ഹാര്‍ഡ് ഡിസ്‌ക് കായലില്‍ എറിഞ്ഞു; മോഡലുകളുടെ അപകടമരണത്തില്‍ ഹോട്ടല്‍ ജീവക്കാരന്റെ വെളിപ്പെടുത്തല്‍

ഹോട്ടലുടമയുടെ നിര്‍ദേശ പ്രകാരമാണ് ഇത് ചെയ്തതെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ മൊഴി നല്‍കി

അന്‍സി കബീര്‍ -അന്‍ജന ഷാജന്‍
Last Updated :20 January 2024, 8:51 am IST
Edited by :migrator

കൊച്ചി: മുന്‍ മിസ് കേരളയും റണ്ണറപ്പും സുഹൃത്തും വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഹാര്‍ഡ് ഡിസ്‌ക് കായലിലെറിഞ്ഞെന്ന് ഹോട്ടല്‍ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍. ഹോട്ടലുടമയുടെ നിര്‍ദേശ പ്രകാരമാണ് ഇത് ചെയ്തതെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ മൊഴി നല്‍കി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡര്‍ (ഡിവിആര്‍) നശിപ്പിച്ചതിന് ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയി ജോസഫ് വയലാട്ടിനെ അറസ്റ്റ് ചെയ്തിരുന്നു.  ഇയാള്‍ക്കൊപ്പം മെല്‍വിന്‍, വിഷ്ണു, ലിന്‍സന്‍, ഷിജു ലാല്‍, അനില്‍ എന്നീ അഞ്ച് ഹോട്ടല്‍ ജീവനക്കാരെയും പൊലീസ് അറസ്റ്റു ചെയ്തു.

രണ്ട് ജീവനക്കാരെ ഡിവിആര്‍ ഉപേക്ഷിച്ചെന്ന് സംശയിക്കുന്ന തേവര കണ്ണങ്കാട്ട് പാലത്തില്‍ എത്തിച്ച് തെളിവെടുക്കുകയും ചെയ്തിരുന്നു. 
റോയിയെ ചൊവ്വാഴ്ച 11 മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ചയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. രാവിലെ പാലാരിവട്ടം പൊലീസ് സ്‌റ്റേഷനില്‍ ഹാജരായ റോയ് ജെ. വയലാട്ടുമായി നമ്പര്‍ 18 ഹോട്ടലില്‍ പൊലീസ് പരിശോധന നടത്തി.

റോയി പൊലീസിന് കൈമാറിയ ഡിവിആറില്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ഇല്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഹോട്ടലില്‍ വീണ്ടും പരിശോധന നടത്തിയത്. ഇതിനു പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതിന് റോയിയെ ഉള്‍പ്പെടെ ആറു പേരെ അറസ്റ്റ് ചെയ്തത്.

ഹോട്ടലുടമയുടെ ഇടപെടലില്‍ സംശയമെന്ന് അന്‍സിയുടെ വീട്ടുകാര്‍

അതേസമയം മോഡലുകളുടെ അപകടമരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് അന്‍സി കബീറിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ വിപുലമായ അന്വേഷണം ആവശ്യപ്പെട്ടാണ് അന്‍സി കബീറിന്റെ കുടുംബം പാലാരിവട്ടം പൊലീസിന് പരാതി നല്‍കിയത്. നമ്പര്‍ 18 ഹോട്ടലുടമ റോയിയുടെ ഇടപെടലുകളില്‍ സംശയമുണ്ടെന്നും ഹോട്ടലിലെ ദൃശ്യങ്ങള്‍ റോയി നശിപ്പിച്ചെന്നാണ് പൊലീസ് തങ്ങളെ അറിയിച്ചതെന്നും അന്‍സിയുടെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. 

അന്‍സിയുടെ കാറിനെ മറ്റൊരു കാര്‍ പിന്തുടര്‍ന്നത് എന്തിനെന്ന് അറിയണം. റോയിയെ നേരത്തെ അറിയില്ല. ഇയാളെക്കുറിച്ച് യാതൊരു ധാരണയുമില്ല. പോലീസിന്റെ ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണ്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങള്‍ പുറത്തുവരാത്തത് എന്തുകൊണ്ടാണെന്നാണ് ചോദ്യം. ദൃശ്യങ്ങള്‍ നശിപ്പിച്ചിട്ടും റോയിക്കെതിരേ പൊലീസ് നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും അന്‍സിയുടെ ബന്ധുക്കള്‍ ചോദിച്ചു. 

ഡ്രൈവര്‍ ജാമ്യത്തിലിറങ്ങി

അതിനിടെ, അന്‍സി കബീറും അന്‍ജന ഷാജനും സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ മാള സ്വദേശി അബ്ദുള്‍ റഹ്മാന്‍ ബുധനാഴ്ച വൈകിട്ടോടെ ജാമ്യത്തിലിറങ്ങി. കേസില്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യ അടക്കമുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരുന്നത്. ഇതില്‍ ജാമ്യം ലഭിച്ചതോടെയാണ് കാക്കനാട് ജയിലില്‍നിന്ന് അബ്ദുള്‍ റഹ്മാന്‍ പുറത്തിറങ്ങിയത്. ജയില്‍മോചിതനായ ഇയാളെ കൂട്ടിക്കൊണ്ടുപോകാന്‍ സുഹൃത്തുക്കളും കാക്കനാട് ജയിലില്‍ എത്തിയിരുന്നു. മാധ്യമങ്ങളോട് പ്രതികരിക്കാതെ ഉടന്‍തന്നെ ഇവര്‍ കാറില്‍ മടങ്ങി
 

Related Article

മോഡലുകളുടെ അപകടമരണം; 'നമ്പര്‍ 18' ഹോട്ടല്‍ ഉടമ അറസ്റ്റില്‍; നിര്‍ണായക വഴിത്തിരിവ്

മകളുടെ കാറിനെ മറ്റൊരു വാഹനം പിന്തുടര്‍ന്നത് എന്തിന്?: ഹോട്ടലുടമ ദൃശ്യങ്ങള്‍ നശിപ്പിച്ചു; പരാതിയുമായി അന്‍സിയുടെ കുടുംബം

'നമ്പര്‍ 18' ലെ ഡിജെ പാര്‍ട്ടിയില്‍ ജോജു പങ്കെടുത്തോ?; പെരുമാറ്റം ദുരൂഹം; അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now