ടി.ഡി. രാമകൃഷ്ണൻ എഴുതിയ കഥ വിക്രമ വിജയം

Premium
Illustration
ചിത്രീകരണംദേവപ്രകാശ്
Last Updated :30 September 2026, 12:12 pm IST
Edited by :aravind.g

കാലം: എഡി 375

സ്ഥലം: ഗുപ്തസാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഉജ്ജയിനി നഗരം.

ഷിപ്രാ നദിയുടെ പടിഞ്ഞാറേക്കരയിൽ സൂര്യൻ അസ്തമിക്കാൻ തുടങ്ങുകയാണ്. മഴക്കാലം ഏതാണ്ട് അവസാനിച്ചെങ്കിലും യുദ്ധകാലത്തെ ജനങ്ങളുടെ ഭയംപോലെ, ആകാശത്ത് നിറയെ കാർമേഘങ്ങളുണ്ട്. പടിഞ്ഞാറുനിന്ന് വലിയൊരു സൈന്യം ഇരമ്പിവരുന്നതിന്റെ ശബ്ദം കേൾക്കാം. ഉജ്ജയിനിക്കോട്ടയിലെ സുരക്ഷാഗോപുരത്തിൽ, യുവരാജാവ് ചന്ദ്രഗുപ്തൻ രണ്ടാമൻ, ശാകപ്പടയുടെ നീക്കം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് നിൽക്കുകയാണ്. അദ്ദേഹത്തോടൊപ്പം സേനാപതിയും പടത്തലവന്മാരുമുണ്ട്.

“ശാകചക്രവർത്തി രുദ്രസേനൻ ഇത്തവണ മൂന്നിരട്ടി സൈന്യവുമായിട്ടാണ് വരുന്നത്. അവരെ പ്രതിരോധിക്കാൻ വലിയ ബുദ്ധിമുട്ടാവും യുവരാജൻ.”

സേനാപതി നിസ്സഹായനായി പറഞ്ഞു. ചന്ദ്രഗുപ്തന് അദ്ദേഹത്തിന്റെ വാക്കുകളിലെ ആത്മവിശ്വാസമില്ലായ്മ ഇഷ്ടപ്പെട്ടില്ലെങ്കിലും അതൊരു യാഥാർത്ഥ്യമായിരുന്നു. തുടർച്ചയായ യുദ്ധങ്ങൾ കാരണം, കഷ്ടിച്ച് അയ്യായിരത്തിൽ താഴെയായി ചുരുങ്ങിപ്പോയ ഗുപ്തസേനയ്ക്ക്, ഉജ്ജയിനിയെ സംരക്ഷിക്കാനുള്ള കരുത്തില്ലായിരുന്നു. ശാകന്മാരോട് ഈ യുദ്ധത്തിൽ പരാജയപ്പെട്ടാൽ അത് ഗുപ്തസാമ്രാജ്യത്തിന്റെ അന്ത്യമായിരിക്കും. ഒരിക്കലുമത് സംഭവിക്കാൻ പാടില്ല. സൈന്യത്തിന് പരമാവധി ആത്മവിശ്വാസം കൊടുത്ത് തന്ത്രപൂർവം ഈ പ്രതിസന്ധിയെ മറികടക്കണം. നിർഭാഗ്യവശാൽ അതിനൊക്കെ നേതൃത്വം കൊടുക്കേണ്ടയാൾ, തന്റെ സ്വകാര്യമുറിയിൽ രാജഗുരുവിനെ വിളിച്ചിരുത്തി ചതുരംഗം കളിക്കുകയാണ്. യുവരാജാവ് തന്റെ മനസ്സിലെ പിരിമുറുക്കം പുറത്തുകാണിക്കാതെ സേനാപതിയെ നോക്കി പുഞ്ചിരിച്ചുവെന്ന് വരുത്തി.

“സേനാപതി, സൈനികരുടെ എണ്ണത്തിലല്ലല്ലോ കാര്യം, തന്ത്രങ്ങളിലല്ലേ?”

യുവരാജാവിന്റെ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ സേനാപതി നദിക്കരയിലേക്ക് നോക്കിനിന്നു. ശരിയാണ്, തന്ത്രങ്ങൾ തന്നെയാണ് പ്രധാനം. പക്ഷേ, ശത്രുവിനെ തല്‍ക്കാലത്തേക്ക് പ്രതിരോധിക്കാൻ വേണ്ട ഭടന്മാരും ആയുധങ്ങളുമുണ്ടെങ്കിലല്ലേ തന്ത്രങ്ങൾ ആവിഷ്‌കരിച്ച് പ്രയോഗിക്കാൻ കഴിയൂ. മൂന്ന് മാസം മുന്‍പേ, ശാകന്മാർ വീണ്ടുമൊരു ആ ക്രമണത്തിന് കോപ്പുകൂട്ടുന്നുണ്ടെന്ന വിവരം കിട്ടിയിട്ടും സേനയെ ശക്തിപ്പെടുത്താനുള്ള ഒരു തയ്യാറെടുപ്പും ചക്രവർത്തി നടത്തിയില്ല. അദ്ദേഹത്തോട് അതിനെപ്പറ്റിയൊന്നും സംസാരിക്കാൻ നിവൃത്തിയില്ല. പറഞ്ഞാൽ, കറുപ്പിന്റെ ലഹരിയിൽ, അതിന്റെ ഉത്തരവാദിത്വം നിങ്ങൾക്കല്ലേയെന്ന് ചോദിക്കും. കാലാൾപ്പടയിലേക്ക് പുതിയ അംഗങ്ങളെ ചേർക്കാനോ കുതിരകളെ വാങ്ങാനോ പണമാവശ്യപ്പെട്ടാൽ തരികയുമില്ല. അതാ ശാകപ്പട എത്തിക്കഴിഞ്ഞല്ലോ. അവർ തിരിക്കിട്ട് കൂടാരങ്ങൾ കെട്ടുകയാണ്. സൂര്യൻ അസ്തമിച്ചിരിക്കുന്നു. ഭാഗ്യം. ഇന്നിനി യുദ്ധമുണ്ടാവില്ല. ദീർഘയാത്ര കഴിഞ്ഞുവരുന്ന പതിനയ്യായിരത്തിലേറെ അംഗബലമുള്ള ചതുരംഗപ്പടക്ക് കുറച്ച് വിശ്രമം വേണമല്ലോ. നേരം പുലർന്നാൽ നദിക്ക് കുറുകെ താല്‍ക്കാലിക പാലം നിർമിക്കാൻ വേണ്ട സാമഗ്രികളെല്ലാം അവർ കൊണ്ടുവന്നിട്ടുണ്ടാവും. പാലം തയ്യാറാകുന്നതിനു മുന്‍പേ ആനപ്പട പുഴനീന്തിക്കടക്കും. ശാകന്മാരുടെ ആനപ്പടയാണ് ഏറ്റവും അപകടകാരികൾ. നാളത്തെ പുലരിയിൽ എന്തുചെയ്യണമെന്നറിയാതെ, സേനാപതി ഏതാനും നിമിഷം മഹാകാലേശ്വരക്ഷേത്രത്തിന് നേരെ നോക്കി കൈകൂപ്പി നിന്നു.

“ഷിപ്രാ നദി നിറഞ്ഞൊഴുകുന്നത് മാത്രമാണ് നമുക്കൊരു ആശ്വാസം. ഒരു കനത്ത മഴ കൂടി പെയ്യാൻ മഹാകാലേശ്വരനോട് പ്രാർത്ഥിക്കാം. ഞാൻ പോയി ചക്രവർത്തി തിരുമനസ്സിനെ വിവരങ്ങൾ അറിയിക്കട്ടെ. അങ്ങ് ശത്രുവിന്റെ നീക്കങ്ങൾ നിരീക്ഷിച്ചുകൊണ്ട് ഇവിടെ തന്നെയുണ്ടാവുമല്ലോ.”

സേനാപതി യുവരാജാവിനെ നിരീക്ഷണച്ചുമതലയേൽപ്പിച്ച് സുരക്ഷാഗോപുരത്തിൽനിന്ന് താഴേക്കിറങ്ങുമ്പോൾ ചക്രവർത്തി രാമഗുപ്തൻ ചതുരംഗക്കളത്തിൽ ഒരിക്കൽക്കൂടി രാജഗുരുവിനോട് അടയറവ് പറയുകയായിരുന്നു.

“അങ്ങയുടെ സമയം വളരെ മോശമാണ്. നമുക്ക് കളി നിർത്തിയാലോ?”

രാജഗുരു ചക്രവർത്തിയോട് ചോദിച്ചു. ആ ചോദ്യം അദ്ദേഹത്തിന് തീരെ രസിച്ചില്ല. രാമഗുപ്തൻ വെള്ളിച്ചെപ്പിൽ നിന്നൊരു നുള്ള് കറുപ്പെടുത്ത് നാവിനടിയിലേക്കുവെച്ചു.

“വേണ്ട. ഞാൻ വെറുതെയിരിക്കുന്നത് കണ്ടാൽ ഉടനെ സേനാപതി എന്തെങ്കിലും പ്രശ്നങ്ങളുമായി വരും. നമ്മൾ ചതുരംഗം കളിക്കുകയാണെങ്കിൽ യുവരാജാവിന്റെ അടുത്തേക്ക് പോയ്‌ക്കോളും. അങ്ങ് കരുക്കൾ നിരത്തൂ.”

രാജഗുരു മനസ്സില്ലാമനസ്സോടെ വീണ്ടും കരുക്കൾ നിരത്തി. എപ്പോഴും വെള്ളക്കരുക്കൾ ചക്രവർത്തിക്കാണ്. പക്ഷേ, അതുകൊണ്ടൊരു പ്രയോജനവുമുണ്ടാവാറില്ല. ചതുരംഗത്തിൽ എതിരാളിയുടെ നീക്കങ്ങൾ മുൻകൂട്ടി കാണാനുള്ള ബുദ്ധി വേണമല്ലോ. രാമഗുപ്തൻ പതിവുപോലെ രാജാവിന്റെ മുന്നിലെ കാലാളിനെ ഒരു കളം മുന്നോട്ടുനീക്കി. അപ്പോളാണ് സേനാപതി തിടുക്കത്തിൽ വാതിൽ തുറന്ന് അകത്തേക്ക് കയറിവന്നത്. വേഗത്തിൽ നടന്നുവന്നതുകൊണ്ടോ, അതോ പരിഭ്രമം കാരണമോ, എന്തോ അദ്ദേഹം വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. അനുവാദം ചോദിക്കാതെ തന്റെ സ്വകാര്യ മുറിയിലേക്ക് കയറിവന്ന സേനാപതിയുടെ നേരെ ചക്രവർത്തി തലയുയർത്തി രൂക്ഷമായൊന്ന് നോക്കി.

“ചക്രവർത്തി തിരുമനസ്സ് ക്ഷമിക്കണം. ശാകപ്പട നദിക്ക് അക്കരെയെത്തിക്കഴിഞ്ഞു. നാളെ നേരം പുലർന്നാൽ അവർ നമ്മളെ ആക്രമിക്കും.”

സേനാപതി ക്ഷമാപണത്തോടെ പറഞ്ഞു.

“ങ്ഹും...”

സേനാപതിയുടെ മുന്നറിയിപ്പ് ഗൗരവത്തിലെടുക്കാതെ ചതുരംഗക്കളത്തിലെ വെള്ളക്കുതിരയെ കയ്യിലെടുത്ത് തല ചൊറിഞ്ഞുകൊണ്ട് രാമഗുപ്തൻ അലസമായിട്ടൊന്ന് മൂളി.

“തിരുമനസ്സേ നമ്മളെന്താണ് ചെയ്യേണ്ടത്?”

സേനാപതി ഭവ്യതയോടെ ചോദിച്ചു.

“അവരെ തടയേണ്ടത് നിങ്ങളല്ലേ? എന്നോട് വന്ന് പറഞ്ഞിട്ടെന്താണ് കാര്യം?”

രാമഗുപ്തൻ ഇടതുവശത്തിരുന്ന ചഷകത്തിലെ മദ്യമെടുത്ത് നുണഞ്ഞുകൊണ്ട്, സേനാപതിയുടെ മുഖത്തേക്ക് നോക്കാതെയാണ് പറഞ്ഞത്. ചക്രവർത്തിയായിപ്പോയില്ലേ, തിരിച്ചൊന്നും പറയാൻ പറ്റില്ലല്ലോ. സേനാപതി നിരാശനായി പുറത്തേക്കിറങ്ങി. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ രാജഗുരു പക്ഷേ, രാമഗുപ്തനോട് അനുവാദം ചോദിക്കാതെ കളി അവസാനിപ്പിച്ച് സേനാപതിയുടെ കൂടെച്ചെന്നു. ചക്രവർത്തി അവരോടുള്ള ദേഷ്യം നിയന്ത്രിക്കാനാവാതെ, എന്തൊക്കെയോ വൃത്തികെട്ട ശാപവാക്കുകൾ ഉറക്കെ വിളിച്ചുപറഞ്ഞ് കളത്തിലെ കരുക്കൾ തട്ടിത്തെറിപ്പിച്ചു. മുറിയിലെ ആ ബഹളം കേട്ടിട്ടാണ് മഹാറാണി ധ്രുവാദേവി അങ്ങോട്ടുവന്നത്.

“ചക്രവർത്തി തിരുമനസ്സേ എന്തുപറ്റി? എന്താണിവിടെ വലിയ ബഹളം? ചതുരംഗത്തിൽ തോറ്റതാണ് പ്രശ്നമെങ്കിൽ അടുത്ത കളിക്ക് ഞാനിരിക്കാം. എന്നെ തിരുമനസ്സിന് എളുപ്പത്തിൽ തോൽപ്പിക്കാമല്ലോ.”

മഹാറാണി ഒരു ചെറുപുഞ്ചിരിയോടെ ചക്രവർത്തിയെ ആശ്വസിപ്പിക്കാനായി പറഞ്ഞു. പക്ഷേ, രാമഗുപ്തൻ അതൊന്നും കേട്ടതായി ഭാവിച്ചില്ല. മദ്യചഷകമെടുത്ത് ഒന്നുകൂടി മോന്തി ധ്രുവാദേവിയെ ക്രുദ്ധനായൊന്ന് നോക്കി. പിന്നെ വെള്ളിച്ചെപ്പിൽനിന്നൊരു നുള്ള് കറുപ്പുകൂടിയെടുത്ത് നാവിനടിയിൽ വെച്ചു.

“ചതുരംഗക്കളത്തിലല്ലേ നിന്നെ തോൽപ്പിക്കാൻ പറ്റൂ... വേണ്ട.”

“മറ്റ് കളങ്ങളിൽ തോൽപ്പിക്കണമെങ്കിൽ ഈ കറുപ്പ് തീറ്റ നിർത്തണം. അത് പറ്റില്ലല്ലോ?”

“മിണ്ടരുത്. ഇപ്പോൾ അതൊന്നുമല്ല പ്രശ്നം.”

“പിന്നെയെന്താണ് പ്രശ്നം?”

“ശാകന്മാർ അക്കരയെത്തിയത്രെ. അവർ നാളെ ഉജ്ജയിനി ആക്രമിക്കുമെന്ന്. അതിന് ഞാനെന്തുവേണം?”

മഹാറാണിക്ക് അപ്പോളാണ് പ്രശ്നത്തിന്റെ ഗൗരവം മനസ്സിലായത്. ചക്രവർത്തിയോട് അതിനെക്കുറിച്ച് സംസാരിച്ചിട്ട് പ്രയോജനമൊന്നുമില്ല. ധ്രുവാവതി വേഗം ആ മുറിയിൽനിന്ന് പുറത്തേക്കിറങ്ങി. സമുദ്രഗുപ്ത ചക്രവർത്തിയുടെ മരണ ശേഷം, മൂത്തപുത്രനായ രാമഗുപ്തന് ചക്രവർത്തിപദം ലഭിച്ചിട്ട് ഏഴുമാസം കഴിഞ്ഞതേയുള്ളൂ. വൈശാലിയിൽനിന്നുതന്നെ വിവാഹം കഴിച്ചു കൊണ്ടുവന്നിട്ട് ആറുമാസവും. പക്ഷേ, കറുപ്പിന് അടിമയായ അദ്ദേഹത്തിന്റെ നിരുത്തരവാദിത്വപരമായ ഭരണം കാരണം, ചുരുങ്ങിയ കാലംകൊണ്ട് രാജ്യം സാമ്പത്തികമായും സൈനികമായും തകർന്നുതരിപ്പണമായി. സ്വാഭാവികമായും ശത്രുക്കൾ അതൊരു അവസരമാക്കി മാറ്റി. ഏഴ് മാസത്തിനുള്ളിൽ നാല് വൈദേശിക ആ ക്രമണങ്ങൾ നേരിടേണ്ടിവന്നു. ഓരോ യുദ്ധത്തിലും കനത്ത ആൾനാശമുണ്ടായി. ശത്രുക്കൾക്ക് ലക്ഷക്കണക്കിനു സ്വർണനാണയങ്ങൾ കൊടുത്ത് സന്ധി ചെയ്യേണ്ടിവന്നു. വീണ്ടും ആ ചരിത്രം ആവർത്തിക്കാതിരുന്നാൽ മതിയായിരുന്നു. ചന്ദ്രഗുപ്തനുള്ളതാണ് ആകെയൊരു സമാധാനം. അധികാരമില്ലെങ്കിലും ഏത് പ്രതിസന്ധിയേയും നേരിടാനുള്ള ധൈര്യവും കരുത്തും യുവരാജാവിനുണ്ട്. തന്ത്രങ്ങൾ ഉപദേശിച്ചു കൊടുത്താൽ അതനുസരിച്ച് കാര്യങ്ങൾ നടത്താനറിയാം. ധ്രുവാദേവി അങ്ങനെ സമാധാനിച്ച് അന്തഃപുരത്തിലേക്ക് നടന്നു.

ഷിപ്രാ നദിയുടെ കരയിലെ പ്രധാന കൂടാരത്തിൽ ശാകചക്രവർത്തി രുദ്രസേനൻ സേനാത്തലവന്മാർക്ക് നാളെ പുലരി മുതലുള്ള സൈനികനീക്കങ്ങൾ വിശദീകരിച്ചു കൊടുക്കുകയാണ്. ഓരോ സേനാവിഭാഗവും എങ്ങനെ മുന്നേറണമെന്ന കാര്യത്തിൽ കൃത്യമായ കർമപദ്ധതി തയ്യാറാക്കിയിരുന്നു. എങ്കിലും നിരന്തരം നിരീക്ഷിച്ചുകൊണ്ട് അതിൽ സമയോ ചിതമായ മാറ്റങ്ങൾ വരുത്താനുള്ള ഉത്തരവാദിത്വം അദ്ദേഹം ഓരോ സേനാത്തലവന്മാരേയും ഏല്പിച്ചു. രുദ്രസേനൻ നല്ല ആത്മവിശ്വാസത്തിലാണ്. ശക്തമായ സൈന്യവും ആവശ്യത്തിലേറെ പടക്കോപ്പുകളുമുള്ളതിനാൽ ഇത്തവണ ഉജ്ജയിനിയെ നിഷ്പ്രയാസം കീഴടക്കാൻ കഴിയുമെന്ന് അദ്ദേഹത്തിനുറപ്പുണ്ട്.

“ഉജ്ജയിനി നഗരത്തിന്, പ്രത്യേകിച്ചും കൊട്ടാരങ്ങൾക്കും മഹാകാലേശ്വരക്ഷേത്രത്തിനും ഒരു കേടുപാടും സംഭവിക്കരുത്. എത്രയും വേഗം നമ്മുടെ തലസ്ഥാനം ഇങ്ങോട്ട് മാറ്റാനുള്ളതാണ്.”

ആക്രമണ പദ്ധതി വിശദീകരിച്ചതിനുശേഷം രുദ്രസേനൻ തന്റെ സേനാത്തലവന്മാരോട് പറഞ്ഞു. സൈന്യം ഉജ്ജയിനിക്കോട്ടക്കകത്ത് കയറിയാലുടനെ ഭൂലോകരംഭയെന്നറിയപ്പെടുന്ന അതിസുന്ദരിയായ മഹാറാണി ധ്രുവാവതിയെ പിടികൂടി ഒരു പോറൽപോലുമേല്പിക്കാതെ തന്റെ മുന്നിലെത്തിക്കണമെന്ന് സേനാപതിയോട് അദ്ദേഹം മുന്‍പേ പറഞ്ഞിരുന്നു.

“അതെങ്ങനെ ഉറപ്പു പറയാനാകും മഹാരാജൻ? യുദ്ധമല്ലേ, കുറച്ച് നാശനഷ്ടങ്ങൾ എന്തായാലും സംഭവിക്കും. ഉജ്ജയിനിക്കൊന്നും പറ്റരുതെന്ന് നിർബന്ധമാണെങ്കിൽ ഗുപ്തന്മാർക്ക് കീഴടങ്ങാൻ ഒരവസരം കൊടുക്കുകയല്ലേ നല്ലത്?”

ശാകസേനാപതി ചോദിച്ചു. രുദ്രസേനനും അത് ശരിയാണെന്നു തോന്നി.

“പക്ഷേ, ഗുപ്ത ചക്രവർത്തി അതിന് തയ്യാറാകുമോ?”

“സംശയമെന്താണ്? രാമഗുപ്തൻ ഒരു ഭീരുവാണ്. പിതാവായ സമുദ്രഗുപ്തന്റെ പേര് കളയാനായി ജനിച്ചവൻ. അദ്ദേഹത്തോട് കീഴടങ്ങണമെന്നു പറയേണ്ട, സന്ധി വാഗ്ദാനം ചെയ്താൽ മതി. വാഗ്ദാനത്തിലെ വ്യവസ്ഥകൾ കീഴടങ്ങുന്നതിന് തുല്യമാക്കാമല്ലോ.”

സേനാപതിയുടെ നിർദേശം രുദ്രസേനന് ഇഷ്ടപ്പെട്ടു.

“വളരെ നല്ല ആശയമാണ് സേനാപതി. ഞാൻ ഇപ്പോൾത്തന്നെ സന്ധിവാഗ്ദാനം ഭുർജപത്രത്തിലെഴുതി തുല്യം ചാർത്തിത്തരാം. അതുടനെ രാമഗുപ്തന് കൊണ്ടുകൊടുക്കാൻ നന്നായി നീന്താനറിയുന്നൊരു ദൂതനെ ഏർപ്പാടാക്കൂ.”

അതു പറയുമ്പോളാണ് രുദ്രസേനന്റെ മനസ്സിലേക്കൊരു പുതിയ ചിന്ത കടന്നുവന്നത്. മഹാറാണി ധ്രുവാവതിയെ ഈ സന്ധിയുടെ ഭാഗമാക്കിയാലോ? ബലം പ്രയോഗിച്ച് സ്വന്തമാക്കുന്നതിനേക്കാൾ നല്ലതല്ലേ മാന്യമായി ചോദിക്കുന്നത്. ഉജ്ജയിനി ആക്രമിക്കാതിരിക്കാനായി പണമോ, ഗുപ്തസാമ്രാജ്യത്തിന്റെ ഏതെങ്കിലും ഭാഗമോ ഇപ്പോൾ ആവശ്യപ്പെടേണ്ട. മഹാറാണിയെ പ്രതിഫലമായി തന്ന് കാലാകാലത്തേക്ക് ശാകസാമ്രാജ്യത്തിന്റെ മേൽക്കോയ്മ അംഗീകരിക്കാമെങ്കിൽ സന്ധിക്ക് തയ്യാറാണെന്നു പറയാം. ധ്രുവാവതി വരുന്നതോടെ അവളുടെ മാതൃരാജ്യമായ വൈശാലിയും മഹാറാണിയെന്ന നിലയിലുള്ള സമ്പത്തും നമുക്കു സ്വന്തമാകുമല്ലോ. മേൽക്കോയ്മ അംഗീകരിക്കുന്നതോടെ ക്രമേണ ഗുപ്ത സാമ്രാജ്യത്തിലും അവകാശമുന്നയിക്കാം.

വ്യവസ്ഥകൾ വ്യക്തമായി എഴുതിയ ഭുർജപത്രത്തിൽ രുദ്രസേനൻ തുല്യം ചാർത്തി. രാമഗുപ്തന് സന്ധി ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ ഇന്നു രാത്രി തന്നെ മഹാറാണിയെ പുഴ കടത്തി കൂടാരത്തിലേക്കയക്കണം. ഇല്ലെങ്കിൽ നാളെ നേരം പുലർന്നാൽ ശാകപ്പട ഉജ്ജയിനി ആക്രമിക്കും.

കൊട്ടാരത്തിൽ അടിയന്തരമായി വിളിച്ചുകൂട്ടിയ രാജസഭയിലേക്കാണ് രുദ്രസേനന്റെ ദൂതൻ സന്ധിസന്ദേശവുമായി എത്തിയത്. ചക്രവർത്തി രാമഗുപ്തനു പുറമേ സേനാപതിയും മന്ത്രിമുഖ്യനും രാജഗുരുവുമടക്കം പതിനഞ്ച് പേർ മാത്രമേ അപ്പോൾ സഭയിലുണ്ടായിരുന്നുള്ളൂ. അവരെല്ലാം ചക്രവർത്തിയെ സാഹചര്യത്തിന്റെ ഗൗരവം പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. രാമഗുപ്തനാകട്ടെ, കറുപ്പ് തിന്നുകൊണ്ട് എല്ലാം മൂളിക്കേൾക്കുക മാത്രം ചെയ്തു. ദൂതൻ വളരെ ബഹുമാനത്തോടെ ശാകരാജാവിന്റെ സന്ദേശം ചക്രവർത്തിയുടെ മുന്‍പിൽ സമർപ്പിച്ചു. അദ്ദേഹം അത് മന്ത്രിമുഖ്യന്റെ കയ്യിലേക്ക് കൊടുത്ത് വായിക്കാൻ പറഞ്ഞു. സന്ധിവാഗ്ദാനത്തിലെ വ്യവസ്ഥകളെക്കുറിച്ച് ചാരന്മാരിൽനിന്ന് ചില സൂചനകൾ കിട്ടിയിരുന്നതിനാൽ മന്ത്രിമുഖ്യൻ വളരെ വിഷമത്തോടെയാണ് വായിക്കാൻ തുടങ്ങിയത്. മഹാറാണിയെ പ്രതിഫലമായി കൊടുക്കണമെന്ന വ്യവസ്ഥ കേട്ടപ്പോൾ എല്ലാവരും ഞെട്ടിപ്പോയി. ശാകന്മാർ, സാമ്രാജ്യത്തിന്റെ ഏതെങ്കിലുമൊരു ഭാഗമോ, വലിയൊരു തുകയോ ആവശ്യപ്പെടുമെന്നാണ് അവരെല്ലാം പ്രതീക്ഷിച്ചിരുന്നത്. ചക്രവർത്തി ആ വ്യവസ്ഥയോട് എങ്ങനെ പ്രതികരിക്കുമെന്ന് അവർ ഭയന്നു. പക്ഷേ, രാമഗുപ്തൻ നിർവികാരനായി ഒന്നും മിണ്ടാതെയിരുന്നതേയുള്ളൂ. രുദ്രസേനൻ അങ്ങനെയൊരു വ്യവസ്ഥ വെച്ചത് നന്നായി. സമൂഹത്തിനു മുന്നിൽ അപമാനിക്കപ്പെട്ടാലും അവളുടെ മുന്‍പിൽ തലതാഴ്ത്തി നിൽക്കേണ്ടല്ലോ. ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഒരു ദുഃസ്വപ്നം കണ്ടുണർന്നപോലെ അദ്ദേഹം സേനാപതിയുടെ നേരെ നോക്കി.

“ശത്രു ഇപ്പോൾ എവിടെയുണ്ട്?”

സേനാപതിയും സഭയിലെ മറ്റ് അംഗങ്ങളും അതുവരെ അദ്ദേഹത്തോട് പറഞ്ഞ കാര്യങ്ങളൊന്നും ഓർമയില്ലാത്തതുപോലെയാണ് ചക്രവർത്തി ചോദിച്ചത്.

“ഷിപ്രാ നദിയുടെ അക്കരെയെത്തി തമ്പടിച്ചിട്ടുണ്ട്.”

സേനാപതി പറഞ്ഞു.

“നിങ്ങൾക്ക് അവരെ പ്രതിരോധിക്കാൻ കഴിയുമോ?”

ചിത്രീകരണം

ചിത്രീകരണം - ദേവപ്രകാശ്

“നമ്മുടെ സൈന്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ബുദ്ധിമുട്ടാണ്.”

“എന്നാലെന്തിനാണ് വെറുതെ ആലോചിച്ചിരുന്ന് സമയം കളയുന്നത്? അവരുടെ വ്യവസ്ഥകളനുസരിച്ച് സന്ധി ചെയ്യാൻ സമ്മതമാണെന്ന് മറുപടി എഴുതിക്കൊണ്ടുവരൂ. ഞാൻ തുല്യം ചാർത്തി തരാം.”

സിംഹാസനത്തിൽനിന്ന് ചാടിയെഴുന്നേറ്റ് വലിയ ശബ്ദത്തിലാണ് രാമഗുപ്തൻ മന്ത്രിമുഖ്യനോട് പറഞ്ഞത്. അതുകേട്ട് സദസ്സിലുണ്ടായിരുന്നവരെല്ലാം ഞെട്ടിപ്പോയി. മഹാറാണിയെ പ്രതിഫലമായി നൽകി സന്ധി ചെയ്യാൻ സമ്മതിക്കുകയോ? ചക്രവർത്തിക്ക് ഭ്രാന്താണോ?

“യുവരാജാവിന്റെ അഭിപ്രായം കൂടിയറിഞ്ഞിട്ട് തീരുമാനമെടുക്കുന്നതല്ലേ നല്ലത്...”

രാജഗുരു ചക്രവർത്തിയോട് പതുക്കെ സൂചിപ്പിച്ചു. അതിനും ക്രുദ്ധമായ ശബ്ദത്തിലായിരുന്നു രാമഗുപ്തന്റെ മറുപടി.

“ഗുപ്തസാമ്രാജ്യത്തിന്റെ ചക്രവർത്തി ഞാനാണ്, അയാളല്ല. ഉജ്ജയിനിയിലെ ആയിരക്കണക്കിന് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയെടുക്കുന്ന തീരുമാനമാണിത്. അതിനാരോടും അനുവാദം ചോദിക്കേണ്ട ആവശ്യമില്ല.”

“മഹാറാണി ഇതിന് സമ്മതിക്കുമോ?”

മന്ത്രിമുഖ്യൻ വിറയലോടെയാണ് ചോദിച്ചത്.

“രാജകല്പപ്പനയാണ്. ഏത് മഹാറാണിയായാലും അനുസരിച്ചേ പറ്റൂ...”

സേനാപതി അപ്പോഴേക്കും ശാകന്മാരുമായി സന്ധി ചെയ്യാൻ സമ്മതമാണെന്ന മറുപടി സന്ദേശം എഴുതി തയ്യാറാക്കിക്കൊണ്ടുവന്നിരുന്നു. രാമഗുപ്തൻ അത് വാങ്ങി തുല്യം ചാർത്തി വിനീതനായി നിന്ന ദൂതന്റെ മുഖത്തേക്കെറിഞ്ഞു.

“നിന്റെ രാജാവിന് കൊണ്ടുപോയി കൊടുക്ക്. അയാൾക്ക് സന്തോഷമാകട്ടെ...”

ദൂതൻ ചക്രവർത്തിയെ താണുവണങ്ങി സഭയിൽനിന്ന് പുറത്തേക്കിറങ്ങി. ചക്രവർത്തിയുടെ തീരുമാനമറിഞ്ഞ മഹാറാണി, അന്തഃപുരത്തിൽനിന്ന് തോഴിമാരേയും കൂട്ടി കണ്ണീരോടെ മഹാകാലേശ്വര ക്ഷേത്രത്തിലേക്ക് നടന്നു. ഭഗവാനോട് പ്രാർത്ഥിക്കുകയല്ലാതെ അവരുടെ മുന്നിൽ മറ്റ് മാർഗങ്ങളൊന്നുമുണ്ടായിരുന്നില്ല. രാമഗുപ്തൻ ഇത്ര നാണംകെട്ടൊരു ഒത്തുതീർപ്പിന് തയ്യാറാകുമെന്ന് ധ്രുവാവതി സ്വപ്നത്തിൽപ്പോലും വിചാരിച്ചിരുന്നില്ല.

സുരക്ഷാഗോപുരത്തിനു മുകളിൽ ശത്രുവിന്റെ നീക്കങ്ങൾ നിരീക്ഷിച്ചുകൊണ്ട്, നാളെ അവരെ തടയാനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കുകയായിരുന്ന യുവരാജാവ്, ചക്രവർത്തിയുടെ പെട്ടെന്നുള്ള തീരുമാനമറിഞ്ഞപ്പോൾ ഒരു കൊടുങ്കാറ്റുപോലെ അവിടെനിന്നിറങ്ങി രാജസദസ്സിലേക്ക് വന്നു. സദസ്യരെല്ലാം അദ്ദേഹത്തെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. എന്നാൽ, ചക്രവർത്തി ചന്ദ്രഗുപ്തന്റെ നേരെ നോക്കിയതേയില്ല.

“ചക്രവർത്തി തിരുമനസ്സേ, ലജ്ജയില്ലേ ഇനിയും ഈ സിംഹാസനത്തിലിരിക്കാൻ...? മഹാറാണിയെ പ്രതിഫലമായി നൽകി ശാകന്മാർക്ക് കീഴടങ്ങാമെന്ന് സമ്മതിക്കുന്നതിനേക്കാൾ നല്ലത്, കൊട്ടാരമുറ്റത്തൊരു ചിതയൊരുക്കി ആത്മാഹുതി ചെയ്യുകയായിരുന്നില്ലേ?”

ചന്ദ്രഗുപ്തൻ കടുത്ത ദേഷ്യത്തിലാണ് ചോദിച്ചത്. രാമഗുപ്തന് ഉത്തരം പറയാതിരിക്കാൻ നിവൃത്തിയില്ലാതായി.

“തോൽക്കുമെന്നുറപ്പുള്ള യുദ്ധത്തിൽനിന്ന് സന്ധിചെയ്ത് പിന്മാറണമെന്നല്ലേ ചാണക്യൻ അർത്ഥശാസ്ത്രത്തിൽ പറയുന്നത്?”

രാമഗുപ്തൻ തന്റെ തീരുമാനത്തെ ന്യായീകരിക്കാൻ ശ്രമിച്ചു.

“ചാണക്യൻ പറഞ്ഞതനുസരിച്ചായിരുന്നു അങ്ങ് ഭരിച്ചിരുന്നതെങ്കിൽ ഏഴു മാസംകൊണ്ട് രാജ്യത്തിന് ഈ സ്ഥിതി വരില്ലായിരുന്നു. എല്ലാം നശിപ്പിച്ച്, ശത്രുവിന്റെ മുന്‍പിൽ കിഴടങ്ങേണ്ടി വന്നപ്പോളാണോ, അങ്ങേക്ക് അർത്ഥശാസ്ത്രം ഓർമവന്നത്? സ്വന്തം പത്‌നിയെ ശത്രുവിന് പ്രതിഫലമായി കൊടുത്ത് സന്ധി ചെയ്യണമെന്നൊന്നും ചാണക്യൻ പറഞ്ഞിട്ടില്ല. മഹാറാണി ഈ കൊട്ടാരത്തിൽനിന്ന് പുറത്തേക്കിറങ്ങുന്ന പ്രശ്നമില്ല.”

“ചന്ദ്രഗുപ്താ, ഗുപ്തസാമ്രാജ്യത്തിന്റെ ചക്രവർത്തി ഞാനാണ്, നീയല്ല. സന്ധി ചെയ്യാനുള്ള തീരുമാനം രാജകല്പനയാണ്. മഹാറാണിയായാലും യുവരാജാവായാലും അനുസരിച്ചേ പറ്റൂ. ക്ഷേത്രദർശനം കഴിഞ്ഞുവന്നാൽ ധ്രുവാവതി രുദ്രസേനന്റെ കൂടാരത്തിലേക്ക് പോകാമെന്ന് സമ്മതിച്ചിട്ടുണ്ട്. തടയരുത്.”

“നടക്കില്ല. ചക്രവർത്തിയാണെന്ന ബഹുമാനമൊന്നും ഇനി താങ്കളോടില്ല. ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ സന്ധി നടപ്പിലാക്കാൻ അനുവദിക്കില്ല. മഹാറാണി എവിടേക്കും പോവുകയുമില്ല.”

ചന്ദ്രഗുപ്തൻ വന്നതിനേക്കാൾ വേഗത്തിൽ രാജസദസ്സിൽനിന്ന് പുറത്തേക്കിറങ്ങി. അപ്പോൾ ക്ഷേത്രത്തിൽ തൊഴുത് മടങ്ങിവരുന്ന മഹാറാണി അന്തഃപുരത്തിലേക്ക് കയറുന്നതാണ് കണ്ടത്. ചന്ദ്രഗുപ്തൻ തിടുക്കത്തിൽ അവരുടെ അടുത്തേക്ക് ചെന്നു.

“മഹാറാണി, ഞാൻ എന്താണീ കേൾക്കുന്നത്? ജേഷ്ഠന്റെ ഭ്രാന്തിന് ഭവതിയും കൂട്ടുനിൽക്കുകയാണോ?”

“രാജകല്പനയല്ലേ അനുസരിക്കാതെ പറ്റുമോ? ഉജ്ജയിനിയിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി പോകാമെന്ന് സമ്മതിച്ചു.”

“ധ്രുവാ, ഉജ്ജയിനിയിലെ ജനങ്ങളുടെ ജീവൻ ഞാൻ രക്ഷിക്കാം. ദയവായി രുദ്രസേനന്റെ കൂടാരത്തിലേക്ക് പോകരുത്.”

അതൊരു അപേക്ഷയായിരുന്നു. പക്ഷേ, രാജകല്പനയേക്കാൾ പതിന്മടങ്ങ് ശക്തമായിരുന്നു അത്. മഹാറാണി എന്നല്ലാതെ യുവരാജാവ് ഇതുവരെ തന്നെ സംബോധന ചെയ്തിട്ടുണ്ടായിരുന്നില്ല. ഇന്ന് ആദ്യമായി ധ്രുവാ എന്നു വിളിച്ചിരിക്കുന്നു. വൈശാലിയിൽനിന്ന് ഇവിടെയെത്തിയതിനുശേഷം ആദ്യമായിട്ടാണൊരാൾ അങ്ങനെ സ്നേഹത്തോടെ വിളിക്കുന്നത്. ആ സന്തോഷം പുറത്തുകാണിക്കാതെ ധ്രുവാവതി അന്തഃപുരത്തിനകത്തേക്ക് കയറി. കൂടെ ചന്ദ്രഗുപ്തനും.

സന്ധിക്ക് സമ്മതിച്ചുകൊണ്ടുള്ള രാമഗുപ്തന്റെ സന്ദേശം കിട്ടിയതോടെ ശാകപ്പടയുടെ കൂടാരങ്ങളിൽ വിജയാഘോഷം തുടങ്ങി. ഇത്രയെളുപ്പത്തിൽ ഈ യുദ്ധം ജയിക്കാൻ കഴിയുമെന്ന് അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മാത്രമല്ല, മഹാറാണിയെ തന്നെ പ്രതിഫലമായി നൽകാൻ ഗുപ്തചക്രവർത്തി സമ്മതിക്കുകയും ചെയ്തിരിക്കുന്നു. ഭൂലോകരംഭയെ തനിക്ക് കിട്ടാൻ പോകുന്ന സന്തോഷത്തിൽ രുദ്രസേനൻ, ശാകപ്പടക്ക് ആ രാത്രി മുഴുവൻ ആഘോഷിക്കാൻ അനുവാദം കൊടുത്ത് ഗുപ്തമഹാറാണിയുടെ വരവും കാത്തിരുന്നു.

അത്താഴം കഴിഞ്ഞയുടനെ, ഒതുക്കിക്കെട്ടിയ സമൃദ്ധമായ ചുരുണ്ട മുടിയിൽ നിറയെ ചെമ്പകവും മുല്ലയും ചൂടി, കന്യാകുബ്‌ജത്തിൽനിന്നു പ്രത്യേകമായി വരുത്തിയ സുഗന്ധദ്രവ്യങ്ങൾ ശരീരമാസകലം പൂശി, സ്വർണാഭരണ വിഭൂഷിതയായി, നന്നായി അണിഞ്ഞൊരുങ്ങിയ മഹാറാണി ധ്രുവാവതി നാലു തോഴിമാരോടൊപ്പം അന്തഃപുരത്തിൽനിന്ന് പുറത്തേക്കിറങ്ങി ഷിപ്രാ നദിയിലെ കൊട്ടാരക്കടവിനെ ലക്ഷ്യമാക്കി നടന്നു. അവിടെ സുരക്ഷിതമായൊരു തോണിയും തുഴക്കാരും അവരെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. മഹാറാണിയും പരിവാരങ്ങളും ആ തോണിയിൽ കയറി ശാകചക്രവർത്തിയുടെ കൂടാരത്തിലേക്ക് യാത്ര തിരിച്ചു. ധ്രുവാവതി വരുന്നതും കാത്ത് അക്ഷമനായിരുന്ന രുദ്രസേനന് അക്കരെനിന്ന് തോണി പുറപ്പെട്ടുവെന്നറിഞ്ഞപ്പോൾ വലിയ സന്തോഷമായി.

അന്നത്തെ ഉജ്ജയിനിയിലെ മഹാറാണിമാരുടെ വസ്ത്രധാരണരീതിയനുസരിച്ച്, ശിരോവസ്ത്രത്തിന്റെ ഒരു ഭാഗംകൊണ്ട് മുഖം പൂർണമായി മറച്ച്, ഇരുവശത്തും ഈരണ്ട് തോഴിമാരുടെ അകമ്പടിയോടെ തോണിയിൽ നിന്നിറങ്ങിയ ധ്രുവാവതിയെ ശാകന്മാർ ആരതിയുഴിഞ്ഞും പുഷ്പവൃഷ്ടി നടത്തിയും വാദ്യഘോഷങ്ങളോടെയാണ് സ്വീകരിച്ചത്. റാണി ചൂടിയ ചെമ്പകത്തിന്റേയും മുല്ലയുടേയും സുഗന്ധം അപ്പോഴേക്കും രുദ്രസേനന്റെ കൂടാരത്തിലെത്തിയിരുന്നു. മന്ത്രിമുഖ്യനും പരിവാരങ്ങളുംകൂടി അവരെ ആനയിച്ച് പ്രധാന കൂടാരത്തിലേക്ക് കൊണ്ടുപോയി. കരച്ചിലോ ബഹളങ്ങളോ ഒന്നുമില്ലാതെ, ദേഷ്യത്തോടെ തന്റെ നേരെയൊന്ന് നോക്കുകപോലും ചെയ്യാതെ, വളരെ ശാന്തയായി, സുഗന്ധസുന്ദരിയായി ഗുപ്തമഹാറാണി കൂടാരത്തിനുള്ളിലേക്ക് സാവധാനം കയറിവരുന്നത് കണ്ടപ്പോൾ രുദ്രസേനന് വിശ്വസിക്കാനായില്ല. കാര്യങ്ങൾ ഇത്ര ഭംഗിയായി നടക്കുമെന്ന് അദ്ദേഹം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. രാമഗുപ്തന്റെ തീരുമാനം അറിയുമ്പോൾ ധ്രുവാദേവി ആത്മാഹുതി ചെയ്യുമോയെന്നുപോലും ഭയമുണ്ടായിരുന്നു. ഭാഗ്യത്തിന് അങ്ങനെയൊന്നും സംഭവിച്ചില്ല. പാവം, തന്റെയിരട്ടി പ്രായമുള്ള കറുപ്പു തീനിയുടെ കയ്യിൽനിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലായിരിക്കണം. അല്ലെങ്കിൽ മഹാറാണി ഇത്ര മനോഹരമായി അണിഞ്ഞൊരുങ്ങി ശത്രു ചക്രവർത്തിയുടെ കൂടാരത്തിലേക്ക് വരാൻ ഒരു സാധ്യതയുമില്ല.

മഹാറാണിയെ ശാകചക്രവർത്തിയുടെ കൂടാരത്തിലാക്കി തോഴിമാർ നാലുപേരും വേഗം പുറത്തേക്കിറങ്ങി. കൂടാരത്തിലെ ജ്വലിക്കുന്ന പന്തങ്ങളുടെ പ്രകാശത്തിൽ, രുദ്രസേനൻ തന്റെ ഇരിപ്പിടത്തിലിരുന്ന്, ധ്രുവാവതിയെ ആർത്തിയോടെ നോക്കി. മഹാറാണിയാകട്ടെ, ഇനിയെന്താണ് ചെയ്യേണ്ടതെന്നറിയാതെ മടിച്ചുനിന്നു. ആ നോട്ടം റാണിക്ക് അല്പം അരോചകമായി എന്നു തോന്നുന്നു. “ഭൂലോകരംഭ തന്നെ!” അതിനിടയിൽ സന്തോഷം മനസ്സിലൊതുക്കാൻ കഴിയാതെ രുദ്രസേനൻ അല്പമുറക്കെ പറഞ്ഞുപോയി. “നല്ല പൊക്കം! ഇതിനൊത്ത ശരീരവുമാണെങ്കിൽ ഗംഭീരമാവും!” എന്ന് മനസ്സിൽ വിചാരിക്കുകയും ചെയ്തു; പക്ഷേ, ധ്രുവാവതിയുടെ ഉടൽ മുഴുവനും മനോഹരമായ ചിത്രപ്പണികളോടുകൂടിയ ചെമ്പകപ്പൂവിന്റെ നിറമുള്ള പട്ടുകൊണ്ടു മൂടിയിരുന്നതിനാൽ ഒന്നും വ്യക്തമായി കാണാൻ കഴിയുന്നില്ല. സാരമില്ല. കുറച്ചുനേരം കൂടി ക്ഷമിച്ചാൽ മതിയല്ലോ. മഹാറാണി ഇനി തന്റേത് മാത്രമല്ലേ, അതിനൊക്കെയുള്ള അവസരം വരുന്നതുവരെ മാന്യമായി കാത്തിരിക്കാം.

“മഹാറാണി മടിച്ചുനിൽക്കാതെ, വരൂ.” രുദ്രസേനൻ ധ്രുവാവതിയെ സ്നേഹപുരസരം ക്ഷണിച്ചു. നേരത്തെ “ഭൂലോകരംഭ തന്നെ!” എന്ന് പറഞ്ഞത് കേട്ടിട്ടാവാം ലജ്ജിച്ച് തലതാഴ്ത്തിയ മഹാറാണി, ശാകചക്രവർത്തിയെ കൈകൂപ്പി വണങ്ങിയ ശേഷം ഭയഭക്തിബഹുമാനങ്ങളോടെ അദ്ദേഹത്തിന്റെ പാദങ്ങളിൽ തൊട്ടുതൊഴാനായി കുനിഞ്ഞു. ഇതൊരു നല്ല അവസരമാണല്ലോ! മഹാറാണിയെ തോളത്ത് പിടിച്ചുയർത്തി ആശ്ലേഷിച്ചുകൊണ്ട് ജീവിതത്തിലേക്ക് സ്വാഗതം ചെയ്യാമെന്ന് കരുതി രുദ്രസേനൻ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു. പക്ഷേ, അത് മുൻകൂട്ടി കണ്ട ധ്രുവാവതി ചക്രവർത്തിയുടെ പാദങ്ങൾ തൊട്ടുതൊഴുതയുടനെ നയത്തിൽ ഒഴിഞ്ഞുമാറി ഗൗരവത്തിൽ കട്ടിലിന്റെ മേലാപ്പിൽ ചാരിയിരുന്നു. മഹാറാണിക്ക് എന്തെങ്കിലും അതൃപ്തിയുണ്ടായോയെന്ന് സംശയിച്ച രുദ്രസേനൻ തന്റെ മുഖം വ്യക്തമായി കാണാവുന്നവിധത്തിൽ പന്തത്തിന്റെ വെളിച്ചത്തിലേക്ക് നീങ്ങിനിന്നുകൊണ്ട് പറയാൻ തുടങ്ങി.

“ശാകസാമ്രാജ്യത്തിന്റെ ചക്രവർത്തിനിയാകാൻ പോകുന്ന ഭൂലോകസുന്ദരിയെ, ഇതുപോലെയല്ല മണിയറയിലേക്ക് ആനയിക്കേണ്ടിയിരുന്നതെന്ന് എനിക്കറിയാം. ഇതുപോലൊരു മണിയറയല്ല ഭവതിക്കായി ഒരുക്കേണ്ടിയിരുന്നതും. നിർഭാഗ്യവശാൽ ഞങ്ങളെപ്പോലെയുള്ള ചക്രവർത്തിമാരുടേയും രാജാക്കന്മാരുടേയും ജീവിതം ഇങ്ങനെയൊക്കെയാണ്. ദയവായി ക്ഷമിക്കണം. ഈ യുദ്ധത്തിന് പുറപ്പെടുമ്പോൾ എന്റെ ഒരേയൊരു ലക്ഷ്യം ഈ കാലഘട്ടത്തിലെ ഭൂലോകരംഭയായി കണക്കാക്കപ്പെടുന്ന വൈശാലി സുന്ദരി ഗുപ്തമഹാറാണി ധ്രുവാവതിയെ സ്വന്തമാക്കുകയെന്നത് മാത്രമായിരുന്നു. അതിനുവേണ്ടി മാത്രമാണ് പതിനയ്യായിരത്തിലേറെ വരുന്ന ചതുരംഗപ്പടയുമായി നൂറുകണക്കിന് നാഴിക താണ്ടി ഇങ്ങോട്ട് വന്നത്. ഭവതിയോടുള്ള എന്റെ അതിയായ പ്രണയംകൊണ്ടാണ് സമാധാന വാഗ്ദാനത്തിൽ ഈയൊരു വ്യവസ്ഥ മാത്രം മുന്നോട്ടുവെച്ചതും. എന്നാൽ, രാമഗുപ്തൻ ഈ ആവശ്യം അംഗീകരിക്കുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. വലിയൊരു ഏറ്റുമുട്ടലിനുശേഷം മാത്രമേ ഭവതിയെ സ്വന്തമാക്കാൻ കഴിയൂ എന്നാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, നാളത്തെ യുദ്ധത്തിൽ ജയിക്കുമെന്നും ഭവതിയെ സ്വന്തമാക്കാൻ കഴിയുമെന്നും എനിക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷേ, യുദ്ധത്തിൽ വലിയ രക്തച്ചൊരിച്ചിലുണ്ടാകുമോ, രാമഗുപ്തനെ വധിക്കേണ്ടിവരുമോ, മഹാറാണിയെ കൊട്ടാരത്തിൽനിന്നു തട്ടിക്കൊണ്ടു പോരേണ്ടിവരുമോ, ഭവതി അതിനോട് സഹകരിക്കാതരിക്കുമോ, ബലം പ്രയോഗിക്കേണ്ടിവരുമോ എന്നെല്ലാം ഞാൻ ഭയപ്പെട്ടിരുന്നു. മഹാകാലേശ്വരന്റെ കൃപകൊണ്ട് അതിന്റെയൊന്നും ആവശ്യമുണ്ടായില്ല. ഒരു ശത്രുഭടനെപ്പോലും വധിക്കാതെ, ഒരു തുള്ളിച്ചോരപോലും ഈ മണ്ണിൽ വീഴ്ത്താതെ, നിർഗുണനായ രാമഗുപ്തന്റെ കയ്യിൽനിന്ന് ഭവതിയെ മോചിപ്പിച്ച് സ്വന്തമാക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യം. ഒരു തുള്ളിക്കണ്ണീരുപോലും പൊഴിക്കാതെ, ഒന്ന് വിതുമ്പാൻപോലും ശ്രമിക്കാതെ, ഭവതി ഈ കൂടാരത്തിലേക്ക് കയറിവന്നതിൽ വളരെ വലിയ സന്തോഷം. മഹത്തായ ശാകചക്രവർത്തിനീപദത്തിലേക്കും എന്റെ എളിയ ജീവിതത്തിലേക്കും മഹാറാണി ധ്രുവാവതിക്ക് സ്വാഗതം.”

ചിത്രീകരണം

ചിത്രീകരണം - ദേവപ്രകാശ്

രുദ്രസേനൻ പുഞ്ചിരിയോടെ ധ്രുവാവതിയെ ഒന്നുനോക്കി. മഹാറാണിയുടെ പ്രതികരണമറിയാൻ അദ്ദേഹം അതിയായി ആഗ്രഹിക്കുന്നുണ്ടായിരുന്നു. പക്ഷേ, ധ്രുവാവതി ഒന്നും മിണ്ടാതെ പതുക്കെയെഴുന്നേറ്റ് പ്രണയസൂചകമായി കയ്യിൽ കരുതിയിരുന്ന മനോഹരമായ ചെമ്പകപ്പൂച്ചെണ്ട് അദ്ദേഹത്തിനു നൽകി കട്ടിലിൽ തന്നെയിരുന്നു. വലിയ സന്തോഷത്തോടെ പൂച്ചെണ്ട് വാങ്ങിയ രുദ്രസേനൻ അതിലൊരു മുത്തംകൊടുത്ത് മഹാറാണിക്ക് തന്നെ തിരികെ നൽകി. പിന്നെ സ്നേഹത്തോടെ മഹാറാണിയുടെ അടുത്തിരുന്നു.

“മഹാറാണി, എന്താണ് ഒന്നും സംസാരിക്കാത്തത്? ലജ്ജകൊണ്ടാണോ, അതോ ഭയംകൊണ്ടോ? രുദ്രസേനൻ വളരെ ക്രൂരനായ ചക്രവർത്തിയാണെന്ന് കേട്ടിട്ടുണ്ടാവുമല്ലേ? പ്രിയേ, അത് ശത്രുക്കളോട് മാത്രമാണ്. പ്രിയമുള്ളവരോട് അതിലേറെ പ്രിയമുള്ളവനാണ് ഞാൻ. ദയവായി എന്തെങ്കിലും പറയൂ.”

രുദ്രസേനൻ മഹാറാണിയുടെ മടിയിൽ കൈവെച്ചുകൊണ്ട് പ്രണയത്തോടെയാണ് പറഞ്ഞത്. റാണി സ്നേഹപൂർവം ആ കയ്യിൽ മുറുകെ പിടിച്ചു.

“മഹാറാണിയുടെ കയ്യിൽ തഴമ്പുണ്ടല്ലോ. ആയുധപരിശീലനം നേടിയിട്ടുണ്ടല്ലേ?”

രുദ്രസേനൻ ചോദിച്ചു. ധ്രുവാദേവി അതേയെന്ന അർത്ഥത്തിൽ തലയാട്ടി. രുദ്രസേനന് വലിയ സന്തോഷമായി.

“അതു നന്നായി. എന്റെ ഭാവി ചക്രവർത്തിനിക്ക് സൗന്ദര്യം മാത്രമല്ല, യുദ്ധം ചെയ്യാനുള്ള കഴിവുമുണ്ട്. എങ്കിലും ധ്രുവാദേവിയുടെ സൗന്ദര്യത്തെത്തന്നെയാണ് ഞാനാരാധിക്കുന്നത്. അപ്‌സരസ്സുകൾപോലും തോറ്റുപോകുന്ന ഉജ്ജയിനി മഹാറാണിയുടെ അഴകിനെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ടായിരുന്നു. കാണാൻ ഇതുവരെ ഭാഗ്യമുണ്ടായില്ല. ഇന്ന് ആ അപ്‌സരസ്സിന്റെ സ്വന്തമാണ്. ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യവാനായ പുരുഷനാണ് ഞാൻ! ഇനിയും ഞാനെന്തിനാണ് കാത്തിരിക്കുന്നത്? എന്റെ ഭൂലോകരംഭക്കെന്തിനാണ് ശിരോവസ്ത്രം? ആ പുഞ്ചിരിക്കുന്ന മുഖം ഞാൻ കൺകുളിർക്കെ കാണട്ടെ...”

രുദ്രസേനൻ ഒരു കുസൃതികാണിക്കുന്നതുപോലെ ധ്രുവാദേവിയുടെ ശിരോവസ്ത്രം പെട്ടെന്ന് മുഖത്തുനിന്നെടുത്ത് മാറ്റി. പക്ഷേ, ആ മുഖം കണ്ടപ്പോൾ അദ്ദേഹം നടുങ്ങിപ്പോയി. അത് ധ്രുവാദേവിയായിരുന്നില്ല! യുവരാജാവ് ചന്ദ്രഗുപ്തൻ ധ്രുവാദേവിയുടെ വേഷം ധരിച്ചെത്തിയതായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ, രുദ്രസേനനെ ഒരക്ഷരം മിണ്ടാൻ അനുവദിക്കാതെ, അരയിൽ ഒളിപ്പിച്ചുവെച്ചിരുന്ന വാളെടുത്ത് ചന്ദ്രഗുപ്തൻ വെട്ടിവീഴ്ത്തി. തലയുടെ പാതി ഉടലിൽനിന്ന് വേർപെട്ട്, രക്തത്തിൽ കുളിച്ചുകിടന്ന രുദ്രസേനൻ ആ കൂടാരത്തിൽ കിടന്ന് പിടഞ്ഞുമരിച്ചു. ചന്ദ്രഗുപ്തൻ വിജയസൂചകമായി ശംഖുനാദം മുഴക്കി. തുടർന്ന് നടന്ന അപ്രതീക്ഷിത

ചിത്രീകരണം

ചിത്രീകരണം - ദേവപ്രകാശ്

രാപ്പോരിൽ, അലസരായി ആഘോഷിച്ച് കിടന്നുറങ്ങിയ ശാകപ്പടയ്ക്ക് കനത്ത നാശനഷ്ടം സംഭവിച്ചു. പുലരുന്നതിനു മുന്‍പേ അവർക്ക് രുദ്രസേനന്റെ മൃതദേഹവുംകൊണ്ട് പിന്തിരിഞ്ഞോടേണ്ടിവന്നു.

ചന്ദ്രഗുപ്തൻ കൊട്ടാരത്തിൽ തിരിച്ചെത്തിയപ്പോൾ, രാമഗുപ്തൻ അപമാനഭാരം സഹിക്കാനാവാതെ അടിവയറിൽ ചുരിക കുത്തിയിറക്കി മരിച്ചുകിടക്കുന്നതാണ് കണ്ടത്. മഹാറാണി ആത്മാഹുതി ചെയ്യാനായി അഗ്‌നികുണ്ഡത്തിലേക്ക് ചാടാൻ പോകുന്നു. ചന്ദ്രഗുപ്തൻ ഓടിച്ചെന്ന് ധ്രുവാദേവിയെ ആ കടുംകയ്യിൽനിന്നു പിടിച്ചുമാറ്റി.

“മഹാറാണി, ആർക്കുവേണ്ടിയാണ് ഞാൻ ജീവൻ പണയം വെച്ച് രുദ്രസേനന്റെ കൂടാരത്തിലേക്ക് പോയത്?”

ധ്രുവാവതിയെ മാറോട് ചേർത്തുപിടിച്ചുകൊണ്ട് ചന്ദ്രഗുപ്തൻ ചോദിച്ചു.

“എനിക്കുവേണ്ടി...”

ധ്രുവാവതി വിതുമ്പിക്കൊണ്ട് പറഞ്ഞു.

രാമഗുപ്തന്റെ മരണാനന്തരച്ചടങ്ങുകൾക്കുശേഷം യുവരാജാവ് ചന്ദ്രഗുപ്തൻ രണ്ടാമൻ, വിക്രമാദിത്യൻ എന്ന പേരിൽ ഗുപ്തസാമ്രാജ്യത്തിന്റെ ചക്രവർത്തിയായി അധികാരമേറ്റെടുത്തു. സ്വാഭാവികമായും ധ്രുവാവതി തന്നെ അദ്ദേഹത്തിന്റെ ചക്രവർത്തിനിയുമായി.

“അന്ന് രാത്രി നീയെന്നെ ഭൂലോകരംഭയെപ്പോലെ അണിയിച്ചൊരുക്കിയതുകൊണ്ടുമാത്രമാണ് ഇന്നെനിക്ക് ഈ സിംഹാസനത്തിലിരിക്കാൻ ഭാഗ്യമുണ്ടായത്.”

വിക്രമാദിത്യൻ ധ്രുവാവതിയോട് നന്ദിപൂർവം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now