ഒരു മാസം മുൻപ് ഭർത്താവ് മരിച്ചു, ഒറ്റയ്ക്ക് കുട്ടികളെ നോക്കാനാവില്ലെന്ന് ഭയം; മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തത് നിരാശയിൽ

അപ്രതീക്ഷിതമായുള്ള ഭർത്താവിന്റെ വേർപാട് വന്നതോടെ മക്കളെ നോക്കാനാകില്ലെന്ന ഭയവും അഞ്ജുവിനുണ്ടായിരുന്നു. തനിയ്ക്ക് മറ്റ് ജോലികളൊന്നും അറിയില്ലെന്ന് പറഞ്ഞിരുന്നു

എക്സ്പ്രസ് ചിത്രം
Last Updated :20 January 2024, 8:48 am IST

കൊച്ചി; അങ്കമാലിയിൽ പിഞ്ചുകുഞ്ഞുങ്ങളെ തീകൊളുത്തികൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്ത് സാമ്പത്തിക- മാനസിക ബുദ്ധിമുട്ടുകളോർത്ത്. ഇന്നലെയാണ് മൂന്നും ഏഴും വയസ്സുള്ള രണ്ട് മക്കളുമായി അമ്മ അഞ്ജു ആത്മഹത്യ ചെയ്തത്. ഏക വരുമാന മാർ​ഗമായിരുന്ന ഭർത്താവ് മരിച്ചതോടെ കുട്ടികളുമായി എങ്ങനെ മുന്നോട്ടുപോകുമെന്നോർത്ത് കടുത്ത നിരാശയിലായിരുന്നു അഞ്ജുവെന്ന് ആലുവ റൂറൽ എസ്പി കെ കാർത്തിക് പറഞ്ഞു.

ഒന്നരമാസം മുൻപാണ് അഞ്ജുവിന്‍റെ ഭർത്താവ് അനൂപ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഡ്രൈവറായിരുന്ന അനൂപിന് 34 വയസ്സായിരുന്നു. അനൂപിന്റെ ഏക വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. ലോക്ഡൗൺ കാലത്ത് ജോലി ഇല്ലാതായതോടെ കുടുംബം സാമ്പത്തിക പ്രശ്നത്തിലായിരുന്നു. ഒപ്പം അപ്രതീക്ഷിതമായുള്ള ഭർത്താവിന്റെ വേർപാട് വന്നതോടെ മക്കളെ നോക്കാനാകില്ലെന്ന ഭയവും അഞ്ജുവിനുണ്ടായിരുന്നു. തനിയ്ക്ക് മറ്റ് ജോലികളൊന്നും അറിയില്ലെന്ന് പറഞ്ഞിരുന്നതായും നാട്ടുകാർ പറയുന്നു. 

ഭർത്താവിന്റെ അപ്രതീക്ഷിത മരണത്തിന് പിന്നാലെ 28ാം ദിവസമാണ് പിഞ്ചുകുഞ്ഞുങ്ങൾക്കൊപ്പം അഞ്ജു ആത്മഹത്യ ചെയ്തത്. അനൂപിന്റെ അമ്മ ചെല്ലമ്മ അയൽവീട്ടിൽ പോയ സമയത്ത് മുറി അടച്ചിട്ട അ‍ഞ്ജു അടുക്കളുണ്ടായിരുന്ന മണ്ണെണ്ണ സ്വന്തം ദേഹത്തേക്കും മക്കളുടെ ദേഹത്തേക്കും ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തിരികെ വീട്ടിലെത്തിയ ചെല്ലമ്മ മുറി പൂട്ടിയിരിക്കുന്നതുകണ്ടു. മണ്ണെണ്ണയുടെ ​ഗന്ധം വന്നതോടെ അയൽക്കാരെ വിളിക്കുകയായിരുന്നു. വാതിൽ പൊളിച്ച് മുറിയുടെ അകത്തു കയറിയപ്പോൾ കിടക്ക ഉൾപ്പടെ എല്ലാ സാധനങ്ങളും തീപിടിച്ച നിലയിലായിരുന്നു. മൂവരേയും ഫയർഫോഴ്സിന്റെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now