കിം കി ഡുക്കിന്റെ അവസാന ചിത്രം കാള്‍ ഓഫ് ഗോഡിന്റെ ആദ്യ പ്രദര്‍ശനം  നാളെ 

ചിത്രത്തിലെ രംഗം
Last Updated :20 January 2024, 9:10 am IST

News Now

തിരുവനന്തപുരം: കിം കി ഡുക്കിന്റെ അവസാന ചിത്രം കാള്‍ ഓഫ് ഗോഡിന്റെ ആദ്യ പ്രദര്‍ശനം ഉള്‍പ്പടെ ചൊവ്വാഴ്ച രാജ്യാന്തര മേളയിലെത്തുന്നത്  66 ചിത്രങ്ങള്‍. മത്സര ചിത്രങ്ങളായ കെര്‍, എ പ്ലേസ് ഓഫ് അവര്‍ ഓണ്‍ എന്നിവയുടെ ആദ്യ പ്രദര്‍ശനവും ക്‌ളോണ്ടൈക്ക് ,ഹൂപ്പോ എന്നിവയുടെ അവസാന  പ്രദര്‍ശനവും ചൊവ്വാഴ്ച ഉണ്ടാകും.11 മത്സര ചിത്രങ്ങളാണ് ചൊവ്വാഴ്ച പ്രദര്‍ശിപ്പിക്കുക.

നൈറ്റ് ക്ലബ്ബില്‍ ഡ്രാഗ് ക്വീനായ യുവാവ് തന്റെ ജോലി മാന്യമാണെന്ന് ഭാര്യയെ വിശ്വസിപ്പിക്കാന്‍ നടത്തുന്ന ശ്രമം പ്രമേയമാക്കിയ സൗത്ത് ആഫ്രിക്കന്‍ ചിത്രം സ്റ്റാന്‍ഡ് ഔട്ട്, ഇരട്ട സഹോദരന്മാരായ ബഹിരാകാശ യാത്രികരിലൊരാളുടെ ജീവിതത്തിലെ വിചിത്രസംഭവങ്ങള്‍ ചിത്രീകരിച്ച ഫ്രഞ്ച് ചിത്രം ട്രോപ്പിക്, സൈക്കോളജിക്കല്‍ ത്രില്ലര്‍ ബറീഡ്, മിയ ഹാന്‍സെന്‍ ലൗ ചിത്രം വണ്‍ ഫൈന്‍ മോര്‍ണിംഗ് തുടങ്ങിയ 20 ചിത്രങ്ങളാണ് ചൊവ്വാഴ്ച ലോകസിനിമാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് .

ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് നേടിയ ബേലാ താറിന്റെ വെര്‍ക്‌മെയ്സ്റ്റര്‍ ഹാര്‍മണീസ്, ജോണി ബെസ്റ്റ്  തത്സമയ സംഗീതമൊരുക്കുന്ന ഫാന്റം ക്യാരിയേജ് , സെര്‍ബിയന്‍ ചിത്രം ഫാദര്‍ എന്നിവയുടെ പ്രദര്‍ശനവും നാളെ നടക്കും.

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത വഴക്ക്, നന്‍പകല്‍ നേരത്തു മയക്കം എന്നീ ചിത്രങ്ങളുടെ രണ്ടാമത്തെ പ്രദര്‍ശനം ഉള്‍പ്പെടെ പത്തു മലയാള ചിത്രങ്ങളാണ് നാളെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് . ഫ്രീഡം ഫൈറ്റ്, പട, നോര്‍മല്‍ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍. അന്തരിച്ച എഴുത്തുകാരന്‍ ടി പി രാജീവന് പ്രണാമം അര്‍പ്പിച്ചു കൊണ്ട് ഹോമേജ് വിഭാഗത്തില്‍  പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥയുടെ പ്രദര്‍ശനവും നാളെ ഉണ്ടാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates