കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും ഐസൊലേഷൻ വാർഡ്; മൂന്നാം തരം​ഗം നേരിടാൻ വിപുലമായ മുൻകരുതൽ നടപടികൾ

കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും ഐസൊലേഷൻ വാർഡ്; മൂന്നാം തരം​ഗം നേരിടാൻ വിപുലമായ മുൻകരുതൽ നടപടികൾ

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:45 am IST

തിരുവനന്തപുരം: കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിപുലമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ വരെ ഐസൊലേഷൻ വാർഡുകൾ ഒരുക്കും. എല്ലാ പ്രധാന ആശുപത്രികളിലും പുതിയ ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കും. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ഐസൊലേഷൻ ബ്ലോക്കുകളും നിർമിക്കും. ഇതൊടൊപ്പം പീഡിയാട്രിക് ഐസിയുകളുടെ എണ്ണം നല്ലതോതിൽ വർധിപ്പിക്കും.

യുദ്ധകാലാടിസ്ഥാനത്തിലാകും ഇക്കാര്യങ്ങൾ നടപ്പാക്കുക. അത്രയധികം പ്രാധാന്യം മൂന്നാം തരംഗത്തെ നേരിടുന്നതിന് സർക്കാർ നൽകും. എല്ലാ ആശുപത്രികളുടെയും പശ്ചാത്തല സൗകര്യങ്ങൾ വർധിപ്പിക്കും. മൂന്നാം തരംഗം നാം ഉദ്ദേശിക്കുന്ന തരത്തിൽ വ്യാപിച്ചില്ലെങ്കിൽ പോസ്റ്റ് കോവിഡ് ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കും ഈ പശ്ചാത്തല സൗകര്യങ്ങൾ ഉപയോഗിക്കും. പകർച്ചവ്യാധി പടർന്നുപിടിക്കുന്ന സമയത്തടക്കം ഈ വാർഡുകൾ ഉപയോഗിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാം തരംഗത്തിന്റെ ഭാഗമായി കുട്ടികളിലുണ്ടാകുന്ന രോഗബാധ സംബന്ധിച്ച പലതരത്തിലുള്ള പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഇതേത്തുടർന്ന് പലർക്കും കടുത്ത ആശങ്കയുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now