'മാന്യതയ്ക്ക് നിരക്കാത്ത വസ്ത്രം'; ലെഗിൻസ് ധരിച്ച് സ്കൂളിലെത്തിയ അധ്യാപികയ്ക്ക് പ്രധാനാധ്യാപികയുടെ ശകാരം, പരാതി  

ലെഗിൻസ് ധരിച്ച് സ്കൂളിലെത്തിയ അധ്യാപികയ്ക്ക് പ്രധാനാധ്യാപികയുടെ ശകാരം. ഹിന്ദി അധ്യാപികയായ സരിത രവീന്ദ്രനാഥ് പരാതിയുമായി ഡിഇഒയെ സമീപിച്ചു

സരിത രവീന്ദ്രനാഥ്, പരാതിക്കൊപ്പം നൽകിയ ചിത്രം
Last Updated :20 January 2024, 9:09 am IST

മലപ്പുറം: സ്കൂളിൽ ലെഗിൻസ് ധരിച്ച് വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന് അധ്യാപികയുടെ പരാതി. മലപ്പുറം എടപ്പറ്റ സികെഎച്ച്എം സ്കൂളിലെ ഹിന്ദി അധ്യാപികയായ സരിത രവീന്ദ്രനാഥ് ആണ് പരാതിയുമായി ഡിഇഒയെ സമീപിച്ചത്. അധ്യാപകർക്ക് സൗകര്യപ്രദമായ മാന്യമായ ഏത് വസ്ത്രവും ധരിച്ച് സ്‌കൂളിൽ വരാമെന്ന് നിയമം നിലനിൽക്കെയാണ്‌ തന്നോട്ട് ഇത്തരത്തിൽ പെരുമാറിയതെന്ന് അധ്യാപിക പറഞ്ഞു. പ്രധാനാധ്യാപിക റംലത്തിനെതിരെയാണ് സരിതയുടെ പരാതി. 

കഴിഞ്ഞ ദിവസം ഓഫീസ് റൂമിൽ ഒപ്പിടാൻ എത്തിയപ്പോഴാണ് തന്റെ വസ്ത്രത്തെക്കുറിച്ച് പ്രധാനാധ്യാപിക മോശമായി സംസാരിച്ചതെന്ന് സരിത പറഞ്ഞു. ലെഗിൻസ് മാന്യതയ്ക്ക് നിരക്കാത്ത വസ്ത്രമാണെന്ന് പറഞ്ഞ പ്രധാനാധ്യാപികയുടെ ചില വാക്കുകൾ തന്നെ മാനസികമായി തളർത്തിയെന്ന് സരിത പറഞ്ഞു. സാമാന്യം ഇറക്കമുള്ള ടോപ്പും സ്റ്റോളും ലെഗ്ഗിൻസുമായിരുന്നു തന്റെ വേഷമെന്നും മോശമായിട്ടല്ല താൻ വസ്ത്രം ധരിച്ചതെന്നും അധ്യാപിക കൂട്ടിച്ചേർത്തു. പ്രധാനാധ്യാപിക വിമർശിച്ച അതേ വേഷത്തിൽ തന്നെ ഫോട്ടോയെടുത്ത് പരാതിക്കൊപ്പം അയച്ചിട്ടുമുണ്ട്. 

"കുട്ടികൾ ശരിയായി വസ്ത്രം ധരിക്കുന്നില്ലെന്ന് എങ്ങനെ ഞാനവരോട് പറയും? നിങ്ങള് ഇങ്ങനത്തെ ഒക്കെ വസ്ത്രമിട്ടല്ലേ വരുന്നത്" എന്നാണ് ചോദിച്ചത്. ആ ചോദ്യത്തെ ഒരു തമാശയായി കണ്ട് ടീച്ചർമാർക്ക് യൂണിഫോം ഉണ്ടോ ടീച്ചറേ എന്ന് തിരിച്ചും ചോദിച്ചു. നിങ്ങളുടെ പാന്റാണ് പ്രശ്‌നമെന്നും അതാണ് നിങ്ങളുടെ സംസ്‌കാരമെന്നുമൊക്ക അവർ പറഞ്ഞെന്ന് സരിത ആരോപിച്ചു. വകുപ്പിനോട് മറുപടി പറയാമെന്നായിരുന്നു പ്രധാനാധ്യാപിക റംലത്തിൻറെ പ്രതികരണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now