തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം; ബൈക്കിലെത്തിയ സംഘം അഴിഞ്ഞാടി; 16 വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു

നിര്‍ത്തിയിട്ടിരുന്ന 9 ലോറി, 3 കാര്‍, നാല് ബൈക്ക് എന്നിവ അടിച്ചു തകര്‍ത്തു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:52 am IST
Edited by :migrator

കൊച്ചി: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. ബാലരാമപുരത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം പത്തിലധികം വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. ആക്രമണത്തിനിടെ രണ്ടു പേര്‍ക്കു പരുക്കേറ്റു. പ്രതികളിലൊരാളായ മിഥുനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെയും മാറനല്ലൂര്‍ സ്റ്റേഷന്‍ പരിധിയില്‍ മിഥുന്‍ ഇതേ രീതിയില്‍ ആക്രമണം നടത്തിയിരുന്നു.

ബാലരാമപുരം എരുത്താവൂര്‍, റസ്സല്‍പുരം തുടങ്ങിയ ഭാഗങ്ങളിലാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം ആക്രണം നടത്തിയത്. നിര്‍ത്തിയിട്ടിരുന്ന 9 ലോറി, 3 കാര്‍, നാല് ബൈക്ക് എന്നിവ അടിച്ചു തകര്‍ത്തു. എരുത്താവൂര്‍ സ്വദേശിയായ അനുവിന്റെ കടയുടെ മുന്നില്‍ നിര്‍ത്തിയിരുന്ന സ്‌കൂട്ടറും പൂര്‍ണമായി അടിച്ചു തകര്‍ത്തു. കാര്‍ യാത്രക്കാരനായ ജയചന്ദ്രനും, ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷീബ കുമാരിക്കുമാണ് വെട്ടേറ്റു പരിക്കുപറ്റിയത്.

പരിഭ്രാന്തരായ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ഇവരെ പിന്തുടര്‍ന്നു. പ്രതികള്‍ സഞ്ചരിച്ച ബൈക്ക് ഉപേക്ഷിച്ച് കടന്നുകളയുന്നതിനിടയിലാണ് നരുവാമൂട് സ്വദേശി മിഥുനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മിഥുന്‍ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് പറയുന്നു. കൂട്ടുപ്രതിക്കു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now