കണ്ണൂരിലെ തലമുറകളുടെ രോഗാവസ്ഥകളെ കൈപ്പുണ്യവും കാരുണ്യവും കൊണ്ടു മാറ്റിയ ജനകീയ ഡോക്ടര്‍ ഓര്‍മ്മയായി

 ak rairu gopal
എ കെ രൈരു ഗോപാലിൻറെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ( ak rairu gopal )
Last Updated :3 August 2025, 4:14 pm IST

News Now

കണ്ണൂര്‍: കണ്ണൂരിലെ തലമുറകളുടെ രോഗാവസ്ഥകളെ കൈപ്പുണ്യവും കാരുണ്യവും കൊണ്ടു മാറ്റിയ ജനകീയ ഡോക്ടര്‍ ഓര്‍മ്മയായി. 'രണ്ടു രൂപ ഡോക്ടര്‍' എ കെ രൈരു ഗോപാലിന്‍റെ മൃതദേഹം ഞായറാഴ്ച്ച ഉച്ചയോടെ കണ്ണൂര്‍ പയ്യാമ്പലത്ത് സംസ്‌കരിച്ചു. ഡോക്ടറെ അവസാനമായി കാണാന്‍ വന്‍ ജനാവലിയാണ് കണ്ണൂര്‍ താണയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്.

പാവങ്ങളുടെ അത്താണിയായ ജനകീയ ഡോക്ടര്‍ എന്നാണ് രൈരു ഗോപാല്‍ അറിയപ്പെട്ടിരുന്നത്. രണ്ടു രൂപ മാത്രം ഫീസ് വാങ്ങിക്കൊണ്ടായിരുന്നു ഡോക്ടര്‍ രോഗികളെ ചികിത്സിച്ചിരുന്നത്. 50 വര്‍ഷത്തിലേറെ അദ്ദേഹം രണ്ടു രൂപ മാത്രമായിരുന്നു ഫീസ് വാങ്ങിയത്. പിന്നീട് ഫീസ് പത്തുരൂപയായി ഉയര്‍ത്തിയിരുന്നു. സാധാരണക്കാരുടെ അത്താണിയായിരുന്നു ഡോക്ടറും അദ്ദേഹത്തിന്റെ ക്ലിനിക്കും.

പുലര്‍ച്ചെ നാലു മണി മുതല്‍ വൈകീട്ട് നാലുവരെ ഡോക്ടര്‍ രോഗികളെ പരിശോധിച്ചിരുന്നു. പിന്നീട് കുറച്ചുകാലം രാവിലെ ആറു മുതല്‍ വൈകീട്ട് നാലുവരെയാക്കി. കുട്ടികള്‍ മുതല്‍ പ്രായമുള്ളവര്‍ വരെ ചികിത്സയ്ക്കായി ഇവിടെ എത്താറുണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് മരുന്ന് സൗജന്യമായി നല്‍കിയിരുന്നു. ജില്ലയ്ക്ക് പുറത്തുനിന്നും രോഗികള്‍ എത്തിയിരുന്നു.

18 ലക്ഷം രോഗികളെ പരിശോധിച്ചും മരുന്നും നല്‍കിയുമാണ് വിരമിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. പണമുണ്ടാക്കാനാണെങ്കില്‍ മറ്റെന്തെങ്കിലും പണിക്ക് പോയാല്‍ മതിയെന്നായിരുന്നു രൈരു ഗോപാലിന് അച്ഛന്‍ ഡോ. എ ഗോപാലന്‍ നമ്പ്യാര്‍ നല്‍കിയ ഉപദേശം. പിന്നാലെയാണ് പരിശോധനാഫീസ് തുച്ഛമാക്കാന്‍ തീരുമാനിക്കുന്നത്. വിലക്കുറവുള്ള ഗുണമേന്‍മയുള്ള മരുന്നുകളാണ് ഡോക്ടര്‍ കുറിക്കുകയെന്നും ഇങ്ങനെയൊരു ഡോക്ടര്‍ ഇനിയുണ്ടാ വില്ലെന്നും ഡോക്ടറെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയവര്‍ പറഞ്ഞു.

Summary

kannur's two rupee doctor ak rairu gopal was cremated at Payyambalam, Kannur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates