ചൂടില്‍ നിന്നും രക്ഷയുണ്ടാകുമോ?; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിച്ചു

kerala rain
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതKochi
Edited by :Sujith
Last Updated :11 സെപ്റ്റംബർ 2026, 6:19 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ മഴ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിച്ചതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ (കാപ്പിൽ മുതൽ പൊഴിയൂർ വരെ) തീരങ്ങളിൽ ഇന്ന് രാവിലെ 08.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് ഇന്ന് (11/09/2026) രാത്രി 11.30 വരെ 1.2 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

News Now

Summary

rain alert in kerla

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates