പിഎസ്‌സി പരീക്ഷാക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിലേയ്ക്ക്, നിയമോപദേശത്തിന് ആഭ്യന്തരവകുപ്പ്

ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയുമായി ബന്ധപ്പെട്ട ക്രമക്കേട് അന്വേഷിക്കുന്നതിന് നിയമ തടസ്സമുണ്ടോ എന്നതിലാണ് ഉപദേശം തേടുന്നത്.

psc
പിഎസ്‌സിഫയല്‍ ചിത്രം
Edited by :ആതിര അഗസ്റ്റിന്‍
Last Updated :5 ജൂലൈ 2026, 6:56 am IST

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷയുടെ ഉത്തരം മൂല്യനിര്‍ണയം ചെയ്യാതെ വിട്ടതിലുള്ള അന്വേഷണം സംസ്ഥാന പൊലീസ് ഏറ്റെടുത്തേക്കും. വിജിലന്‍സിനെ അന്വേഷണച്ചുമതല ഏല്‍പ്പിക്കുന്നതിനെക്കുറിച്ചാണ് ആലോചന. നിയമോപദേശം തേടാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചു. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയുമായി ബന്ധപ്പെട്ട ക്രമക്കേട് അന്വേഷിക്കുന്നതിന് നിയമ തടസ്സമുണ്ടോ എന്നതിലാണ് ഉപദേശം തേടുന്നത്.

പിഎസ്‌സിയുടെ അന്വേഷണം ശരിയായ വിധത്തിലല്ലെന്നാണ് ആരോപണം. ചെയര്‍മാന് കീഴിലുള്ള ഉദ്യോഗസ്ഥയ്ക്കാണ് ഇപ്പോള്‍ അന്വേഷണച്ചുമതല. അന്വേഷണം അട്ടിമറിക്കാനാണിതെന്നാണ് വിമര്‍ശം. ഈ സാഹചര്യത്തിലാണ് അന്വേഷണം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുക്കും.

ആസൂത്രണ ബോര്‍ഡിലെ മൂന്ന് വിഭാഗങ്ങളുടെ ചീഫ് തസ്തികയ്ക്കുള്ള പൊതുപരീക്ഷയില്‍ 10 ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ വിട്ടിരുന്നു. ഇതില്‍ രണ്ടു തസ്തികകളുടെ റാങ്ക്പട്ടിക പ്രസിദ്ധീകരിച്ച് രണ്ടു പേര്‍ക്ക് നിയമനം നല്‍കി. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ പരാതിയെത്തിയപ്പോഴാണ് പിഴവ് പിഎസ്‌സി സമ്മതിച്ചത്. മൂന്ന് തസ്തികകള്‍ക്കായി ഇരുനൂറിലേറെപ്പേര്‍ പരീക്ഷയെഴുതിയിരുന്നു. അവരുടെയെല്ലാം ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയം നടത്തി റാങ്ക്പട്ടിക പരിഷ്‌കരിക്കുമെന്നും പിഎസ്‌സി അറിയിച്ചു. അതിനുള്ള നടപടികളൊന്നുമായിട്ടില്ല.

ഫിഷറീസ് വകുപ്പിലെ എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഡിവൈഎസ്പി (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്), ലോ കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍, കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെഎഎസ്), സര്‍വകലാശാല പിആര്‍ഒ തസ്തികകളിലെ തെരഞ്ഞെടുപ്പ് നടപടികളെക്കുറിച്ചാണ് പരാതികള്‍ വന്നിട്ടുള്ളത്. ഇവയെക്കുറിച്ചും നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് വകുപ്പുമന്ത്രിമാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പരാതികളും വിജിലന്‍സ് അന്വേഷണത്തിന് കൈമാറാനാണ് ആലോചന.

News Now

Summary

Government considering Vigilance probe into PSC Planning Board exam evaluation failures

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates