മോഫിയ പര്‍വീണിന്റെ മരണം: ആരോപണ വിധേയനായ ആലുവ സിഐയെ സ്ഥലംമാറ്റി

നിയമ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ഡിജിപി എറണാകുളം റേഞ്ച് ഡിഐജിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു 

ആലുവ സി ഐ സുധീര്‍ / ഫയല്‍
Last Updated :20 January 2024, 8:51 am IST

കൊച്ചി: ആലുവയില്‍ നിയമവിദ്യാര്‍ത്ഥിനി ജീവനൊടുക്കാനിടയായ സംഭവത്തില്‍ ആരോപണ വിധേയനായ സി ഐ സുധീറിനെ സ്ഥലം മാറ്റി. പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്. വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് ഡിവൈഎസ്പി അറിയിച്ചു. എന്നാല്‍ സിഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് മരിച്ച മോഫിയ പര്‍വീണിന്റെ ബന്ധുക്കളും സമരക്കാരും ആവശ്യപ്പെട്ടു. 

സിഐക്കെതിരെ വ്യാപക പ്രതിഷേധം
 

മോഫിയ പര്‍വീണ്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സിഐ സി എല്‍ സുധീറിനെതിരെ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. സിഐക്കെതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും യുഡിഎഫും സമരം ശക്തമാക്കി. ആലുവ പൊലീസ് സ്‌റ്റേഷന്റെ മുന്നില്‍ സ്ഥലം എംഎല്‍എ അന്‍വര്‍ സാദത്തും ബെന്നി ബഹനാന്‍ എംപിയും കുത്തിയിരിപ്പ് സമരം നടത്തി. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും സമരത്തില്‍ പങ്കെടുത്തു. 

പൊലീസ് സ്‌റ്റേഷന്റെ പുറത്ത് കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. സമരം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ ടയര്‍ കത്തിച്ച് പ്രതിഷേധിച്ചു. ആരോപണ വിധേയനായ സിഐക്കെതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് മഹിളാമോര്‍ച്ച പ്രവര്‍ത്തകരും റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തി. 

ഡിഐജിയെ സമരക്കാര്‍ തടഞ്ഞു

ഇതിനിടെ, പൊലീസ് സ്‌റ്റേഷനിലേക്ക് എത്തിയ എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാര്‍ ഗുപ്തയെ സമരക്കാര്‍ തടഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഡിഐജിയെ തടഞ്ഞത്. വാഹനത്തിന്റെ ആന്റിന പ്രവര്‍ത്തകര്‍ ഒടിച്ചെടുത്തു. 

ഗാര്‍ഹിക പീഡന പരാതിയില്‍ ചര്‍ച്ചയ്ക്ക് വിളിച്ച സിഐ അവഹേളിച്ചെന്നും, ചീത്ത വിളിച്ചെന്നും ആത്മഹത്യാക്കുറിപ്പില്‍ എഴുതിവെച്ചിട്ടാണ് നിയമവിദ്യാര്‍ത്ഥിനിയായ മോഫിയ പര്‍വീണ്‍ ജീവനൊടുക്കിയത്. പൊലീസില്‍ നിന്ന് നീതി കിട്ടില്ലെന്നും യുവതി പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ, ഗാര്‍ഹിക പീഡനപരാതിയിന്മേല്‍ ഭര്‍ത്താവ് സൂഹൈല്‍, ഇയാളുടെ മാതാപിതാക്കള്‍ എന്നിവരെ പൊലീസ് രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു. 
 

Related Article

ഡിഐജിയുടെ വാഹനം തടഞ്ഞു, കാറിന്റെ ആന്റിന ഒടിച്ചെടുത്തു; ആലുവ സിഐക്കെതിരെ വ്യാപക പ്രതിഷേധം ( വീഡിയോ)

സിഐയെ ചുമതലകളില്‍ നിന്ന് മാറ്റിയിട്ടില്ല; അന്വേഷണം നടക്കുന്നുവെന്ന് എസ്പി കാര്‍ത്തിക് ; ഡിജിപി റിപ്പോര്‍ട്ട് തേടി

ചുമതലകളില്‍ നിന്ന് നീക്കിയില്ല, ആലുവ സിഐ ഇന്നും സ്റ്റേഷനില്‍; പ്രതിഷേധവുമായി എംഎല്‍എയും എംപിയും, സ്റ്റേഷനു മുന്നില്‍ സമരം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now