കുട്ടിക്കു സംസാരശേഷിയില്ലാത്തതിനാൽ കിണറ്റിൽ വീണത് ആരും അറിഞ്ഞില്ല.

Child death
മരിച്ച ധ്രുവൻ Source by : സ്ക്രീൻഷോട്ട്
Last Updated :15 February 2025, 8:10 am IST

News Now

തിരുവനന്തപുരം: നേമം കുളക്കുടിയൂർക്കോണത്ത് വീട്ടുമുറ്റത്തെ മേൽമൂടിയില്ലാത്ത കിണറ്റിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു. സുമേഷ് - ആര്യ ദമ്പതിമാരുടെ മകൻ ധ്രുവൻ ആണ് മരിച്ചത്. പാവക്കുട്ടിയെ തിരയുന്നതിനിടെ കുട്ടി കിണറ്റിൽ വീണതാകാമെന്നാണ് പ്രാഥമിക നി​ഗമനം. കുട്ടിക്കു സംസാരശേഷിയില്ലാത്തതിനാൽ കിണറ്റിൽ വീണത് ആരും അറിഞ്ഞില്ല.

മകനെ കാണാത്തതിനെത്തുടർന്ന് അമ്മ ആര്യ നടത്തിയ തിരച്ചിലിനൊടുവിലാണ് കിണറ്റിൽ വീണ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. വൈകിട്ട് നഴ്‌സറി വിട്ടുവന്ന ശേഷം വീട്ടുമുറ്റത്ത് രണ്ടു വയസുള്ള സഹോദരി ധ്രുവികയോടൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ധ്രുവൻ. പെയിന്റിങ് തൊഴിലാളിയായ അച്ഛൻ സുമേഷ് ജോലിക്കു പോയിരിക്കുകയായിരുന്നു.

തുണി അലക്കിയതിന് ശേഷം അമ്മ ആര്യ വന്നു നോക്കിയപ്പോഴാണ് ധ്രുവനെ കാണാനില്ലെന്ന് മനസിലായത്. തിരച്ചിലിൽ കിണറിനു സമീപത്ത് കസേര കണ്ടതിനെ തുടർന്നാണ് കിണറ്റിൽ പരിശോധിച്ചത്. കുട്ടി കസേരയിൽ കയറിനിന്ന് കൈവരിക്കു മുകളിലൂടെ എത്തി നോക്കിയതാകാമെന്നാണ് സംശയിക്കുന്നത്. ഏകദേശം ഒരുമണിക്കൂറോളം കുഞ്ഞ് കിണറ്റിൽ കിടന്നു.

അഗ്നിരക്ഷാസേനയെത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ധ്രുവൻ വീടിനു സമീപത്തുള്ള സൈനിക് ഡേ പ്രീ പ്രൈമറി സ്‌കൂളിലാണ് പഠിക്കുന്നത്.

ഒരാഴ്ച മുൻപ്‌ ധ്രുവൻ തന്റെ പാവക്കുട്ടിയെ കിണറ്റിലെറിഞ്ഞിരുന്നു. അതെടുക്കാനായിരിക്കാം കുഞ്ഞ് കസേര വലിച്ചിട്ട് കിണറിലെത്തി നോക്കിയതെന്നു സംശയിക്കുന്നു. അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ ഈ പാവക്കുട്ടിയും കിട്ടി. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates