തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്ത്; അമ്മയും മകനും അടക്കം നാലുപേർ അറസ്റ്റിൽ

പൊലീസിനെ കബളിപ്പിക്കാന്‍ എട്ടു വയസ്സുള്ള കുട്ടിയേയും ഇവര്‍ കടത്തിനായി ഉപയോഗിച്ചിരുന്നു

MDMA Arrest
എംഡിഎംഎ കടത്തിയതിന് പിടിയിലായവർ
Edited by :Jayakumar
Last Updated :19 ഓഗസ്റ്റ് 2026, 12:58 pm IST

തിരുവനന്തപുരം: തുണിക്കച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് കടത്ത് നടത്തിയ അമ്മയും മകനും അടക്കം നാലുപേർ പിടിയിൽ. തിരുവനന്തപുരം ഈഞ്ചക്കൽ സ്വദേശികളായ കിരൺ, അമ്മ ബീന, കിരണിന്റെ സുഹൃത്തുക്കളായ സന്ധ്യ, അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 125 ഗ്രാം എംഡിഎംഎയും കടത്താൻ ഉപയോഗിച്ച കാറും എക്‌സൈസ് പിടിച്ചെടുത്തു.

നെയ്യാറ്റിന്‍കരയിലെ ആറാലുംമൂട്ടില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ വാഹനപരിശോധനയിലാണ് ഇവർ കുടുങ്ങിയത്. മഹീന്ദ്രാ സൈലോ വാഹനത്തില്‍ ബെംഗളൂരുവില്‍ നിന്നുമായിരുന്നു ഇവര്‍ സിന്തറ്റിക് ഡ്രഗ്ഗുകള്‍ കടത്തിയിരുന്നത്. തുണിക്കച്ചവടമാണ് എന്ന് തോന്നിക്കുന്ന നിലയിൽ കുറച്ചു വസ്ത്രങ്ങൾ വാങ്ങി വാഹനത്തിൽ സൂക്ഷിച്ച ശേഷമാണ് ലഹരി കടത്തിയിരുന്നത്. സ്റ്റീരിയോ സിസ്റ്റത്തിനുള്ളിലാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് ആണ് സംഘത്തെ പിടികൂടിയത്. ഈഞ്ചക്കൽ കേന്ദ്രീകരിച്ച് ‘ഹോം ഗാർമെന്റ്‌സ്’ എന്ന പേരിൽ തുണിക്കച്ചവടം നടത്തുന്നതിന്റെ മറവിലാണ് ഇവർ ലഹരി വിൽപന നടത്തിയിരുന്നത്. പൊലീസിന് സംശയം തോന്നാതിരിക്കാനായി എട്ടു വയസ്സുള്ള മകളെയും, വനിതാ സുഹൃത്ത് തമിഴ്‌നാട് തിരുനെൽവേലി സ്വദേശിനി സന്ധ്യയെയും കിരൺ കൂടെ കൂട്ടിയിരുന്നു.

ബന്ധുക്കളെ വിളിച്ചു വരുത്തി എക്സൈസ് ഉദ്യോ​ഗസ്ഥർ കുട്ടിയെ എൽപ്പിച്ചു. കിരണിന്റെ ഭാര്യ വേർപിരി‍ഞ്ഞ് താമസിക്കുകയാണ്. കിരണിന്റെ അമ്മ ബീനയുടെ ഫോൺ വഴിയാണ് ലഹരിക്കച്ചവടം നടത്തിയിരുന്നതെന്ന് എക്സൈസ് സൂചിപ്പിച്ചു. ഇവർ സഞ്ചരിച്ച മഹീന്ദ്ര സൈലോ കാർ എക്സൈസ് പിടിച്ചെടുത്തു. പ്രതികൾക്കു ബെംഗളൂരുവിലെ ലഹരിമാഫിയയുമായുള്ള ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരുന്നതായി എക്‌സൈസ് അധികൃതർ അറിയിച്ചു.

News Now

Summary

MDMA smuggling : Four people, including a mother and son arrested in Trivandrum

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates