
പിഎം ശ്രീ: യുഡിഎഫിന് കേന്ദ്രത്തോട് വിധേയത്വം; എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരുരൂപ വാങ്ങിയെന്നു തെളിയിച്ചാല്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും കെ രാജന്
കേന്ദ്രത്തിനു മുന്പില് നട്ടെല്ലുവളച്ചാല്‍ അതിനെ എഐഎസ്എഫ് നേരിടുമെന്നും കെ രാജന്

പത്തനംതിട്ട: കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ റവന്യൂ മന്ത്രിയും സിപിഐ നേതാവുമായ കെ രാജന് എംഎല്‍എ. എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎം ശ്രീയില്‍നിന്ന് ഒരു രൂപയെങ്കിലും വാങ്ങിയെന്നുതെളിയിച്ചാല്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കും. വിദ്യാഭ്യാസ മന്ത്രിയെ ഇത് ബോധ്യപ്പെടുത്താന്‍ വെല്ലുവിളിക്കുകയാണ്. സര്‍വശിക്ഷ കേരളയ്ക്കു ലഭിക്കാനുള്ള കോടികള്‍ ലഭിക്കാനുള്ള വഴി പിഎം ശ്രീയില്‍ ഒപ്പിടലാണെന്ന് കേന്ദ്രം പറഞ്ഞാല്‍, കേന്ദ്രത്തിനു മുന്പില് ഇതും പറഞ്ഞ് നട്ടെല്ലുവളച്ചാല്‍ അതിനെ എഐഎസ്എഫ് നേരിടുമെന്നും കെ രാജന് പറഞ്ഞു. എഐഎസ്എഫ് സംസ്ഥാന പഠനക്യാമ്പിന്റെ സമാപനത്തില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിഎം ശ്രീ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാരിനോട് കേന്ദ്രത്തില്‍ നിന്ന് ആരാണ് ആവശ്യപ്പെട്ടതെന്നും ഒപ്പിടാന്‍ നിര്‍ദേശിച്ചത് ആരാണെന്നും സത്യസന്ധതയുണ്ടെങ്കില്‍ മുഖ്യമന്ത്രി വിഡി സതീശന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിനോട് കടുത്ത വിധേയത്വമാണുള്ളതെന്നും കെ രാജന് ആരോപിച്ചു. പാര്‍ലമെന്റില്‍ എംപി അബ്ദുല്‍ വഹാബിന്റെ ചോദ്യത്തിന്, പിഎം ശ്രീ കരാറില്‍ ഒപ്പുവെച്ചില്ലെങ്കില്‍ പദ്ധതിയുടെ ധനസഹായം മാത്രമാണ് നഷ്ടപ്പെടുക എന്നാണ് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി വ്യക്തമാക്കിയത്. എന്നാല്‍ പദ്ധതിയില്‍ നിന്ന് പിന്മാറാന് കഴിയില്ലെന്നാണ് പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന് പറയുന്നത്. ഇതിന് വിദ്യാഭ്യാസ മന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പുപറയണം. കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പദ്ധതി, ലീഗ് മന്ത്രിമാരെക്കൊണ്ട് തന്നെ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അത് ജനാധിപത്യപരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര പൊതുവിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ രാജ്യത്തെ 14,500ലധികം സ്കൂളുകളെ മോഡല്‍ സ്കൂളുകളാക്കി ഉയര്‍ത്താന്‍ 2022ല്‍ ആരംഭിച്ച പദ്ധതിയാണ് പിഎം ശ്രീ. പദ്ധതി നടപ്പിലാക്കുന്ന സ്കൂളുകളില്‍ 2020ലെ ദേശീയ വിദ്യാഭ്യാസ നയം 2020 അക്ഷരംപ്രതി നടപ്പിലാക്കണം എന്നതാണ് പ്രധാന നിബന്ധന. പദ്ധതിയില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ചതോടെ, കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അവകാശപ്പെട്ട 'സമഗ്ര ശിക്ഷാ കേരള' പദ്ധതിക്കുള്ള 1,100 കോടിയോളം രൂപയുടെ ധനസഹായം തടഞ്ഞുവെച്ചു. ഇതിനെ തുടര്‍ന്ന് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തന്ത്രപരമായ തീരുമാനത്തിന്റെ ഭാഗമായി പിഎം ശ്രീ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
വിദ്യാഭ്യാസ മേഖലയുടെ കേന്ദ്രീകരണത്തിനും കാവിവല്ക്കരണത്തിനും കാരണമാകുന്ന ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള നീക്കമാണിതെന്ന് ചൂണ്ടിക്കാട്ടി സിപിഐ ശക്തമായി രംഗത്തുവന്നു. ഇതോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നത് താത്കാലികമായി മരവിപ്പിക്കുകയും മന്ത്രിസഭാ ഉപസമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ, മുന്‍ സര്‍ക്കാര്‍ ഒപ്പുവെച്ച കരാറായതിനാല്‍ അതില്‍ നിന്ന് പെട്ടെന്ന് പിന്മാറാന് കഴിയില്ലെന്നും പദ്ധതി മുന്നോട്ടുകൊണ്ടുപോകുമെന്നുമുള്ള സൂചനകള്‍ നല്കി. ഇതോടെയാണ് പദ്ധതിക്കെതിരെ എഐഎസ്എഫ്, എഐവൈഎഫ് തുടങ്ങിയ സംഘടനകള്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തുകയും ഇടതു നേതാക്കള്‍ പ്രതിഷേധം ശക്തമാക്കുകയും ചെയ്തത്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
K Rajan denies reports of LDF government received funds from PM SHRI scheme
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




