ശാന്തന്‍പാറയില്‍ വയോധികയുടെ വീടിന് നേരെ ഗുണ്ടാ ആക്രമണം; വീട് തകര്‍ത്തു, 40 പവനും മൂന്ന് ലക്ഷം രൂപയും കവര്‍ന്നു

ശാന്തന്‍പാറയില്‍ വയോധികയുടെ വീടിന് നേരെ പതിനഞ്ച് അംഗ ഗുണ്ടാ സംഘത്തിന്റെ ആക്രമണം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:32 am IST

ഇടുക്കി: ശാന്തന്‍പാറയില്‍ വയോധികയുടെ വീടിന് നേരെ പതിനഞ്ച് അംഗ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. വീടും, വീട്ടുപകരണങ്ങളും തകര്‍ത്ത് 40 പവന്‍ സ്വര്‍ണ്ണവും 3 ലക്ഷം രൂപയും കവര്‍ന്നു. പന്തടിക്കളം സ്വദേശിനി ജലീന മേരി ഗില്‍ബര്‍ട്ടിന്റെ വീടാണ് ആക്രമിച്ചത്. അക്രമി സംഘത്തിലെ 4 പേരെ ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തു. 

ശനിയാഴ്ച്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് ആക്രമണം ഉണ്ടായത്. രാജാക്കാട്, ശാന്തന്‍പാറ സ്വദേശികളായ ആദര്‍ശ്, ജോസഫ്, വിജയന്‍, അസീം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിജയന്റെ നേതൃത്വത്തില്‍ എത്തിയ സംഘം ജെലീനയുടെ വീട് ആക്രമിച്ച് കട്ടിലും മേശയും അടുക്കള ഉപകരണങ്ങളും വാട്ടര്‍ ടാങ്കും ഉള്‍പ്പെടെയുള്ള സാധന സാമഗ്രികള്‍ അടിച്ച് തകര്‍ക്കുകയായിരുന്നു. 

ജനാലകളും, മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കും തകര്‍ത്തു. തുണി, പാചകവാത സിലിണ്ടര്‍, ഗ്യാസ് സ്റ്റവ് തുടങ്ങിയവയും നശിപ്പിച്ചു.ഏലക്കാ വിറ്റ് കിട്ടിയ മൂന്ന് ലക്ഷം രൂപയും മരുമക്കളുടെ 40 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും കാണാതായതായി പരാതില്‍ പറയുന്നു. ആക്രമണം നടന്നപ്പോള്‍ ജലീനയും, അഞ്ച് വയസുള്ള പേരക്കുട്ടിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. 

ഇവര്‍ കുട്ടിയെയും എടുത്തുകൊണ്ട് പുറത്തേയ്ക്ക് ഓടി രക്ഷപെട്ടു. തുടര്‍ന്ന് ഫോണില്‍ ബന്ധുക്കളെ വിവരമറിയിച്ചു. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് ശാന്തന്‍പാറ പൊലീസ് സ്ഥലത്തെത്തി. സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now