പനി, ഛർദ്ദി, വയറിളക്കം; ബത്തേരിയിൽ ഒരു സ്കൂളിലെ 150 വിദ്യാർഥികൾ ചികിത്സ തേടി

school students
school studentsപ്രതീകാത്മക ചിത്രം
Last Updated :6 June 2026, 7:30 pm IST
Edited by :രഞ്ജിത്ത് കാർത്തിക

കൽപ്പറ്റ: കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിലെ 150ഓളം വിദ്യാർഥികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടി. പനി, ഛർദ്ദി, വയറിളക്കം തുടങ്ങിയ വിവിധ ആരോ​ഗ്യ പ്രശ്നങ്ങളാണ് കുട്ടികൾ നേരിട്ടത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് കുട്ടികൾക്ക് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. നിലവിൽ 20ഓളം വിദ്യാർഥികൾ ബത്തേരി താലൂക്ക് ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലാണ്.

സ്കൂളിലെ ജലസ്രോതസിലൂടെയാകാം രോഗബാധ പടർന്നതെന്നാണ് ആരോഗ്യ വകുപ്പ് സംശയിക്കുന്നത്. ബാക്ടീരിയ അണുബാധയ്ക്കുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ജലസാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.

രക്തത്തിന്റെയും മലത്തിന്റെയും സാമ്പിളുകൾ വിശദ പരിശോധനയ്ക്കായി മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേഖ അറിയിച്ചു. പരിശോധനാ ഫലങ്ങൾ ലഭിച്ച ശേഷമേ രോഗബാധയുടെ യഥാർഥ കാരണം വ്യക്തമാകൂവെന്നും അവർ പറഞ്ഞു.

ബുധനാഴ്ചയാണ് ആദ്യമായി രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇരട്ട സഹോദരങ്ങളായ രണ്ട് വിദ്യാർഥികൾക്ക് ആദ്യം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വെള്ളിയാഴ്ച മുതൽ മറ്റ് വിദ്യാർഥികളിലും സമാന ലക്ഷണങ്ങൾ കണ്ടുതുടങ്ങി. മിക്ക കുട്ടികൾക്കും കടുത്ത പനിയാണുള്ളത്. പനിയെ തുടർന്നുണ്ടായ അപസ്മാരത്തെ തുടർന്ന് ഒരു കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റിയിട്ടുണ്ട്.

സംഭവത്തെ തുടർന്ന് നെൻമേനി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ സ്കൂളിലെത്തി പരിശോധന നടത്തി. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ രോഗബാധയുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

സ്കൂൾ പരിസരത്ത് രണ്ട് കിണറുകളാണുള്ളത്. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറിലെ വെള്ളം പരിശോധിച്ചപ്പോൾ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കൈകഴുകലിനും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന രണ്ടാമത്തെ കിണറിലെ വെള്ളവും ഇപ്പോൾ പരിശോധിച്ചുവരികയാണ്. മലിനജലമാണ് രോഗബാധയ്ക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.

News Now

Summary

health problems 150 school students treatment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates