'ആനയുടെ കാല്‍ ദേഹത്ത്; എല്ലൊടിയുന്ന ശബ്ദം കേട്ടു, മരണം മുന്നില്‍ക്കണ്ട നിമിഷം'

മസ്തകം കൊണ്ട് തള്ളി വീഴ്ത്തി.തുമ്പിക്കൈ കൊണ്ട് അടിച്ചു.ഒടുവില്‍ കാലില്‍ ചവിട്ടി...ജീവന്‍ പോകുമെന്ന് ഉറപ്പിച്ച നിമിഷങ്ങള്‍...

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:48 am IST
Edited by :migrator


കോട്ടയം: മസ്തകം കൊണ്ട് തള്ളി വീഴ്ത്തി.തുമ്പിക്കൈ കൊണ്ട് അടിച്ചു.ഒടുവില്‍ കാലില്‍ ചവിട്ടി...ജീവന്‍ പോകുമെന്ന് ഉറപ്പിച്ച നിമിഷങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കിടന്ന് ഓര്‍ത്തെടുത്തപ്പോള്‍ അറുമുഖം കണ്ണന് വിറയല്‍ മാറുന്നില്ല. 

വനംവകുപ്പിലെ സ്ഥിരം വാച്ചറാണ് കുമളി കൊച്ചുപറമ്പില്‍ അറുമുഖം കണ്ണന്‍ (65).കണ്ണനെയും ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ വിവേക്, താത്ക്കാലിക വാച്ചര്‍മാരായ സെന്തില്‍, ശോഭന്‍ എന്നിവരെയും പെരിയാര്‍ വന്യമൃഗ സങ്കേതത്തിലെ ഈറ്റപ്പന്തല്‍ ഭാഗത്താണ് ചൊവ്വാഴ്ച വൈകിട്ട് നാലിന് കാട്ടാന ആക്രമിച്ചത്.

കാട്ടില്‍ പതിവു പരിശോധന കഴിഞ്ഞ് വരികയായിരുന്നു. രണ്ടു തവണ കാട്ടാനക്കൂട്ടത്തെ കണ്ടിരുന്നു. ഒടുവില്‍ പുല്‍മേട് കയറ്റം കയറി നേരെ ചെന്നത് കാട്ടാനക്കൂട്ടത്തിന്റെ മുന്നിലാണ്. ഞങ്ങള്‍ നാലുപേരും ചിതറിയോടി. ഞാന്‍ മരത്തിന്റെ വേരില്‍ തട്ടി വീണു. എഴുന്നേല്‍ക്കുമ്പോഴേക്കും ആന മുന്നിലെത്തി. ആദ്യം മസ്തകം കൊണ്ട് തള്ളി വീഴ്ത്തി. തുമ്പിക്കൈ കൊണ്ട് അടിച്ചു. ഒടുവില്‍ കാലില്‍ ചവിട്ടി  മുകളിലൂടെ ആന കടന്നു പോയി. എല്ലൊടിയുന്ന ശബ്ദം കേട്ടു. മലര്‍ന്നു കിടന്നപ്പോള്‍ കണ്ടത് ആനയുടെ വയര്‍ഭാഗം ആണ്. 

ആന കുറച്ചു ദൂരെയായപ്പോള്‍ ഓടി രക്ഷപ്പെടണമെന്നു തോന്നി. ചവിട്ടേറ്റ് ഇടതുകാലിന്റെ കുഴ ഒടിഞ്ഞതിനാല്‍ കാല്‍ അനക്കാന്‍പോലും കഴിഞ്ഞില്ല. അപ്പോഴേക്കും കൂടെയുണ്ടായിരുന്നവര്‍ ഓടിയെത്തി ബഹളം വച്ച് ആനയുടെ ശ്രദ്ധ മാറ്റി. എന്നെ തോളില്‍ എടുത്തുകൊണ്ട് 4 കിലോമീറ്റര്‍ നടന്ന് വാഹനം എത്തുന്ന ഐസി ടണല്‍ ഭാഗം വരെ എത്തിച്ചു. അപ്പോഴേക്കും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനവുമായി ഇവിടെ കാത്തുനിന്നിരുന്നു.- കണ്ണന്‍ ഓര്‍ത്തെടുക്കുന്നു, 

18 വര്‍ഷമായി വനം വകുപ്പില്‍ വാച്ചറായി ജോലി ചെയ്തു വരികയാണ് കണ്ണന്‍. മിക്ക ദിവസങ്ങളിലും കാട്ടാനക്കൂട്ടത്തെ അടുത്തു കാണാറുണ്ടെങ്കിലും ആക്രമണമേല്‍ക്കുന്നത് ആദ്യമാണ്. കണ്ണന്റെ കാലിന്റെ അസ്ഥിക്കു ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കാലിന് ഒടിവുണ്ട്. ആനയുടെ കാല്‍ അമര്‍ന്ന സ്ഥലത്തെ പേശികള്‍ തകര്‍ന്നു. തൊലിക്ക് ചതവും പറ്റിയിട്ടുണ്ട്. സ്‌കാനിങ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തി. ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ശസ്ത്രക്രിയ തീരുമാനിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now