'പെണ്ണുകാണാനെത്തി'; വയോധികയുടെ മാല കവര്‍ന്നു, കയ്യോടെ പിടികൂടി നാട്ടുകാര്‍

തിരൂരില്‍ പെണ്ണ് കാണാനെന്ന വ്യാജേനയെത്തിയയാള്‍ വയോധികയുടെ രണ്ട് പവന്‍ സ്വര്‍ണ്ണമാല കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയില്‍

അറസ്റ്റിലായ അഷ്‌റഫ്
Last Updated :20 January 2024, 9:24 am IST

മലപ്പുറം: തിരൂരില്‍ പെണ്ണ് കാണാനെന്ന വ്യാജേനയെത്തിയയാള്‍ വയോധികയുടെ രണ്ട് പവന്‍ സ്വര്‍ണ്ണമാല കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയില്‍. പട്ടരുപറമ്പ് കാളാട് സ്വദേശി ചെമപ്പത്തൊടുവില്‍ അഷ്‌റഫിനെയാണ് (49) നാട്ടുകാര്‍ പിടികൂടി തിരൂര്‍ പൊലീസിലേല്‍പ്പിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ വെട്ടം പച്ചാട്ടിരി കോട്ടേക്കാട് സ്വദേശിനി ചാലക്കപ്പറമ്പില്‍ സരസ്വതിയുടെ വീട്ടിലാണ് അഷ്‌റഫ് പെണ്ണുകാണാനെന്ന വ്യാജേനെയെത്തിയത്.

മകളെ പെണ്ണ് കാണാന്‍ വന്നതാണന്നും കുടിക്കാന്‍ വെള്ളം വേണമെന്നും പറഞ്ഞ് ഇയാള്‍ വീട്ടിനുള്ളിലേക്ക് കയറുകയും വയോധികയുടെ കയ്യില്‍ നിന്നും വെള്ളം വാങ്ങി കുടിക്കുന്നതിനിടെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. വയോധിക ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടികൂടി യുവാവിനെ പിടികൂടി. 

തിരൂര്‍ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. തിരൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയെ ഇതിന് മുന്‍പ് ഇയാള്‍ സുഹൃത്തിനായി പെണ്ണുകാണാനെത്തിയിരുന്നു. വീട്ടില്‍ വയോധിക തനിച്ചാണന്നുള്ള സാഹചര്യം ബോധ്യപ്പെട്ടതുകൊണ്ടാണ് ഇയാള്‍ വീണ്ടും വന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രതി വന്ന ഇരുചക്ര വാഹനത്തിന്റെ നമ്പര്‍ വ്യാജമാണന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now