തൊണ്ടിമുതല്‍ കേസ്: ആന്റണി രാജു കുറ്റക്കാരന്‍, എംഎല്‍എ സ്ഥാനം തുലാസില്‍

മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്നാണ് കേസ്.

Antony raju
Antony Raju ഫെയ്സ്ബുക്ക്
Edited by :എന്‍ പി അനൂപ്
Last Updated :3 ജനുവരി 2026, 11:24 am IST

തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി കേസില്‍ മുന്‍മന്ത്രിയും ഇടത് എംഎല്‍എയുമായ ആന്റണി രാജുവിന് തിരിച്ചടി. മുന്‍ മന്ത്രിയുള്‍പ്പെടെ കേസിലെ രണ്ട് പ്രതികളും കുറ്റക്കാരെന്ന് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചു. ഒന്നാം പ്രതിയായ കോടതി ജീവനക്കാരനായിരുന്ന ജോസ്, രണ്ടാം പ്രതി ആന്റണി രാജു എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്നാണ് കേസ്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിശ്വാസ വഞ്ചന, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് നിര്‍മിക്കല്‍, പൊതു സേവകന്റെ നിയമ ലംഘനം, വ്യാജ രേഖ ചമയ്ക്കല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങളില്‍ പ്രതികള്‍ ശിക്ഷയ്ക്ക് അര്‍ഹരാണെന്നാണ് കോടതി കണ്ടെത്തിയത്.

കുറ്റപത്രം സമര്‍പ്പിച്ച് 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പറയുന്നത്. 1994 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പതിമൂന്ന് വര്‍ഷം കഴിഞ്ഞാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്റെ ആവശ്യത്തിനൊപ്പം സ്വകാര്യ ഹര്‍ജിയും കണക്കിലെടുത്ത് ഐപിസി 465, 468 എന്നീ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയത്.

1990 ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ലഹരി മരുന്നുമായി പിടിയിലായ വിദേശിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ആന്റണി രാജു തൊണ്ടി മുതലില്‍ കൃത്രിമം നടത്തിയെന്നാണ് കേസ്. തുടര്‍ന്ന് പ്രതി കേസില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. പിന്നാലെ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഇയാള്‍ സഹതടവുകാരനോട് ഇക്കാര്യം തുറന്ന് പറയുകയായിരുന്നു.

കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സുപ്രീം കോടതിയില്‍ ഉള്‍പ്പെടെ ഹര്‍ജി നല്‍കിയിരുന്നു. ഇതാണ് വിചാരണ വൈകാന്‍ ഇടയാക്കിയത്. ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു നെടുമങ്ങാട് കോടതിയിലെ അന്തിമവാദം. കേസില്‍ 29 സാക്ഷികളാണ് ഉണ്ടായിരുന്നത്. പത്തൊന്‍പത് പേരെയാണ് വിസ്തരിച്ചത്. മരണവും രോഗവും മൂലം എട്ടുപേരെയും, രണ്ടുപേരെ പ്രോസിക്യൂഷനും സാക്ഷിപട്ടികയില്‍ നിന്ന് നീക്കിയിരുന്നു ഒഴിവാക്കിയിരുന്നു.

News Now

Summary

ex-Kerala Minister Antony Raju convict in evidence tampering case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates