'അതിനെയാണ് പച്ചമലയാളത്തില്‍ കൈക്കൂലിയെന്ന് പറയുന്നത്;  ഗോവിന്ദന്റെ ക്യാപ്‌സൂള്‍ അണികള്‍ക്കുപോലും ദഹിക്കാത്തത്'

സഹകരണമേഖലയെ കറവപ്പശുവാക്കി മാറ്റുന്ന സിപിഎം മടിയില്‍ കനമുള്ളതു കൊണ്ടാണ് അമിത് ഷായെ ഭയക്കുന്നതെന്ന് സുരേന്ദ്രന്‍ 

കെ സുരേന്ദ്രന്‍
Last Updated :20 January 2024, 9:25 am IST
Edited by :migrator

തിരുവനന്തപുരം: സിപിഎം ഉന്നത നേതാക്കള്‍ നടത്തിയ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെ പരസ്യമായി ന്യായീകരിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി സ്വയം പരിഹാസ്യനാവുകയാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സിപിഎം നേതാക്കള്‍ പാവപ്പെട്ടവരുടെ പണം തട്ടിയെടുത്തതും 500 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതും ഗോവിന്ദന്‍ ന്യായീകരിക്കുകയാണെന്നും അഴിമതിക്കാര്‍ കുടുങ്ങുമെന്നായപ്പോള്‍ പതിവുപോലെ സിപിഎം സംസ്ഥാന സെക്രട്ടറിയും സര്‍ക്കാരും ഇഡിക്കെതിരെ ഇറങ്ങിയിരിക്കുകയാണെന്നും മര്‍ദ്ദനവും ഇരവാദവുമെല്ലാം സിപിഎമ്മിന്റെ തിരക്കഥയുടെ ഭാഗമാണെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കരുവന്നൂരില്‍ സംസ്ഥാന സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തിയെന്നാണു സിപിഎം സെക്രട്ടറി പറയുന്നത്. തെളിവുകള്‍ നശിപ്പിച്ചു പ്രതികളെ രക്ഷിക്കാനാണു സര്‍ക്കാര്‍ അന്വേഷണം നടത്തിയത്. കേസ് അട്ടിമറിക്കാനാണു ക്രൈംബ്രാഞ്ച് ശ്രമിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഏജന്‍സികള്‍ തട്ടിപ്പുകാര്‍ക്കൊപ്പമായതു കൊണ്ടാണു സിപിഐ ബോര്‍ഡ് മെമ്പര്‍മാര്‍പോലും ഇഡി അന്വേഷണം ആവശ്യപ്പെട്ടത്. ഗോവിന്ദന്റെ ക്യാപ്‌സൂള്‍ പാര്‍ട്ടി അണികള്‍ക്കു പോലും ദഹിക്കാത്തതാണ്. 

കേന്ദ്രമന്ത്രി അമിത് ഷാ കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ഗോവിന്ദന്റെ വാക്കുകള്‍ മറുപടി അര്‍ഹിക്കുന്നില്ല. സഹകരണമേഖലയെ കറവപ്പശുവാക്കി മാറ്റുന്ന സിപിഎം മടിയില്‍ കനമുള്ളതു കൊണ്ടാണ് അമിത് ഷായെ ഭയക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. കരിമണല്‍ മുതലാളിയുടെ മാസസപ്പടി ലിസ്റ്റിലുള്ള പിവി എന്ന പേര് പിണറായി വിജയന്‍ തന്നെയാണെന്നു വ്യക്തമായിട്ടും ഗോവിന്ദന്‍ അങ്ങനെയല്ലെന്നു പറയുന്നത് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നതിനു തുല്ല്യമാണ്. പിണറായി വിജയന്റെയും കുടുംബത്തിന്റെയും അഴിമതികള്‍ ന്യായീകരിക്കുന്ന ജോലിയാണ് എംവി. ഗോവിന്ദനുള്ളത്. കേരളത്തില്‍ വ്യവസായം തുടങ്ങാനുള്ള തടസം നീക്കാനാണു മുഖ്യമന്ത്രിക്കും മകള്‍ക്കും മറ്റു ഭരണ-പ്രതിപക്ഷ നേതാക്കള്‍ക്കും പണം കൊടുത്തതെന്നാണു കരിമണല്‍ കമ്പനി പറയുന്നത്. അതിനെയാണു പച്ച മലയാളത്തില്‍ 'കൈക്കൂലി' എന്ന് പറയുന്നത്. ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുകയാണു ചെയ്തത്. ഗോവിന്ദന്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now