പകര്‍ച്ചവ്യാധി ഭീഷണിയില്‍ കേരളം, ഷിഗെല്ല ഇതുവരെ 114 പേർക്ക്, അമീബിക് മസ്തിഷ്‌കജ്വരം 133, എഇഎസ് 62 കേസുകള്‍, റിപ്പോര്‍ട്ട്

ഈ വര്‍ഷം ജൂണ്‍ 11 വരെ സംസ്ഥാനത്ത് 114 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്

Epidemic case rises
Epidemic case risesപ്രതീകാത്മക ചിത്രം
Edited by :Jayakumar
Last Updated :12 ജൂൺ 2026, 10:09 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നു. ഡെങ്കിപ്പനി, എലിപ്പനി, ഷിഗെല്ല തുടങ്ങിയ രോഗബാധയില്‍ വന്‍ വര്‍ധനവാണ് സംസ്ഥാനത്ത് ഉണ്ടായതെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. ഈ വര്‍ഷം ജൂണ്‍ 11 വരെ സംസ്ഥാനത്ത് 114 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. മൂന്നു ജില്ലകളിലാണ് ഇതുവരെ രോഗം കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 11 വരെ 54 പേര്‍ക്ക് മാത്രമായിരുന്നു ഷിഗെല്ല സ്ഥിരീകരിച്ചിരുന്നത്.

ഈ വര്‍ഷം ഷിഗെല്ല ബാധിച്ച് രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുട്ടികളില്‍ വളരെ വേഗം പടരാന്‍ സാധ്യതയുള്ള രോഗമാണ്. മലിനമായ ജലവും മോശമായ ഭക്ഷണവുമാണ് രോഗം പകരാനുള്ള പ്രധാന മാര്‍ഗമെന്ന് ആരോഗ്യ വകുപ്പ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. മഴക്കാല പൂര്‍വ ശുചീകരണം പലയിടത്തും സമയബന്ധിതമായി പൂർത്തീകരിക്കാതിരുന്നതും കുടിവെള്ള സ്രോതസ്സുകള്‍ മലിനമാകാന്‍ കാരണമായതായി വിലയിരുത്തപ്പെടുന്നു.

ആശങ്കയായി ഉയരുന്ന മറ്റൊരു രോഗബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. കഴിഞ്ഞ വര്‍ഷം ജൂണ്‍ 11 വരെ എട്ടു കേസുകള്‍ മാത്രമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ വര്‍ഷത്തിന്റെ അവസാനത്തോടെ 201 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇക്കൊല്ലം ജൂണ്‍ 11 വരെ 133 അമീബിക് മസ്തിഷ്‌ക ജ്വര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 33 പേരാണ് ഇതുവരെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിട്ടുള്ളത്.

ഡെങ്കിപ്പനി കേസുകള്‍ പ്രതിദിനം 130 എന്ന തോതിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും വര്‍ധിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ സൂചിപ്പിക്കുന്നു. 13,000 ന് മുകളിലാണ് നിലവില്‍ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം. സംസ്ഥാനത്ത് ആറു മാസത്തിനിടെ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 153 ആണ്. രോഗ പ്രതിരോധത്തിനൊപ്പം, രോഗവ്യാപനം തടയാനുള്ള നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്.

അക്യൂട്ട് എന്‍സഫലൈറ്റിസ് സിന്‍ഡ്രോം (AES) അഥവാ തലയില്‍ നീര്‍ക്കെട്ടുമായി വരുന്ന രോഗബാധിതരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. 2023 ല്‍ സംസ്ഥാനത്ത് 56 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ 2025 ല്‍ 172 ആയി. 2026 ല്‍ ഇതുവരെ 62 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തലച്ചോറില്‍ നീര്‍ക്കെട്ടുമായി വരുന്ന രോഗികളെ നിപ പരിശോധന കൂടി നടത്താന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എഇഎസ് മൂലം ഈ വര്‍ഷം 13 പേരാണ് സംസ്ഥാനത്ത് മരിച്ചിട്ടുള്ളത്. മഞ്ഞപ്പിത്തം ബാധിച്ച് 25 പേരും എലിപ്പനി ബാധിച്ച് 22 പേരും മരിച്ചിട്ടുണ്ട്.

News Now

Summary

Kerala under threat of epidemic, 114 cases of Shigella

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates