സിപിഐയെ പുകഴ്ത്തി കെപിഎ മജീദ്; എൽഡിഎഫിലെ അവഗണനയാണ് ചൂണ്ടിക്കാട്ടിയതെന്ന് കുഞ്ഞാലിക്കുട്ടിയും സലാമും
'സിപിഎമ്മിന്റെ വലയിൽപ്പെട്ട് സിപിഐ കോലായിലേക്ക് തള്ളപ്പെട്ടു'; അച്യുതമേനോൻ ഭരണകാലത്തെ ഓർമ്മിപ്പിച്ച് ലീഗ് മുഖപത്രത്തിൽ ലേഖനം

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലി എൽഡിഎഫിൽ സിപിഐ - സിപിഎം തർക്കം രൂക്ഷമായി തുടരുന്നതിനിടെ, സിപിഐയെ പ്രകീർത്തിച്ചുകൊണ്ട് മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെപിഎ. മജീദ് എഴുതിയ ലേഖനം സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് തിരികൊളുത്തി. മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയിലാണ് സിപിഎമ്മിന്റെ വല്യേട്ടൻ മനോഭാവത്തെ രൂക്ഷമായി വിമർശിച്ചും സിപിഐയുടെ പാരമ്പര്യത്തെ പുകഴ്ത്തിയും കെപിഎ മജീദ് ലേഖനമെഴുതിയത്. ലേഖനം പുറത്തുവന്നതിന് പിന്നാലെ സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിക്കുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതോടെ, അത്തരമൊരു ക്ഷണം നടത്തിയിട്ടില്ലെന്ന വിശദീകരണവുമായി മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പികെ കുഞ്ഞാലിക്കുട്ടിയും സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമും രംഗത്തെത്തി.
കേരള രാഷ്ട്രീയത്തെക്കുറിച്ച് സാമാന്യ ധാരണയുള്ള ആരും തന്നെ സിപിഐ നേതാക്കൾ വെറും ഭൃത്യന്മാരാണെന്നോ സിപിഎമ്മിന്റെ ശാസനകൾ അന്ധമായി അനുസരിക്കുന്നവരാണെന്നോ കരുതുന്നില്ലെന്ന് കെപിഎ മജീദ് ലേഖനത്തിൽ വ്യക്തമാക്കുന്നു. ജയപരാജയങ്ങൾക്കപ്പുറം ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ സിപിഐക്ക് തനതായ വ്യക്തിത്വമുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്ന ശേഷം സിപിഎം ഇല്ലാതെ തന്നെ പതിറ്റാണ്ടുകളോളം മുഖ്യമന്ത്രി പദം ഉൾപ്പെടെ വഹിച്ച് സിപിഐ അധികാരത്തിൽ തുടർന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സിപിഎമ്മിന്റെ വലയിൽ വീണതോടെയാണ് സിപിഐ ഇന്ന് കോലായിലേക്ക് തള്ളപ്പെട്ടത്. കോൺഗ്രസും സിപിഐയും മുസ്ലിം ലീഗും ഒന്നിച്ച് ഭരിച്ച സി. അച്യുതമേനോൻ സർക്കാരിന്റെ കാലത്താണ് കേരളത്തിന്റെ വികസന അടിത്തറ പാകിയതും വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ പ്രസിദ്ധമായ 'കേരള മോഡൽ' രൂപപ്പെട്ടതും. സിപിഎം മാത്രമാണ് ഈ യാഥാർത്ഥ്യത്തെ അവഗണിക്കുന്നത്.
തുടർന്ന് ആ രാഷ്ട്രീയ സമവാക്യത്തിൽ നിന്ന് മാറി സിപിഐ സിപിഐഎമ്മിനൊപ്പം ചേർന്നപ്പോഴും ഇരുപാർട്ടികളും പരസ്പരം ആത്മാഭിമാനത്തെ ചോദ്യം ചെയ്യാത്ത രീതിയിലുള്ള ആരോഗ്യകരമായ വിമർശനങ്ങളായിരുന്നു നടത്തിയിരുന്നത്. മുഖ്യമന്ത്രി വിഡി സതീശൻ സർക്കാരിന്റെ നൂറുദിന ഭരണം തന്നെ കേരളത്തിലെ യഥാർത്ഥ ഇടതുപക്ഷം യുഡിഎഫ് ആണെന്ന് തെളിയിച്ചുകഴിഞ്ഞു. എൽഡിഎഫ് എന്ന ലേബൽ ഒട്ടിച്ചതുകൊണ്ട് മാത്രം ആരും ഇടതുപക്ഷമാവില്ലെന്ന് മനസ്സിലാക്കാൻ സിപിഐക്കെങ്കിലും സാധിക്കുമെന്നും മജീദ് കുറിച്ചു.
മജീദിന്റെ ലേഖനം സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിക്കുന്നതല്ലെന്ന് പിഎംഎ സലാം മലപ്പുറത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി. എൽഡിഎഫിൽ സിപിഐ നേരിടുന്ന അവഗണന ചൂണ്ടിക്കാണിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. സിപിഐ എൽഡിഎഫ് വിടാൻ തീരുമാനിച്ചാൽ മാത്രമേ മുന്നണി മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് പ്രസക്തിയുള്ളൂ. മുന്നണി വിട്ട് യുഡിഎഫുമായി സഹകരിക്കാൻ അവർ തയ്യാറായാൽ മാത്രമേ അത്തരം ആലോചനകൾ നടക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയത്തെ ലഘൂകരിച്ചുകൊണ്ട് പികെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. ഒരു അക്കാദമിക് കാഴ്ചപ്പാടിലാണ് മജീദ് കാര്യങ്ങൾ വിശകലനം ചെയ്തതെന്നും അദ്ദേഹം വിഷയം തുറന്നിടുക മാത്രമാണ് ചെയ്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസും സിപിഐയും മുസ്ലിം ലീഗും ഒന്നിച്ചുനിന്ന കാലഘട്ടം കേരളത്തിന് മികച്ച ഭരണകാലമായിരുന്നു. മുന്നണി മാറ്റം ഏകപക്ഷീയമായി തീരുമാനിക്കേണ്ട ഒന്നല്ലെന്നും സിപിഐ തന്നെയാണ് ഇതിൽ സ്വയം തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
An article by Indian Union Muslim League (IUML) national vice president K.P.A. Majeed praising the CPI amid its ongoing rift with the CPI(M) over the Deputy Leader of the Opposition post in the Kerala Assembly has triggered intense political debates in the state.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News
അടൂർ പ്രകാശിന്റെ അതൃപ്തി തള്ളി മുസ്ലിം ലീഗ്: യുഡിഎഫിൽ അനൈക്യമില്ല; പദവികൾ നൽകിയത് ഉഭയകക്ഷി ചർച്ചകളിലൂടെയെന്ന് സാദിഖലി ശിഹാബ് തങ്ങൾ

ഭരണപരിഷ്കാര കമ്മീഷനിലും കോണ്‍ഗ്രസ് അവകാശവാദം, എതിര്‍ത്ത് ലീഗ്; വെട്ടിലായി മുഖ്യമന്ത്രി





