‍ത്തവിചാരമായിരിക്കാനാണ് സാദ്ധ്യത. തലപ്പിള്ളി താലൂക്കിലെ ഒരു അന്തര്‍ജ്ജനമായിരുന്നു ആ വിചാരണയുടെ മുഖ്യകേന്ദ്രം. നമ്പൂതിരി മുതല്‍ ക്ഷുരകന്‍ വരെ പെടുന്ന പതിനഞ്ചോളം വ്യക്തികളുടെ പേര്‍ അവര്‍ പറഞ്ഞു. മേലക്കത്ത് ഗോപാലമേനോനും അതിലുള്‍പ്പെട്ടിരിക്കാനാണിട. എന്നാല്‍, താത്രിയുടെ വിചാരണക്കാലം ഇതിന് തൊട്ടടുത്തായിരുന്നതിനാല്‍ യാദൃച്ഛികമായി മേനോന്റെ പേരും ആ വിചാരണയുടെ ഭാഗമായിത്തീര്‍ന്നു; വാസ്തവമതല്ലെങ്കിലും. അടുത്തിടെ ഒരു പ്രമുഖ വാരികയിലും ഈ തെറ്റ് ആവര്‍ത്തിച്ചതു കണ്ടു.
കേരളത്തിന്റെ ചരിത്രപരമായ സവിശേഷതകള്‍ അനുഭവിച്ച ജീവിതമാണ് എന്റേത്. അതു പറഞ്ഞുവരുമ്പോള്‍, ആകസ്മികമായി ചരിത്രത്തില്‍ സംഭവിച്ച ഒരു ക്രമത്തെറ്റ് സൂചിപ്പിക്കുന്നത് യുക്തമാണെന്നു തോന്നി. അതുകൊണ്ടാണ് അതേപ്പറ്റി ഇവിടെ വിശദീകരിക്കാന്‍ നിശ്ചയിച്ചത്. ചരിത്രത്തിന്റെ മാപ്പുസാക്ഷിയായി, ഒരുപറ്റം വൃക്ഷങ്ങള്‍ക്കും ഹരിതവ്യൂഹങ്ങള്‍ക്കും നടുവില്‍ അനാഥമായി നില്‍ക്കുന്ന എന്റെ നെടുമ്പറമ്പില്ലത്തെ നമസ്‌കരിച്ചുകൊണ്ട് ഞാന്‍ നിര്‍ത്തട്ടെ.
(അവസാനിച്ചു)




Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates