മലേഷ്യന്‍ പ്രധാനമന്ത്രി നാളെ കോഴിക്കോട്ട്, മര്‍കസും മടവൂരും സന്ദര്‍ശിക്കും; നഗരത്തില്‍ വന്‍സുരക്ഷ, ഗതാഗത നിയന്ത്രണം

എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ നേരത്തെ പുറപ്പെടണമെന്ന് അധികൃതര്‍

kanthapuram with malaysia president
കാന്തപുരം മലേഷ്യന്‍ പ്രധാനമന്ത്രിക്കൊപ്പം. മുന്‍പ് നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രംFile Photo
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :12 സെപ്റ്റംബർ 2026, 6:10 pm IST

കോഴിക്കോട്: മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം ഞായറാഴ്ച കോഴിക്കോട് എത്തുന്നതോടനുബന്ധിച്ച് നഗരത്തിലും പരിസരപ്രദേശങ്ങളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവര്‍ക്ക് നല്‍കുന്നതിന് സമാനമായ സുരക്ഷാക്രമീകരണങ്ങളാണ് മലേഷ്യന്‍ പ്രധാനമന്ത്രിക്കായി ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്റലിജന്‍സ് എഡിജിപി ദിനേന്ദ്ര കശ്യപ് കോഴിക്കോട്ടെത്തി സുരക്ഷാ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ലോഡ്ജുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും തിങ്കളാഴ്ച രാത്രിവരെ പൊലീസിന്റെ കര്‍ശന പരിശോധനയുണ്ടാകും.

ഞായറാഴ്ച വൈകീട്ട് 6.30ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന അന്‍വര്‍ ഇബ്രാഹിം, രാത്രി 7.30 മുതല്‍ 9.30 വരെ മര്‍കസില്‍ സന്ദര്‍ശനം നടത്തും. ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ 'എക്സലന്‍സ് അവാര്‍ഡ്' മര്‍കസില്‍ നടക്കുന്ന ചടങ്ങില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ അദ്ദേഹത്തിന് സമ്മാനിക്കും. തുടര്‍ന്ന് മടവൂര്‍ സിഎം മഖാമിലെത്തുന്ന അദ്ദേഹം അവിടെ 20 മിനിറ്റ് ചെലവഴിച്ച ശേഷം രാത്രി പത്തോടെ താമസസ്ഥലത്തേക്ക് മടങ്ങും.

കോഴിക്കോട്ട് ഞായറാഴ്ച വൈകിട്ട് 5 മണി മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ട്രാഫിക് പൊലീസ് അറിയിച്ചു. വൈദ്യരങ്ങാടി, രാമനാട്ടുകര മുതല്‍ മലാപ്പറമ്പ് വരെയും, മലാപ്പറമ്പ് മുതല്‍ കുന്ദമംഗലം - മടവൂര്‍ വരെയുള്ള പാതകളിലും വൈകിട്ട് 5 മണി മുതല്‍ പൂര്‍ണ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. വിവിഐപി. വാഹനവ്യൂഹം കടന്നുപോകുന്ന സമയത്ത് ഈ റൂട്ടുകളില്‍ ഗതാഗതം പൂര്‍ണമായി തടയും. കൂടാതെ മലാപ്പറമ്പ് മുതല്‍ കുന്ദമംഗലം - മടവൂര്‍ വരെയുള്ള റോഡുകളില്‍ വാഹന പാര്‍ക്കിങ്ങും അനുവദിക്കില്ല. എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ തടസ്സങ്ങള്‍ ഒഴിവാക്കാനായി നേരത്തെ പുറപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

വാഹനങ്ങള്‍ക്ക് ബദല്‍ റൂട്ടുകള്‍

  • വയനാട് ഭാഗത്തുനിന്ന് വരുന്നവ: താമരശ്ശേരി, ബാലുശ്ശേരി, നന്മണ്ട, എരഞ്ഞിപ്പാലം വഴി കോഴിക്കോട് സിറ്റിയിലേക്ക് പ്രവേശിക്കുക.

  • കൊടുവള്ളി ഭാഗത്തുനിന്ന് വരുന്നവ: പടനിലം - കളരിക്കണ്ടി - വരട്ട്യാക്ക് - പെരിങ്ങളം വഴി പോകുക.

  • മുക്കം ഭാഗത്തുനിന്ന് വരുന്നവ: ചെത്തുകടവ് - പെരിങ്ങളം വഴി സഞ്ചരിക്കുക.

  • കണ്ണൂര്‍ ഭാഗത്തുനിന്ന് വരുന്നവ: എലത്തൂര്‍ - പാവങ്ങാട് - നടക്കാവ് വഴി സിറ്റിയിലേക്ക് പ്രവേശിക്കുക.

  • യൂണിവേഴ്സിറ്റി ഭാഗത്തുനിന്ന് വരുന്നവ: ഇടിമൂഴിക്കല്‍ - രാമനാട്ടുകര - ഫറോക്ക് - ചെറുവണ്ണൂര്‍ വഴി കോഴിക്കോട്ടേക്ക് എത്തുക.

  • സിറ്റി ഭാഗത്തുനിന്ന് കുന്ദമംഗലം ഭാഗത്തേക്ക് പോകുന്നവ: മെഡിക്കല്‍ കോളജ് - മുണ്ടിക്കല്‍ താഴം - കോട്ടാംപറമ്പ് - മനത്താനത്ത് റോഡ് വഴി യാത്ര ചെയ്യുക.

  • മലാപ്പറമ്പ് ഭാഗത്തുനിന്ന് കുന്ദമംഗലം ഭാഗത്തേക്ക് പോകുന്നവ: പൂളക്കടവ് - ഇരിങ്ങാടന്‍ പള്ളി - മുണ്ടിക്കല്‍ താഴം - കോട്ടാംപറമ്പ് - മനത്താനത്ത് റോഡ് വഴി പോകുക.

News Now

Summary

Malaysian PM Anwar Ibrahim's Kozhikode Visit: Security and Traffic Restrictions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates