പൾസർ സുനി ജയിലിൽ തന്നെ; ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

അതിജീവിതയുടെ അന്തസ് കണക്കിലെടുക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു

Pulsar Suni
പൾസർ സുനിഫയൽ
Edited by :Jayakumar
Last Updated :14 ജൂലൈ 2026, 2:03 pm IST

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി ഹൈക്കോടതി തള്ളി. വിചാരണ കോടതി ചുമത്തിയ ശിക്ഷ മരവിപ്പിക്കാൻ തക്കതായ അസാധാരണമായോ മതിയായതോ ആയ കാരണങ്ങൾ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. അതിജീവിതയുടെ അന്തസ് കണക്കിലെടുക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. അപ്പീൽ തള്ളിയതോടെ പൾസർ സുനി ജയിലിൽ തുടരും.

ശിക്ഷ മരവിപ്പിക്കാൻ തക്ക സാഹചര്യങ്ങൾ ചൂണ്ടിക്കാണിക്കാൻ പ്രതിക്ക് സാധിച്ചില്ലെന്ന് ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. സെഷൻസ് കോടതി പുറപ്പെടുവിച്ച വിധിന്യായത്തിൽ പ്രകടമായ എന്തെങ്കിലും അപാകതയോ നിയമവിരുദ്ധതയോ ചൂണ്ടിക്കാട്ടാൻ ഹർജിക്കാരന് സാധിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തി.

സെഷൻസ് ജഡ്ജിയുടെ കണ്ടെത്തലുകൾ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കാൻ തക്കവണ്ണം അവിശ്വസനീയമോ യുക്തിരഹിതമോ ആണെന്ന് കരുതാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ ശിക്ഷ സസ്‌പെൻഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്ന ഒന്നാംപ്രതി പൾസർ സുനിയുടെ ആവശ്യത്തെ സർക്കാരും അതിജീവിതയും കോടതിയിൽ എതിർത്തിരുന്നു.

ജാമ്യം അനുവദിച്ചാൽ അതിക്രമ ദൃശ്യങ്ങളടക്കം പുറത്തുവരാൻ സാധ്യതയുണ്ടെന്നായിരുന്നു സർക്കാർ വാദം. ഹീനമായ കുറ്റകൃത്യമാണ് നടന്നതെന്നും ജാമ്യം അനുവദിക്കരുതെന്നും അതിജീവിത വാദിച്ചു. വിചാരണാവേളയിലുൾപ്പെടെ ഇതിനോടകം എട്ടുവർഷവും നാലുമാസവും 17 ദിവസവുമായി ജയിലിലാണെന്ന് പൾസർ സുനി കോടതിയെ അറിയിച്ചു.

News Now

Summary

Kerala High Court dismissed Pulsar Suni's plea to suspend his sentence

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates