ബാബാ രാംദേവിന്റെ കമ്പനിക്കെതിരെ നിയമ നടപടി തുടരും; കേസുകളുമായി മുന്നോട്ടു പോവാന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന് നിര്‍ദേശം

കേസുകളുടെ പ്രാധാന്യം കോടതിയെ ബോധ്യപ്പെടുത്തിയ ശേഷം ഡ്രഗ് കണ്‍ട്രോളര്‍ കെ സുജിത് കുമാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി

Baba ramdev
ബാബാ രാംദേവ്‌ Source by : ഫയല്‍
Last Updated :13 July 2026, 10:59 am IST

തിരുവനന്തപുരം: ബാബ രാംദേവ് പ്രമോട്ട് ചെയ്യുന്ന ദിവ്യ ഫാര്‍മസിക്കെതിരെയുള്ള 29 കേസുകളുമായി മുന്നോട്ട് പോകാന്‍ കേരള സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന് സര്‍ക്കാര്‍ അനുമതി നല്‍കി. കേസുകൾ പിൻവലിക്കാനോ പൊലീസിന് കൈമാറാനോ ഉള്ള കടുത്ത സമ്മർദ്ദങ്ങളെ അതിജീവിച്ചാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗം നിയമനടപടികളുമായി മുന്നോട്ട് പോകുന്നത്. കോടതികളിൽ ഈ കേസുകളുടെ പ്രാധാന്യം കൃത്യമായി ബോധ്യപ്പെടുത്തി വിചാരണയുമായി മുന്നോട്ട് പോകാൻ ഡ്രഗ് കൺട്രോളർ കെ. സുജിത് കുമാർ എൻഫോഴ്‌സ്‌മെന്റ് ഓഫീസർമാർക്ക് നിർദേശം നൽകി.

അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിൽ നിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ, 2025-ലെ സുപ്രീം കോടതി വിധിയ്ക്ക് ശേഷം രജിസ്റ്റർ ചെയ്ത കേസുകൾ മാത്രം പൊലീസിന് കൈമാറിയാൽ മതിയെന്നും നിലവിലുള്ള 29 കേസുകളിൽ വകുപ്പ് തന്നെ നേരിട്ട് വാദിക്കുമെന്നും സുജിത് കുമാർ വ്യക്തമാക്കി. തെറ്റിദ്ധരിപ്പിക്കുന്ന വിപണന തന്ത്രങ്ങൾക്കെതിരെ നിയമപരമായി പോരാടുന്ന രാജ്യത്തെ ഏക സംസ്ഥാന റെഗുലേറ്ററി ബോഡിയാണ് കേരളത്തിലേതെന്ന് ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ഉത്തരാഖണ്ഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പതഞ്ജലിക്കെതിരെയുള്ള കേസുകൾ ലഘൂകരിക്കാൻ ശ്രമിച്ചപ്പോൾ, കേരളം മാത്രമാണ് നിയമ നടപടികളുമായി മുന്നോട്ടുപോവുന്നതെന്ന് അവര്‍ പറയുന്നു.

കേരളത്തില്‍ നിലവില്‍ വിവിധ ജില്ലകളിലായി ഇത്തരം കേസുകള്‍ നടക്കുന്നുണ്ട്. കോഴിക്കോട് (7 കേസുകള്‍), എറണാകുളം (6 കേസുകള്‍), തൃശ്ശൂര്‍ (5 കേസുകള്‍), കൊല്ലം (5 കേസുകള്‍), തിരുവനന്തപുരം (4 കേസുകള്‍), കണ്ണൂര്‍ (2 കേസുകള്‍) എന്നിങ്ങനെയാണ് കണക്കുകള്‍.

കണ്ണൂര്‍ സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍ ഡോ. ബാബു കെവി.2023-ല്‍ നല്‍കിയ പരാതികളെത്തുടര്‍ന്നാണ് നിയമനടപടികള്‍ക്ക് തുടക്കമായത്. പരസ്യം ചെയ്യുന്നതിൽ നിന്ന് നിയമപരമായി വിലക്കപ്പെട്ടിട്ടുള്ള, വിട്ടുമാറാത്ത രോഗങ്ങൾക്ക് വരെ തങ്ങളുടെ ഉൽപ്പന്നങ്ങൾ അദ്ഭുതകരമായ പരിഹാരമാണെന്ന രീതിയിൽ പതഞ്ജലി പരസ്യം നൽകിയതായി വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി.

1954-ലെ ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് (ആക്ഷേപകരമായ പരസ്യങ്ങൾ) നിയമത്തിലെ സെക്ഷൻ 3(d) പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഈ നിയമപ്രകാരം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള 54 ഗുരുതര രോഗങ്ങൾക്ക് മരുന്ന് പരസ്യം ചെയ്യുന്നത് കർശനമായി നിരോധിച്ചിട്ടുള്ളതാണ്.

കേസുകൾ അട്ടിമറിക്കാൻ ബാഹ്യമായ കടുത്ത സമ്മർദ്ദങ്ങൾ ഉണ്ടായെങ്കിലും പൊതുജനാരോഗ്യത്തെയും നിയമവ്യവസ്ഥയെയും മുൻനിർത്തി കേസുകളുമായി വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകാനാണ് കേരള ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെന്റിന്റെ തീരുമാനം.

News Now

Summary

Kerala pushes ahead with legal battle against Ramdev's company

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates