പ്രത്യേക നിയമസഭ സമ്മേളനം ചേരുന്നതിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടിയില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി നല്‍കിയ കത്തിന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും/ ഫയല്‍ ചിത്രം
Last Updated :20 January 2024, 8:34 am IST

News Now

തിരുവനന്തപുരം: പ്രത്യേക നിയമസഭ സമ്മേളനം ചേരുന്നതിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടിയില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി നല്‍കിയ കത്തിന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രത്യേക സമ്മേളനത്തിന് അനുമതി തേടിയത് ചട്ടപ്രകാരമല്ലെന്നാണ് ഗവര്‍ണറുടെ മറുപടി. അടിയന്തര സാഹചര്യം വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിശദീകരിച്ചില്ല. മുഖ്യമന്ത്രി നല്‍കിയ കത്തിലെ വാദങ്ങള്‍ തെറ്റാണ്. മുഖ്യമന്ത്രിയുടെ കത്ത് മാധ്യമങ്ങളിലൂടെ പുറത്തായതിലും ഗവര്‍ണര്‍ അതൃപ്തി അറിയിച്ചു.

പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കടുത്ത ഭാഷയിലാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി പ്രതികരിച്ചത്. ഗവര്‍ണറുടെ നടപടി ഭരണഘടന പ്രകാരമല്ല എന്നും സഭ വിളിക്കാനോ സഭാസമ്മേളനം അവസാനിപ്പിക്കാനോ ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ലെന്നും ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പറയുന്നു. രാഷ്ട്രപതിയും ഗവര്‍ണറും മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് പ്രവര്‍ത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ മുഖ്യമന്ത്രിയുടെ കത്തില്‍ പറഞ്ഞ വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നാണ് ഗവര്‍ണറുടെ മറുപടി. മുഖ്യമന്ത്രിയുടെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണ്. സര്‍ക്കാര്‍ ആരോപിക്കുന്ന കാര്യങ്ങള്‍ താന്‍ ചെയതിട്ടില്ല.  പ്രത്യേക സമ്മേളനത്തിനായി ചട്ടപ്രകാരമുള്ള അപേക്ഷയല്ല സര്‍ക്കാരില്‍ നിന്ന് വന്നത്. ജനുവരി എട്ടിനാരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന് നല്‍കിയ അനുമതി പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തെയും ഗവര്‍ണര്‍ ചോദ്യം ചെയ്യുന്നുണ്ട് . എന്താണ് പ്രത്യേക സമ്മേളനം ചേരാനുള്ള അടിയന്തിര സാഹചര്യം എന്ന ചോദ്യത്തിനു സര്‍ക്കാര്‍ മറുപടി നല്‍കിയില്ലെന്നും ഗവര്‍ണറുടെ മറുപടി കത്തില്‍ പറയുന്നു. 

അതീവ രഹസ്യസ്വഭാവമുള്ളത് എന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയുടെ കത്ത് ലഭിക്കുന്നത്. എന്നാല്‍ കത്ത് മാധ്യമങ്ങളിലൂടെ പുറത്തായ കാര്യവും ഗവര്‍ണര്‍ കത്തില്‍ പറയുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates