ഷര്‍ട്ട് വെട്ടിലാക്കി; സിനിമാ സ്‌റ്റൈലില്‍ കൊച്ചിയിലെ ബാറില്‍ നിന്ന് 10 ലക്ഷം മോഷ്ടിച്ചു; യുവാവ് പിടിയില്‍

സിസിടിവി ക്യാമറയില്‍ സ്‌പ്രേ പെയിന്റ് അടിച്ച ശേഷമാണ് വെലോസിറ്റി ബാറിലെ മുന്‍ ജീവനക്കാരന്‍ വൈശാഖ് 10 ലക്ഷം കവര്‍ന്നത്.

Man arrested for stealing ₹10 lakh from a Kochi bar
അറസ്റ്റിലായ വൈശാഖ്‌
Last Updated :1 September 2025, 9:42 pm IST

കൊച്ചി: കൊച്ചിയിലെ ബാറില്‍ ബാറില്‍ സിനിമാ സ്‌റ്റൈല്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. സിസിടിവി ക്യാമറയില്‍ സ്‌പ്രേ പെയിന്റ് അടിച്ച ശേഷമാണ് വെലോസിറ്റി ബാറിലെ മുന്‍ ജീവനക്കാരന്‍ വൈശാഖ് 10 ലക്ഷം കവര്‍ന്നത്. ധരിച്ച ഷര്‍ട്ടിന്റെ അടയാളം പിന്തുടര്‍ന്നാണ് പ്രതിയെ കണ്ടെത്തിയത്. ഇയാളുടെ വീട്ടില്‍ നിന്ന് അഞ്ച് ലക്ഷം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

'ധൂം' എന്ന സിനിമയുടെ രീതിയിലായിരുന്നു ആലപ്പുഴ സ്വദേശിയായ യുവാവിന്റെ മോഷണം. ബാറില്‍ എവിടെയെല്ലാമാണ് കാമറയുള്ളത് എന്ന് വൈശാഖിന് അറിയാമായിരുന്നു. അങ്ങനെ മറ്റൊരു വശത്തുകൂടി വൈശാഖ് അകത്തുകയറി. തുടര്‍ന്ന് ദൃശ്യങ്ങള്‍ പതിയാതെയിരിക്കാന്‍ എല്ലാ സിസിടിവി കാമറകളിലും സ്‌പ്രേ പെയിന്റടിച്ചു. പിന്നീടാണ് മോഷണം നടത്തിയത്.

മിക്ക സിസിടിവികളിലെയും ദൃശ്യങ്ങള്‍ മറച്ചതോടെ മോഷ്ടാവിനെ കണ്ടെത്തുന്നത് പൊലീസിന് പ്രയാസമായി. ലഭ്യമായ ദൃശ്യങ്ങള്‍ പരിശോധിച്ച് സംശയം തോന്നിയവരുടെ ചിത്രങ്ങള്‍ എടുത്തു. ഇതില്‍ വൈശാഖിന്റെ മുഖം പതിയാത്ത ചിത്രവും ഉണ്ടായിരുന്നു.തുടര്‍ന്ന്, മോഷ്ടാവ് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ വച്ച് ആളെ തിരിച്ചറിയാനായി ശ്രമം. സംശയിക്കപ്പെടുന്നവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളും പൊലീസ് പരിശോധിച്ചു.

ബാറില്‍ നിന്നു പറഞ്ഞുവിട്ടയാള്‍ എന്ന നിലയില്‍ വൈശാഖിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും പൊലീസ് പരിശോധിച്ചിരുന്നു. ഇതില്‍ നിന്നാണ് മോഷണ സമയത്ത് ധരിച്ചിരുന്നതിനു സമാനമായ ഉടുപ്പ് ധരിച്ച വൈശാഖിന്റെ ചിത്രം കണ്ടെടുക്കുന്നതും പ്രതിയിലേക്ക് പൊലീസ് എത്തുന്നതും. നാലര ലക്ഷത്തോളം രൂപ ഇയാള്‍ ചെലവഴിച്ചു എന്നാണ് പൊലീസ് പറയുന്നത്.

News Now

Summary

Man arrested for stealing ₹10 lakh from a Kochi bar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates