ചെറുതും വലുതുമായ നൂറുകണക്കിന് ഗണപതിമാര്‍; കരവിരുതുമായി ശില്‍പ്പി ലക്ഷ്മീശ ആചാര്യ, വിനായക ചതുര്‍ഥിയുടെ ആരവങ്ങള്‍ക്കിടെ ഒരു കാഴ്ച

ഗണേശ ചതുര്‍ത്ഥിയുടെയും ഗണേശോത്സവത്തിന്റെയും ആരവങ്ങള്‍ ഉയര്‍ന്നതോടെ കാസര്‍കോട് നെല്ലിക്കുന്ന് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ പണിപ്പുരയില്‍ ഗണേശ വിഗ്രഹങ്ങളുടെ മിനുക്കുപണിയുടെ തിരക്കിലാണ് ശില്‍പ്പി ലക്ഷ്മീശ ആചാര്യ

Ganesha idols
Ganesha idols
Edited by :Dhanoj AM
Last Updated :12 സെപ്റ്റംബർ 2026, 12:18 pm IST

കാസര്‍കോട്: ഗണേശ ചതുര്‍ത്ഥിയുടെയും ഗണേശോത്സവത്തിന്റെയും ആരവങ്ങള്‍ ഉയര്‍ന്നതോടെ കാസര്‍കോട് നെല്ലിക്കുന്ന് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ പണിപ്പുരയില്‍ ഗണേശ വിഗ്രഹങ്ങളുടെ മിനുക്കുപണിയുടെ തിരക്കിലാണ് ശില്‍പ്പി ലക്ഷ്മീശ ആചാര്യ. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി കേരളത്തിലും കര്‍ണാടകത്തിലും വിവിധ ഭാഗങ്ങളിലേക്ക് ഗണപതി വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന പ്രധാന ശില്‍പ്പികളിലൊരാളാണ് ഇദ്ദേഹം.

നെല്ലിക്കുന്ന് ബിആര്‍എസ് റോഡിലെ 'ശ്രീറാം നിവാസ്' പണിപ്പുരയില്‍ ഒന്നര അടി മുതല്‍ ഏഴ് അടി വരെ ഉയരമുള്ള ചെറുതും വലുതുമായ കമനീയമായ നൂറുകണക്കിന് കളിമണ്‍ വിഗ്രഹങ്ങളാണ് അണിനിരന്നിട്ടുള്ളത്. കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്രത്തിലെ ഗണേശോത്സവത്തിനായി ഒരുക്കുന്ന ഏഴടി ഉയരമുള്ള വിഗ്രഹമാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. തുളുനാടിന്റെ തനിമയും സാംസ്‌കാരിക പ്രാധാന്യവും ഉള്‍ക്കൊണ്ടാണ് ലക്ഷ്മീശ ആചാര്യ വിഗ്രഹ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞത്.

കളിമണ്ണില്‍ തീര്‍ക്കുന്ന ഗണപതി വിഗ്രഹങ്ങള്‍ക്ക് പുറമെ, ആവശ്യക്കാര്‍ക്ക് അനുസരിച്ച് വിഗ്രഹങ്ങളിലെ കിരീടങ്ങളില്‍ വെള്ളിപ്പണികളും ചെയ്തുനല്‍കാറുണ്ട്. അനുജനും ശില്‍പ്പിയുമായ യോഗീശ്വ ആചാര്യയും അദ്ദേഹത്തിന്റെ മക്കളും കുടുംബാംഗങ്ങളും പൂര്‍ണ്ണ പിന്തുണയുമായി നിര്‍മ്മാണത്തില്‍ ഒപ്പമുണ്ട്. കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ ക്ഷേത്ര ഭാരവാഹികളും സംഘാടകരും ഒപ്പം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നിരവധി കുടുംബങ്ങളുമാണ് വിഗ്രഹങ്ങള്‍ക്കായി പ്രധാനമായും ഇവിടെയെത്തുന്നത്.

എന്നാല്‍ കളിമണ്ണിന്റെ ക്ഷാമവും പെയിന്റ് അടക്കമുള്ള അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ദ്ധനവും വിഗ്രഹ നിര്‍മ്മാണ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ലക്ഷ്മീശ ആചാര്യ പറയുന്നു. ഗണേശോത്സവത്തിന് വളരെ പ്രാധാന്യമുള്ള ജില്ലയാണ് കാസര്‍കോട്. ഉത്സവത്തിന്റെ അവസാന ദിവസം വലിയ ഗണപതിയുടെ കളിമണ്‍ വിഗ്രഹം ഘോഷയാത്രയായി കൊണ്ടുപോയി കടലില്‍ നിക്ഷേപിക്കുക ( നിമജ്ജനം)യാണ് ആചാരം. തിങ്കളാഴ്ച ചതുര്‍ഥി ദിനത്തില്‍ കാലങ്ങളായി പൊതു അവധി പ്രഖ്യാപിക്കുന്ന ജില്ല കൂടിയാണ് കാസര്‍കോട്.

News Now

Summary

Hundreds of Ganesha idols, both small and large, crafted by sculptor Lakshmeesha Acharya

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates