kerala highcourt
kerala highcourtSource by : ഫയൽ
Last Updated :21 April 2026, 5:13 pm IST

News Now

കൊച്ചി: കേരള അതിര്‍ത്തിയിലെ മദ്യ നിയന്ത്രണത്തിന് സ്റ്റേ ഏര്‍പ്പെടുത്തി ഹൈക്കോടതി. തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു സംസഥാന സര്‍ക്കാര്‍ അതിര്‍ത്തിയില്‍ ഡ്രൈ ഡേ ഉത്തരവ് പുറപ്പെടുവിച്ചത്. മദ്യ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അബ്കാരി നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി.

ഏപ്രില്‍ 23ന് നടക്കാനിരിക്കുന്ന തമിഴ്നാട് തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള-തമിഴ്നാട് അതിര്‍ത്തി മേഖലകളില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ച ഉത്തരവാണ് ഹൈക്കോടതി ചോദ്യം ചെയ്തത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് വോട്ടെടുപ്പ് പ്രദേശത്ത് മാത്രമാണ് നിയന്ത്രണം. പോളിങ് പ്രദേശത്തിന് പുറത്ത് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കമ്മീഷനും അധികാരമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കുമളിയിലെ ബാറുടമയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

'ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ സര്‍ക്കാരിന് എവിടെ നിന്നാണ് അധികാരം ലഭിക്കുന്നത്? അബ്കാരി നിയമത്തിലോ ഫോറിന്‍ ലിക്വര്‍ റൂള്‍സിലോ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ വ്യവസ്ഥയുണ്ടോ? തമിഴ്നാട്ടിലെയും കേരളത്തിലെയും ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ നടപടിയെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത്തരമൊരു ആവശ്യം ഉന്നയിക്കാന്‍ അവര്‍ക്ക് എന്ത് നിയമപരമായ അധികാരമാണുള്ളത്', ഹൈക്കോടതി ചോദിച്ചു. നിയമ സാധുത ബോധ്യപ്പെടുത്തിയാല്‍ മാത്രം തീരുമാനം അംഗീകരിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.

തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ ഏപ്രില്‍ 21 രാവിലെ 10 മണി മുതല്‍ ഏപ്രില്‍ 23 അര്‍ദ്ധരാത്രി വരെ ഡ്രൈ ഡേ പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശത്തിന് പുറത്ത് ഇത്തരമൊരു സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം. നിയമപ്രകാരം വോട്ടെടുപ്പ് നടക്കുന്ന പരിധിയില്‍ മാത്രമേ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധിക്കൂവെന്നും ഹര്‍ജിയില്‍ പറയുന്നു. കുമളിയില്‍ ഹോട്ടലും ബാറും നടത്തുന്ന വ്യക്തിയാണ് ഹര്‍ജി നല്‍കിയത്. തന്റെ സ്ഥാപനം അതിര്‍ത്തിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ വരുന്നുണ്ടെങ്കിലും ഭൂമിശാസ്ത്രപരമായി അത് ഒറ്റപ്പെട്ടതാണെന്നും തമിഴ്നാട്ടിലെ വോട്ടര്‍മാരെയോ തെരഞ്ഞെടുപ്പിനെയോ സ്വാധീനിക്കുന്ന ഒന്നല്ലെന്നും അദ്ദേഹം കോടതിയില്‍ ബോധിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates