'ഒരു കെഎസ്‌യുക്കാരനും മന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ല'; കയ്യേറ്റം ഉണ്ടായെന്നത് ആരോപണം മാത്രമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

മന്ത്രിക്കെതിരെ കൈയേറ്റമുണ്ടായിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കാന്‍ ഒരു മടിയുമില്ലെന്നും വി ഡി സതീശന്‍

VD Satheesan
VD Satheesanഫയൽ
Edited by :എന്‍ പി അനൂപ്
Last Updated :25 ഫെബ്രുവരി 2026, 5:53 pm IST

കൊച്ചി: കണ്ണൂരില്‍ കെ എസ് യു പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രി മന്ത്രി വീണ ജോര്‍ജിനെ ആക്രമിച്ചുവെന്ന ആരോപണം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മന്ത്രിക്കെതിരെ കയ്യേറ്റം ഉണ്ടായെന്നത് ആരോപണം മാത്രമാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. പ്രതിഷേധ സ്ഥലത്ത് മൂന്നോ നാലോ കെ.എസ്.യുക്കാരും 35 പൊലീസുകാരുമാണ് ഉണ്ടായിരുന്നത്. പുറത്തുവന്ന ദൃശ്യങ്ങള്‍ പ്രകാരം ഒരു കെഎസ്‌യുക്കാരനും മന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ല. സംഭവത്തില്‍ പ്രാഥമികമായ അന്വേഷണം നടത്തിയിട്ടുണ്ട്. മന്ത്രിക്കെതിരെ കൈയേറ്റമുണ്ടായിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കാന്‍ ഒരു മടിയുമില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. മന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം തുടരുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ മന്ത്രിക്ക് പരിക്കേറ്റു എന്ന് പറയുന്നത് അതേപടി വിശ്വസിക്കാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. മന്ത്രിയെ പരിക്കേല്‍പിക്കുന്നതിന്റെ ദൃശ്യം കണ്ടിട്ടില്ല. ആരും മന്ത്രിയെ കൈ കൊണ്ട് സ്പര്‍ശിക്കുന്നതോ പരിക്കേല്‍പ്പിക്കുന്നതോ പരിക്കോ താന്‍ ദൃശ്യങ്ങളില്‍ കണ്ടിട്ടില്ല. പരിക്കേറ്റിട്ടുണ്ടോ എന്ന് തനിക്ക് പറയാനാകില്ലെന്നും അതെല്ലാം പരിശോധിക്കണമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.

അക്രമം ഉണ്ടായെന്ന വാദം തള്ളി കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും രംഗത്തെത്തി. മന്ത്രിക്ക് പരിക്കേറ്റുവെന്നത് സിപിഐഎം വ്യാഖ്യാനം മാത്രമാണ്. 'മന്ത്രി രക്തസാക്ഷി പരിവേഷം അണിയുകയാണ്. പ്രവര്‍ത്തകരുടെ പ്രതിഷേധം ഒരിക്കലും മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന നിലയിലേക്ക് മാറിയിട്ടില്ലെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നും കെഎസ് യു സംസ്ഥാന പ്രസിഡന്റ് മാധ്യമങ്ങളോട് പ്രതികരിച്ചു. ജനാധിപത്യ രാജ്യത്ത് പ്രതിഷേധങ്ങള്‍ സ്വാഭാവികമാണ്. മന്ത്രിയെ കയ്യേറ്റം ചെയ്തിട്ടില്ല. പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. ആരോഗ്യമേഖല വെന്റിലേറ്ററായി കിടക്കുമ്പോള്‍ മന്ത്രിക്കെതിരെ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നും അലോഷ്യസ് പ്രതികരിച്ചു.

News Now

Summary

Kerala Health Minister Veena George injured during KSU protest in Kannur congress leaders raction.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates